ADVERTISEMENT

ബെംഗളൂരു/ഡൽഹി ∙ കോൺഗ്രസ് – ദൾ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും വിമതരുടെ കൂട്ട രാജിയിൽ തീരുമാനമാകും വരെ എടുത്തുചാടേണ്ടെന്ന തന്ത്രപരമായ നിലപാടിൽ കർണാടക ബിജെപി.

ഇന്നു നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്നും അടുത്ത നടപടി വിമതരുടെ ഹർജിയിലുള്ള സുപ്രീംകോടതി വിധിയനുസരിച്ചു തീരുമാനിക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ അറിയിച്ചു.

അതിനു മുൻപ് അവിശ്വാസ പ്രമേയം കൊണ്ടു വരാൻ നീക്കമില്ലെന്ന് മുതിർന്ന നേതാവ് ആർ.അശോക പറഞ്ഞു. കുമാരസ്വാമി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ‘ഓപ്പറേഷൻ താമര’ നീക്കങ്ങൾ പലവട്ടം നടത്തിയെങ്കിലും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇനി പഴുതടച്ചു നീങ്ങാനുള്ള ബിജെപി ശ്രമം. 

‘എങ്ങനെ തീരുമാനമെടുക്കണമെന്ന് കോടതിക്കു പറയാനാകില്ല ’

വിമതരുടെ ഹർജിയിൽ സുപ്രീംകോടതി നിർദേശം വന്നതിനു പിന്നാലെയാണു സ്പീക്കർ രമേഷ്കുമാർ ഹർജി നൽകിയത്. ഇന്നലെത്തന്നെ ഹർജി പരിഗണിക്കണമെന്ന് സ്പീക്കർക്കു വേണ്ടി അഭിഷേക് സിങ്‌വി വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല.

എംഎൽഎമാർ രാജിവച്ചാൽ രാജിക്കത്തിന്റെ സത്യാവസ്ഥയും രാജി സ്വമേധയാ ഉള്ളതാണോയെന്നും സ്പീക്കർ പരിശോധിക്കണമെന്നു ഭരണഘടനയുടെ 190(1)(ബി) വകുപ്പു വ്യക്തമാക്കുന്നു.

അതിനാൽ, എങ്ങനെ തീരുമാനമെടുക്കണമെന്നു തന്നോടു നിർദേശിക്കാൻ കോടതിക്കാവില്ലെന്നും ഏതാനും എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടി തന്റെ പരിഗണനയിലാണെന്നും ഹർജിയിൽ സ്പീക്കർ വ്യക്തമാക്കി. 

എന്നാൽ, എംഎൽഎമാർ രാജി താൽപര്യം വ്യക്തമാക്കിയാൽ അതു പരിഗണിച്ച് തീരുമാനമെടുക്കാനുള്ള സമയപരിധി മാത്രമാണു കോടതി നിർദേശിച്ചിട്ടുള്ളതെന്ന് നിയമ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com