ADVERTISEMENT

ന്യൂഡൽഹി∙ മെഡിക്കൽ പിജി കോഴ്സുകളിലേക്ക് എംബിബിഎസ് അവസാന വർഷ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ബിൽ ലോക്സഭ പാസാക്കി.

നിലവിലുള്ള നീറ്റ് പിജി പ്രവേശന പരീക്ഷ ഒഴിവാക്കി, നാഷനൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരിലുള്ള അവസാന വർഷ എംബിബിഎസ് പരീക്ഷ അടുത്തവർഷം മുതൽ പ്രവേശനമാനദണ്ഡമാക്കുമെന്നു ബിൽ അവതരിപ്പിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ്‌വർധൻ വ്യക്തമാക്കി.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു (എംസിഐ) പകരമാണു മെഡിക്കൽ കമ്മിഷൻ സ്ഥാപിക്കുക. 

ബിൽ അവതരിപ്പിക്കുന്നതിനെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം 48നെതിരെ 260 വോട്ടിനു സഭ തള്ളി. ബില്ലിലെ ഏതാനും വ്യവസ്ഥകൾക്കെതിരെ ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. 

ബില്ലിലെ മുഖ്യ വ്യവസ്ഥകൾ: 

∙ എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനം നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ. 

∙ പിജി പ്രവേശനത്തിനുള്ള റാങ്ക് മെച്ചപ്പെടുത്താൻ നെക്സ്റ്റ് പരീക്ഷ ഒന്നിലധികം തവണ എഴുതാം. 

∙ കമ്മിഷനിൽ ആകെ 25 അംഗങ്ങൾ. ഇതിൽ 21 പേർ ഡോക്ടർമാർ. 3 പേർ മെഡിക്കൽ മേഖലയ്ക്കു പുറത്തു നിന്നുള്ള വിദഗ്ധർ. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയായി ഒരാളും. 

∙ 1956ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിനു പകരമാണു ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ.

∙ സ്വകാര്യ മെഡിക്കൽ കോളജുകളിൽ 75 % എംബിബിഎസ് സീറ്റുകളിൽ ഫീസ് നിയന്ത്രണം. 

∙ മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്രം കവർന്നെടുക്കില്ല. 

∙ എംബിബിഎസ്, പിജി സീറ്റുകളുടെ എണ്ണം ഉയർത്തും. 

∙ മെഡിക്കൽ കമ്മിഷൻ ഉപദേശക സമിതിയിൽ സംസ്ഥാനങ്ങൾക്കു പ്രാതിനിധ്യം ഉറപ്പാക്കും. 

∙ മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യം വിലയിരുത്തുന്നതിനുള്ള വാർഷിക പരിശോധനകൾ ഒഴിവാക്കും. 

∙ വിദേശത്തു നിന്ന് മെഡിക്കൽ ബിരുദമെടുക്കുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ നെക്സ്റ്റ് പരീക്ഷ പാസാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com