ADVERTISEMENT

പനജി ∙ കർണാടകയ്ക്കു പിന്നാലെ ഗോവയിലും കോൺഗ്രസിനു വൻ പ്രതിസന്ധി. നാൽപതംഗ നിയമസഭയിൽ കോൺഗ്രസിന് ആകെയുള്ള 15 എംഎ‌ൽഎ‌മാരിൽ 10 പേരും ബിജെപിയിലേക്കു കൂറുമാറി. 

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള എംഎൽഎമാരുടെ സംഘം പാർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ച് നിയമസഭാ സ്പീക്കർ രാജേഷ് പട്നേക്കറിനു കത്തു നൽകി. വൈകിട്ട് 7.30ന് ഇവരെത്തുമ്പോൾ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോയും നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നു. പാർട്ടിവിടാനുള്ള കാരണമെന്തെന്ന് ചന്ദ്രകാന്ത് വ്യക്തമാക്കിയിട്ടില്ല.

മൂന്നിൽ രണ്ടുപേർ മറുകണ്ടം ചാടിയതോടെ ഗോവയിൽ കോൺഗ്രസ് എംഎൽഎമാരുടെ അംഗസംഖ്യ അഞ്ചിലൊതുങ്ങി. 

17 അംഗങ്ങളുള്ള ബിജെപി, ഗോവ ഫോർവേഡ് പാർട്ടി (3) സ്വതന്ത്രർ (3), എൻസിപി (1),എംജിപി (1) എന്നിവയുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. 

മനോഹർ പരീക്കറുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായത്. 

‘ഗോ’, ‘വാ’

സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ നോക്കുകുത്തിയാക്കി, മറ്റൊരു പാർട്ടി സർക്കാർ രൂപീകരിച്ച് അധികാരത്തിലെത്തുന്ന രാഷ്ട്രീയക്കളിക്ക് ആദ്യം സാക്ഷ്യംവഹിച്ച സംസ്ഥാനമാണ് ഗോവ.

2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 40ൽ 17 സീറ്റുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 13 സീറ്റാണു ലഭിച്ചത്.

എന്നാൽ, കോൺഗ്രസ് സർക്കാർ രൂപീകരണത്തെക്കുറിച്ച് ആലോചിക്കും മുൻപ് ബിജെപി അവകാശമുന്നയിക്കുകയും സഖ്യകക്ഷികളെ കണ്ടെത്തി അധികാരം നേടുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com