ADVERTISEMENT

ബെംഗളൂരു ∙ രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതർ സുപ്രീംകോടതിയെ സമീപിക്കുകയും 2 കോൺഗ്രസ് എംഎൽഎമാർ കൂടി രാജി വയ്ക്കുകയും ചെയ്തതോടെ കർണാടകയിൽ രാഷ്ട്രീയപ്രതിസന്ധി രൂക്ഷം.

അതിനിടെ, വിമത എംഎൽഎമാരെ കാണാൻ മുംബൈയിലെത്തിയ കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാർ, മിലിന്ദ് ദേവ്‌റ എന്നിവരെ പൊലീസ് ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുത്തതു നാടകീയരംഗങ്ങൾക്കിടയാക്കി.

രാജിവയ്ക്കാൻ കർണാടക സെക്രട്ടേറിയറ്റിലെത്തിയ ചിക്കബെല്ലാപുര എംഎൽഎ കെ.സുധാകറിനെ കോൺഗ്രസ് പ്രവർത്തകർ മുറിയിൽ പൂട്ടിയിട്ടതും സംഘർഷത്തിനു വഴിവച്ചു. തുടർന്ന്, ഗവർണറുടെ നിർദേശപ്രകാരം സുധാകറിനെ പൊലീസ് അകമ്പടിയോടെ രാജ്ഭവനിൽ എത്തിച്ചു.

വിമതരെ അനുനയിപ്പിക്കാൻ കഴിഞ്ഞദിവസം മന്ത്രിസ്ഥാനം രാജിവച്ച എം.ടി.ബി.നാഗരാജും ഇന്നലെ രാജി നൽകിയതോടെ വിമതർ 16 ആയി; കോൺഗ്രസ് – 13, ദൾ – 3. ഇതോടെ, 225 അംഗ സഭയിൽ കോൺഗ്രസ് – ദൾ സർക്കാരിന്റെ അംഗബലം 101 ആയി കുറഞ്ഞു. 107 പേരാണ് ബിജെപി പക്ഷത്ത്. 

രാജി അംഗീകരിക്കാൻ സ്പീക്കറോടു നിർദേശിക്കുന്നതിനൊപ്പം തങ്ങളെ അയോഗ്യരാക്കാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ടാണ്, മുംബൈയിൽ തങ്ങുന്ന 10 വിമത എംഎൽഎമാർ (കോൺഗ്രസ് – 7, ദൾ –3) സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ഇത് അടിയന്തരമായി ഇന്നു പരിഗണിക്കണമോയെന്നു പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അതേസമയം, രാജി സ്വീകരിക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടു ബിജെപി ഗവർണറെ കണ്ടു. 

മുംൈബയിൽ ശിവകുമാറും സംഘവും അറസ്റ്റിലായതിനു പിന്നാലെ, കർണാടകയിൽ രാജ്ഭവൻ മാർച്ച് നടത്തിയ ഗുലാംനബി ആസാദ്, കെ.സി.വേണുഗോപാൽ, കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു; പിന്നീട് വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com