ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട (99 – 105) മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവച്ചു. കോൺഗ്രസ് – ദൾ സഖ്യത്തിലെ 15 എംഎൽഎമാർ രാജി നൽകിയതോടെ ആരംഭിച്ച രാഷ്ട്രീയനാടകത്തിനൊടുവിൽ ഇന്നലെ നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പും ശ്രദ്ധേയമായി.

പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നവരെയും ഓരോ വരിവീതമായി എഴുന്നേറ്റു നിർത്തി തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. സർക്കാരിന്റെ വീഴ്ചയ്ക്കു കളമൊരുക്കാൻ മുംബൈയിൽ തമ്പടിച്ച വിമതർ ഇന്നു മടങ്ങിയെത്തിയേക്കും. ഗവർണർ വാജുഭായി വാലയ്ക്കു കുമാരസ്വാമി രാജി നൽകിയതിനു പിന്നാലെ ബിജെപി നിയമസഭാകക്ഷിയോഗം ചേർന്ന് ബി.എസ്. യെഡിയൂരപ്പയെ സഭാനേതാവായി പ്രഖ്യാപിച്ചു. യെഡിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.

kumraswamy
വിശ്വാസ വോട്ടെടുപ്പിനിടെ എച്ച്.ഡി. കുമാരസ്വാമി

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കോൺഗ്രസ് അപ്രതീക്ഷിത നീക്കത്തിലൂടെ ജനതാദളുമായി (എസ്) സഖ്യമുണ്ടാക്കി ഭരണം പിടിക്കുകയായിരുന്നു. 

വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ ബി.എസ്. യെഡിയൂരപ്പ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ രണ്ടാം ദിവസം രാജിവയ്ക്കേണ്ടിവന്നു. തുടർന്നാണ് കുമാരസ്വാമി മുഖ്യമന്ത്രിയായത്. അന്നുമുതൽ പലവട്ടം ആടിയുലഞ്ഞ സർക്കാർ 14 മാസത്തിനു ശേഷം നിലംപതിച്ചു. ഇത്തവണ കൂട്ടരാജി നൽകിയ എംഎൽഎമാരെ തിരികെയെത്തിക്കാൻ കോൺഗ്രസും ദളും പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചർച്ച നീട്ടിയതിലൂടെ സാധ്യമായതൊക്കെ ചെയ്യാനുള്ള സമയം സ്പീക്കറും നൽകിയിരുന്നു. ഒടുവിൽ പരാജയം ഉറപ്പിച്ചാണ് ഇന്നലെ ഭരണപക്ഷം സഭയിലെത്തിയത്.

bjp-celebration
ആശ്വാസ വിശ്വാസം: വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് കുമാരസ്വാമി സർക്കാർ താഴെ വീണപ്പോൾ ബിജെപി എം‌എൽഎമാർ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ നിയമസഭയിൽ വിജയചിഹ്നം കാണിക്കുന്നു.

വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഇരുപക്ഷത്തും അമിത വികാരപ്രകടനങ്ങൾ ഉണ്ടായില്ല. അക്രമങ്ങൾ ഒഴിവാക്കാൻ ബെംഗളൂരു നഗരത്തിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്നും തുടരും. വിപ്പ് ലംഘിച്ചു സഭയിൽനിന്നു വിട്ടുനിന്ന ബിഎസ്പി എംഎൽഎ എൻ. മഹേഷിനെ മായാവതി പാർട്ടിയിൽനിന്നു പുറത്താക്കി.

വിശ്വാസപ്രമേയത്തെ എതിർത്തവർ - 105

സർക്കാരിനെ അനുകൂലിച്ചവർ - 99

സഭയിൽ നിന്ന് വിട്ടു നിന്നത്  - 15

വോട്ടു ചെയ്യാതിരുന്നവർ - 2

English summary: Congress -JDS coilation loses power in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com