ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനു 29 വർഷം മുൻപത്തെ കസ്റ്റഡിമരണക്കേസിൽ ജീവപര്യന്തം ശിക്ഷ.

1989ൽ ജാംനഗർ എഎസ്പിയായിരിക്കെ, കസ്റ്റഡിയിലെടുത്തു വിട്ടയച്ചവരിൽ ഒരാൾ പിറ്റേന്നു മരിച്ച കേസിലാണു വിധി. 1996 ൽ ബനാസ്കാന്തയിൽ എസ്പിയായിരുന്നപ്പോൾ ഒരു അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ജയിലിൽ കഴിയുകയാണു ഭട്ട് (55). 

ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പു പ്രകാരം ഭട്ടും കോൺസ്റ്റബിൾ പ്രവീൺ ഝാലയും കുറ്റക്കാരാണെന്നു ജാംനഗർ ജില്ലാ ജഡ്ജി ഡി.എം.വ്യാസ് കണ്ടെത്തി. ഇരുവർക്കും ജീവപര്യന്തം വിധിച്ച കോടതി മറ്റ് 5 പ്രതികൾക്കു 2 വർഷം തടവു വിധിച്ചു. 

കസ്റ്റഡി മരണം

എൽ.കെ. അഡ്വാനിയുടെ രഥയാത്രയെ തുടർന്നു 1990 ൽ ജാംനഗർ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തോട് അനുബന്ധിച്ചു നൂറ്റമ്പതോളം പേരെ പിടികൂടാൻ ഭട്ട് ഉത്തരവിട്ടിരുന്നു,കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചെങ്കിലും അതിലൊരാളായിരുന്ന പ്രഭുദാസ് വൈഷ്ണാണി പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു

. ഭട്ടിന്റെയും പ്രവീൺ ‍ഝാലയുടെയും നേതൃത്വത്തിലുള്ള കസ്റ്റഡി പീഡനത്തെ തുടർന്നാണു മരണമെന്നാരോപിച്ചു പ്രഭുദാസിന്റെ സഹോദരൻ അന്നു നൽകിയ കേസിലാണ് ഇപ്പോൾ വിധി. 

ബിജെപിക്ക്  കരട്

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയതോടെയാണു സഞ്ജീവ് ഭട്ട് വിവാദപുരുഷനാവുന്നത്. കലാപത്തിന് മോദി ഒത്താശ ചെയ്തെന്ന് 2011ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

മുസ്‍ലിംകൾക്കെതിരെ ആക്രമണത്തിന് അനുവദിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി ആവശ്യപ്പെട്ടുവെന്ന ആരോപണമാണു ഭട്ട് ഉന്നയിച്ചത്. യോഗത്തിൽ താനും പങ്കെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ, ഭട്ട് യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നു സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘം പിന്നീടു കണ്ടെത്തി. ജോലിയിൽ ഹാജരായില്ലെന്ന കാരണത്തിൽ 2011 ൽ സസ്പെൻഡ് ചെയ്യപ്പെട്ട ഭട്ടിനെ 2015 ൽ കേന്ദ്രം പുറത്താക്കി. 

English Summary: Former IPS officer and Modi critic Sanjiv Bhatt gets life term in 1989 custodial death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com