sections
MORE

അണിയറയിൽ ബദൽ നീക്കമോ; ഭരണപക്ഷ തന്ത്രം പിടികിട്ടാതെ ബിജെപി

BJP Flag
SHARE

ബെംഗളൂരു ∙ ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ കോൺഗ്രസ്- ദൾ പക്ഷത്ത് ഇല്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന ബിജെപിക്ക്, വിശ്വാസവോട്ടിന് തയാറാണെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം ദഹിച്ചിട്ടില്ല. സഭയിൽ നിന്ന് ഇറങ്ങിപ്പോയ ബിജെപി കർണാടക അധ്യക്ഷൻ യെഡിയൂരപ്പയുടെ ശരീരഭാഷയിൽ ആശങ്ക പ്രകടമായിരുന്നു. തങ്ങളുടെ ‘ഓപ്പറേഷൻ താമര’യ്ക്കു ബദലായി  ഭരണപക്ഷത്ത് നീക്കം നടക്കുന്നുണ്ടോ എന്നാണു ബിജെപി സംശയം. എംഎൽഎമാരെ ഉടൻ റിസോർട്ടിലേക്കു മാറ്റിയതും അതുകൊണ്ടുതന്നെ. 

അധികാരം നിലനിർത്താൻ ഭരണപക്ഷം ഇനി എന്തു തന്ത്രമാണ് പയറ്റുന്നത് എന്നതിനെക്കുറിച്ചു വ്യക്തതയില്ലാത്തതും ബിജെപിയെ കുഴക്കുന്നു. എംഎൽഎമാരെ വലയിലാക്കാൻ കോൺഗ്രസ് തന്ത്രം മെനയുന്നുണ്ടെന്ന് അവർ ദിവസങ്ങളായി ആരോപിക്കുന്നുണ്ട്. 

ഹർജി നൽകിയ 10 വിമതരുടെ രാജിക്കാര്യത്തിലാണ് തൽസ്ഥിതി നിലനിർത്താൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുള്ളത്. ഇവർ ഉൾപ്പെടെ രാജിവച്ച 16 പേരും നിലവിൽ എംഎൽഎമാരായി തുടരുന്നു. അതേസമയം, കോൺഗ്രസ് വിമതരിലെ പ്രമുഖരായ രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവർക്കെതിരെ അയോഗ്യതാ നടപടി തേടി ഫെബ്രുവരിയിൽ പാർട്ടി നൽകിയ പരാതി സ്പീക്കർക്കു  മുന്നിലുണ്ട്. ഇവർക്കെതിരെ സ്പീക്കർ  നടപടിയെടുക്കുമോ എന്നതും നിർണായകം.

വിമതരുടെ ഹർജി സുപ്രീം കോടതി 16ന് പരിഗണിക്കാനിരിക്കെ, ഇവരുടെ രാജിക്കാര്യത്തിൽ അന്നു വരെ സ്പീക്കർ നടപടിയെടുക്കാനിടയില്ല. 13 പേരാണ് ആദ്യഘട്ടത്തിൽ രാജിവച്ചത്. പിന്നീട് 3 പേർ കൂടി രാജി നൽകി. രാജിക്കത്തുകൾ ലഭിച്ചതിന്റെ മുറയ്ക്കാണു വിശദീകരണം കേൾക്കാനായി ഹിയറിങ്ങിന് സ്പീക്കർ സമയം നൽകിയിരിക്കുന്നത്. നടപടിക്കാര്യത്തിലും ഈ മുറ പാലിക്കും.

സുപ്രീംകോടതി ഇടപെടലിലൂടെ കിട്ടിയ സമയം പ്രയോജനപ്പെടുത്താനുള്ള ഊർജിത നീക്കങ്ങളിലാണു കോൺഗ്രസും ദളും. വിമതരിൽ ചിലരെ വിശ്വാസവോട്ടിനായി സഭയിൽ എത്തിക്കാനും ശ്രമിക്കുന്നു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത വിശ്വസ്തരായിരുന്ന രാമലിംഗ റെഡ്ഡി, ബയരതി ബസവരാജ്, എൻ.മുനിരത്ന, എസ്.ടി സോമശേഖർ തുടങ്ങിയവരെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷ ഇനിയും കോൺഗ്രസ് ക്യാംപ് കൈവിട്ടിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA