ADVERTISEMENT

ന്യൂഡൽഹി ∙ നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിൽ കേന്ദ്രസർക്കാരിന്റെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കു പോലും മുൻകൂർ അനുമതി കൂടാതെ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെ എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു. തീരുമാനം പിൻവലിക്കണമെന്ന് ഗിൽഡ് പ്രസിഡന്റ് ശേഖർ ഗുപ്ത, ജനറൽ സെക്രട്ടറി അശോക് ഭട്ടാചാര്യ എന്നിവർ ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർഥിച്ചു.

സർക്കാർ ഓഫിസുകളിൽ ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും മാധ്യമപ്രവർത്തകർ പെരുമാറണമെന്ന മന്ത്രാലയത്തിന്റെ നിർദേശത്തോട് വിയോജിപ്പില്ല. പക്ഷേ, ഇത്തരം പരാതികൾക്കു പരിഹാരം സമ്പൂർണ വിലക്കല്ല. സന്ദർശകമുറിയിലെ സൗകര്യവും ആതിഥേയത്വവും ആസ്വദിക്കാനല്ല മാധ്യമപ്രവർത്തകർ സർക്കാർ ഓഫിസുകളിൽ ചെല്ലുന്നത്. വാർത്താശേഖരണമെന്ന വെല്ലുവിളി നിറഞ്ഞ ജോലി ചെയ്യാനാണ്. 

ധന മന്ത്രാലയത്തിന്റെ ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടലാണ്. ആഗോളതലത്തിൽ ഇപ്പോൾ തന്നെ പിന്നിലായ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യ നിലയെ കൂടുതൽ താഴ്ത്താനേ ഇത് ഉപകരിക്കൂ. ധനമന്ത്രാലയത്തിന്റെ തീരുമാനം മറ്റു മന്ത്രാലയങ്ങളും പിന്തുടരാനുള്ള സാധ്യതയും അസ്വസ്ഥത സൃഷ്ടിക്കുന്നു. 

സർക്കാർ ഓഫിസുകളിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ അവരോടു ചർച്ച ചെയ്ത് സംവിധാനം നവീകരിക്കുകയാണു വേണ്ടതെന്നും എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com