ADVERTISEMENT

മിർസാപുർ/ ലക്നൗ ∙ ഉത്തർപ്രദേശ് പൊലീസ് മിർസാപുരിൽ തടഞ്ഞുവച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സോനാഭദ്രയിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ ബന്ധുക്കൾ ഗെസ്റ്റ് ഹൗസിലെത്തി സന്ദർശിച്ചു. സോനാഭദ്ര സന്ദർശിക്കാതെ മടങ്ങില്ലെന്നു പ്രഖ്യാപിച്ചു മിർസാപുരിൽ തങ്ങിയിരുന്ന പ്രിയങ്ക ‘ഞാൻ തിരിച്ചുവരും’ എന്ന പ്രഖ്യാപനത്തോടെ ഇന്നലെ ഡൽഹിയിലേക്കു മടങ്ങി.

കഴിഞ്ഞ ദിവസം പ്രിയങ്കയെ തടഞ്ഞുവച്ച യുപി പൊലീസ് മിർസാപുർ ഗെസ്റ്റ് ഹൗസിലാക്കിയിരുന്നു. സ്വന്തം ജാമ്യത്തിൽ മടങ്ങിപ്പോകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പ്രിയങ്ക വഴങ്ങിയില്ല.ഗെസ്റ്റ് ഹൗസിലേക്കുള്ള ജലവിതരണവും വൈദ്യുതിബന്ധവും അധികൃതർ തടസ്സപ്പെടുത്തിയെങ്കിലും രാത്രി അവിടെത്തന്നെ തുടരുകയായിരുന്നു.

70 കിലോമീറ്റർ അകലെയുള്ള സോനാഭദ്രയിൽ നിന്ന് 7 സ്ത്രീകളടക്കം 12 ഗ്രാമീണരാണ് ഇന്നലെ പ്രിയങ്കയെ കാണാനെത്തിയത്. അവരെ ആശ്വസിപ്പിച്ച പ്രിയങ്ക, അവർക്കു വേണ്ടി ജയിലിൽ പോകാൻ തയാറാണെന്നും പറഞ്ഞു.  

കൊല്ലപ്പെട്ട 10 പേരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ വീതം സഹായം നൽകണമെന്നും അതിവേഗക്കോടതിയിൽ വിചാരണ നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കൂട്ടക്കൊലയുടെ ഉത്തരവാദിത്തം യോഗി സർക്കാരിനാണെന്നും അത് നെഹ്റുവിന്റെ മേൽ ചാർത്താനാവില്ലെന്നും പറഞ്ഞു.

ഗോന്ദ് ഗോത്രവർഗക്കാരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണു കഴിഞ്ഞ ബുധനാഴ്ച ഗ്രാമ‌ മുഖ്യൻ യഗ്യ ദത്തും അനുയായികളും 10 ഗോത്രവർഗക്കാരെ വെടിവച്ചുവീഴ്ത്തിയത്. 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.     

ഇതിനിടെ, നിരോധനാജ്ഞ തുടരുന്ന സോനാഭദ്രയിലേക്കു പുറപ്പെട്ട തൃണമൂൽ കോൺഗ്രസ് സംഘത്തെ വാരാണസി വിമാനത്താവളത്തിൽ തടഞ്ഞതിനെ തുടർന്ന് അവർ അവിടെ ധർണ നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com