sections
MORE

പിഎഫ് പെൻഷൻ: അപ്പീൽ പരിഗണിക്കാതെ കോടതി

SHARE

ന്യൂഡൽഹി ∙ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നത് സംബന്ധിച്ച വിധിക്കെതിരെ തൊഴിൽ മന്ത്രാലയം നൽകിയ അപ്പീലിനെ അനുകൂലിക്കാതെ സുപ്രീം കോടതി. ഇതു സംബന്ധിച്ച അപ്പീൽ പരിഗണനയ്ക്കു വന്നപ്പോൾ, നേരത്തേ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നൽകിയ അപ്പീൽ തള്ളിയ കാര്യം കോടതി ഓർമിപ്പിച്ചു.

ഇപിഎഫ്ഒ നൽകിയ പുനഃപരിശോധനാ ഹർജിക്കൊപ്പം അപ്പീൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. ഉയർന്ന പെൻഷൻ നടപ്പാക്കുന്നത് 10 ലക്ഷം കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. 

എന്നാൽ, പുനഃപരിശോധനാ ഹർജി കഴിഞ്ഞ 10ന് പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയിലുണ്ടായിരുന്നു. അതിന്റെ ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. ഹർജി പരിഗണിച്ചുവെന്നും ഫലമെന്തെന്ന് അറിയില്ലെന്നും ഇപിഎഫ്ഒയുടെ ഒരു ട്രസ്റ്റി അംഗം ‘മനോരമ’യോടു പറഞ്ഞു. 

പുനഃപരിശോധനാ ഹർജി തള്ളിയാൽ തൊഴിൽ മന്ത്രാലയത്തിന്റെ അപ്പീലും അപ്രസക്തമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ഉയർന്ന പെൻഷൻ നൽകാൻ ഇപിഎഫ്ഒയും കേന്ദ്രവും തടസ്സം നിൽക്കുന്നത്. ഇക്കാര്യം പാർലമെന്റിൽ എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ചപ്പോഴും ഇതാണു മന്ത്രി സന്തോഷ് ഗാങ്‍വാറും പറഞ്ഞത്.  

പിഎഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒ നേരത്തേ അപ്പീൽ നൽകിയിരുന്നു. അതു സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതമടച്ച പിഎഫ് പെൻഷൻകാർക്ക് ആനുപാതികമായി പെൻഷന് അർഹതയുണ്ട്. സുപ്രീം കോടതി വിധിക്കെതിരെയാണ് പുനഃപരിശോധനാ ഹർജി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA