sections
MORE

വയനാട്ടിലെ കർഷക പ്രതിസന്ധി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ

Rahul Gandhi
SHARE

ന്യൂഡൽഹി ∙ വയനാട്ടിലെ കർഷക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ആരോപണത്തിന്റെ മുനയൊടിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരിട്ടിറങ്ങിയതോടെ കേരളത്തിലെ കർഷക വായ്പാ പ്രശ്നം ലോക്സഭയിൽ ചൂടുള്ള ചർച്ചയായി.

കേരള സർക്കാർ പ്രഖ്യാപിച്ച കർഷക വായ്പയ്ക്കുള്ള മൊറട്ടോറിയം ഉറപ്പാക്കാ‍ൻ ആർബിഐക്കു വേണ്ട നിർദേശം നൽകാൻ പോലും കേന്ദ്രം മടിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തൽ.

വയനാട്ടിലെ കർഷക ആത്മഹത്യയുടെയും ജപ്തി നോട്ടിസിന്റെയും കണക്കും രാഹുൽ ചൂണ്ടിക്കാട്ടി. പിന്നാലെ, വ്യവസായികൾക്കു നൽകിയ ഇളവുകൾ സൂചിപ്പിച്ചു രാഷ്ട്രീയ പരാമർശം കൂടി നടത്തിയതോടെ മറുപടിയുമായി ഭരണപക്ഷത്തു നിന്നു പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എഴുന്നേറ്റു.

കർഷക പ്രതിസന്ധികളുടെ ഉത്തരവാദിത്തം പതിറ്റാണ്ടുകൾ രാജ്യം ഭരിച്ചവർക്കാണെന്നായിരുന്നു രാജ്നാഥിന്റെ തിരിച്ചടി.

വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കർഷക വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നു രാഹുൽ ഉറപ്പു നൽകിയിരുന്നു.

ഇന്നലെ ശൂന്യവേളയിൽ അവസരം തേടിയവരിൽ, രാഹുലിനു മാത്രമാണ് വിഷയാവതരണത്തിനു സ്പീക്കർ ഓം ബിർല അനുമതി നൽകിയത്.

സ്വന്തം മണ്ഡലത്തിലെ കർഷകരുടെ പ്രശ്നത്തിലൂടെ, തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഉന്നയിച്ച ആരോപണം ആവർത്തിക്കുകയായിരുന്നു രാഹുൽ. വയനാടിനെക്കുറിച്ചു രാഹുൽ സംസാരിച്ചു തുടങ്ങുമ്പോഴുണ്ടായിരുന്ന നിശ്ശബ്ദത പതിയെ ഭരണപക്ഷത്തു നിന്നു ബഹളത്തിനിടയാക്കി. 

2014ൽ അധികാരത്തിലേറുമ്പോൾ നൽകിയ വാഗാദ്നങ്ങളെക്കുറിച്ചുള്ള പരാമർശത്തിനിടെ, ട്രഷറി ബെഞ്ചിലെ പിൻനിരയിലായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറുപടിയുമായി എഴുന്നേറ്റു.

സ്പീക്കർ വിലക്കി. സർക്കാർ വ്യവസായികളെയാണ് സഹായിക്കുന്നതെന്നു കൂടി രാഹുൽ പറഞ്ഞതോടെ ഭരണപക്ഷത്തു നിന്നു കൂടുതൽ പേർ എഴുന്നേറ്റു. പിന്നാലെ, രാജ്നാഥ് സിങ്ങിന്റെ മറുപടി വന്നു.

ദീർഘകാലത്തെ കോ‍ൺഗ്രസ് ഭരണമാണു കർഷകരുടെ ജീവിതം ദുരിത പൂർണമാക്കിയതെന്നായിരുന്നു രാജ്നാഥിന്റെ പ്രതികരണം.

കർഷകർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത അത്രയൊന്നും മറ്റൊരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. കർഷകർക്കു 6000 രൂപ നൽകുന്ന പദ്ധതി അവരുടെ വരുമാനം 20–25 % വർധിപ്പിക്കാൻ സഹായിക്കുമെന്നും രാജ്നാഥ് പറഞ്ഞു.

എങ്കിട്ടന്റെ കുടുംബത്തെ രാഹുൽ വിളിച്ചു

പുൽപള്ളി ∙ വയനാട്ടിലെ മരക്കടവിൽ ആത്മഹത്യ ചെയ്ത കർഷകൻ ചുളുഗോഡ് എങ്കിട്ടന്റെ കുടുംബത്തിനു വയനാട് എംപി രാഹുൽഗാന്ധിയുടെ അനുശോചന സന്ദേശം.

കർഷക ആത്മഹത്യയുടെ വിഷയം ലോക്സഭയിൽ ഉന്നയിച്ചുവെന്നും കുടുംബത്തോടൊപ്പമുണ്ടെന്നും രാഹുൽ എങ്കിട്ടന്റെ ഭാര്യ ജയമ്മയെ അറിയിച്ചു.

വയനാട്ടിലെത്തുമ്പോൾ നേരിൽകാണുമെന്നും പറഞ്ഞു. പഞ്ചായത്ത് അംഗം പി.എ. പ്രകാശന്റെ ഫോണിലൂടെയാണ് രാഹുൽ സംസാരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA