ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ രാഷ്ട്രീയത്തിൽ കൂറുമാറ്റവും കാലുമാറ്റവും കൂടുതൽ അംഗീകാരം നേടുന്നു എന്നാണ് കർണാടകയും ഗോവയും വ്യക്തമാക്കുന്നത്. കോൺഗ്രസ് മാത്രമല്ല, ആന്ധ്രാപ്രദേശിൽ തെലുഗുദേശവും ബംഗാളിൽ തൃണമൂൽ കോൺഗ്രസും കൂറുമാറ്റ ഭീഷണിയെ നേരിടുകയാണ്.

1985ൽ രാജീവ് ഗാന്ധി സർക്കാർ കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം 2003ൽ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും  ജനപ്രതിനിധികൾ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല.

ഒരു കക്ഷിയിലെ മൂന്നിൽ രണ്ടു പേർ കാലു മാറിയാൽ അതു കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത കൽപിക്കാൻ കാരണമാകുന്നില്ല എന്നു ഭേദഗതി കൊണ്ടു വന്നപ്പോൾ ഇത്രയും പേർ ഒരുമിച്ചു കാലുമാറില്ല എന്നാവാം നിയമം പാസാക്കിയവർ കരുതിയത്.

എന്നാൽ കൂട്ടത്തോടെയുള്ള കൂറുമാറ്റം അരുണാചൽ, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ, നാഗാലാൻഡ് എന്നിവിടങ്ങളിലുണ്ടായി. 

കോൺഗ്രസിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമം ബിജെപി മാത്രമല്ല നടത്തുന്നത്. തെലങ്കാനയിൽ 12 കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയത് തെലങ്കാന രാഷ്ട്രസമിതിയിലേക്കാണ്. തെലുഗുദേശം, തൃണമൂൽ കോൺഗ്രസ് എന്നിവയിൽനിന്നും ബിജെപിയിലേക്ക് കാലുമാറ്റം നടക്കുന്നുണ്ട്. 

കോൺഗ്രസിനുള്ള ഭരണമുള്ള 5 സംസ്ഥാനങ്ങളിൽ കർണാടക ഏതു നിമിഷവും നഷ്ടപ്പെടാം. മധ്യപ്രദേശിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. രാജസ്ഥാനിൽ പാർട്ടി ഗുരുതരമായ ആഭ്യന്തര കലഹങ്ങളിലാണ്. പഞ്ചാബ് മാത്രമാണു കോൺഗ്രസ് കാര്യമായ ഭീഷണിയെന്നും നേരിടാത്ത സംസ്ഥാനം. 

നയിക്കാൻ ഒരു പ്രസിഡന്റ് ഇല്ലാത്ത നിലയിൽ പെട്ടെന്ന് ഒരു തീരുമാനവും കൈക്കൊള്ളാൻ പാർട്ടിക്കു കഴിയുന്നില്ല. ഈ പശ്ചാത്തലത്തിൽ കോൺഗ്രസിന് അവരുടെ ജനപ്രതിനിധികളെ തടഞ്ഞു നിർത്താനുള്ള ആത്മവീര്യമോ സംഘടനാ സംവിധാനമോ  ഇല്ല. 

കൂറുമാറ്റവും കാലുമാറ്റവും പ്രോത്സാഹിപ്പിക്കുക വഴി രാഷ്ട്രീയത്തിലെ ധാർമികതയെ ബിജെപി ബലികഴിക്കുകയാണ് എന്നു കോൺഗ്രസ് കുറ്റപ്പെടുത്തുമ്പോൾ സ്വന്തം നേതാക്കൾ കൊഴിഞ്ഞു പോകുന്നതു തടയാൻ അവർക്കു കഴിയുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com