sections
MORE

കർണാടക നിയമസഭാ സമ്മേളനം: പങ്കെടുക്കണമെന്ന് വിമതർക്ക് അടക്കം കോൺഗ്രസ് വിപ്

SHARE

ബെംഗളൂരു ∙  ഇന്ന് ആരംഭിക്കുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 13 വിമതർ ഉൾപ്പെടെ എല്ലാവർക്കും കോൺഗ്രസ് വിപ് നൽകി.

വിപ് ലംഘിച്ചാൽ അയോഗ്യതാ നടപടികൾ ഉൾപ്പെടെ നേരിടേണ്ടിവരുമെന്നതിനാലാണ് അവസാന തുറുപ്പുചീട്ടെന്ന നിലയിൽ നിർണായക രാഷ്ട്രീയനീക്കം. 

അതേസമയം, ഫെബ്രുവരിയിൽ വിപ് ലംഘിച്ചതിനെ തുടർന്ന് നടപടിക്കു നിർദേശിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു.

ഇരുവരും രാജി സമർപ്പിച്ചിട്ടുണ്ട്. ദളിന്റെ 3 എംഎൽഎമാർ ഉൾപ്പെടെ 16 പേരാണ് ഇതുവരെ രാജിവച്ചത്. സുപ്രീംകോടതിയെ സമീപിച്ചത് ഇവരിൽ 10 പേർ.

 കനത്ത സുരക്ഷയിൽ വീണ്ടും രാജി 

ഹർജി നൽകിയ 10 വിമതരോട് സുപ്രീംകോടതി നിർദേശിച്ചത് ഇന്നലെ വൈകിട്ട് 6 നു മുൻപ് സ്പീക്കറുടെ മുൻപിൽ ഹാജരാകാൻ. ഇവർ രാജിയിൽ ഉറച്ചുനിന്നാൽ ഇന്നലെത്തന്നെ സ്പീക്കർ തീരുമാനമെടുക്കണമെന്നും അത് ഇന്നു കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.

എംഎൽഎമാർക്കു സുരക്ഷ ഉറപ്പാക്കണമെന്നു കർണാടക പൊലീസ് മേധാവിക്കും നിർദേശം. ഇതോടെ കർണാടക സെക്രട്ടേറിയറ്റും പരിസരവും കനത്ത കാവലിൽ. മുംബൈയിലെ ഹോട്ടലിൽ നിന്ന് എംഎൽഎമാർ വിമാനത്താവളത്തിലേക്കു പുറപ്പെട്ടതു പൊലീസ് അകമ്പടിയോടെ പലകാറുകളിൽ.

പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയതു മുതൽ വീണ്ടും പൊലീസ് അകമ്പടി. ഒന്നും എഴുതാത്ത ലെറ്റർപാഡുമായി സ്പീക്കർക്കു മുന്നിലെത്തിയ ഇവർ എങ്ങനെയാണോ വേണ്ടത് അതനുസരിച്ച് രാജി എഴുതിനൽകാമെന്നറിയിച്ചു. തുടർന്ന് ചട്ടപ്രകാരം രാജി സമർപ്പണം.

മുന്നിലും പിന്നിലും പൊലീസുമായി വിമതരിൽ ഒരാൾ സ്പീക്കറുടെ ചേംബറിലേക്ക് ഓടിയെത്തുകയായിരുന്നു. നടപടികളുടെയെല്ലാം വിഡിയോ ചിത്രീകരിച്ചതായും അതു സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നും സ്പീക്കർ അറിയിച്ചു. കാത്തുകിടന്ന വിമാനത്തിൽ വിമതർ രാത്രി തന്നെ തിരികെ മുംബൈ ഹോട്ടലിലേക്ക്.  

∙ വിമതർ സ്വമേധയാ ആണോ രാജി സമർപ്പിച്ചതെന്ന് ഭരണഘടനാപരമായി പരിശോധിക്കണം. ആരുടെയും പക്ഷം പിടിക്കില്ല. സ്പീക്കർ എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കുകയാണ്.

വിമതർ ഗവർണറെയും സുപ്രീംകോടതിയെയും സമീപിച്ചത് എന്തിനാണ്? എന്താണ് എന്നെ നേരിട്ടു സമീപിക്കാത്തത്? 3 പ്രവൃത്തിദിനങ്ങളേ കടന്നുപോയിട്ടുള്ളൂ.

സ്പീക്കർ കെ.ആർ.രമേഷ് കുമാർ 

∙ സർക്കാർ പ്രതിസന്ധി അതിജീവിക്കും. ബിജെപി അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ നേരിടും. മുഖ്യമന്ത്രിപദം രാജിവയ്ക്കില്ല. 

മുഖ്യമന്ത്രി കുമാരസ്വാമി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA