ADVERTISEMENT

ന്യൂഡൽഹി/ ലക്നൗ ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയും അമ്മയും അമ്മായിയും ജീവൻ അപകടത്തിലാണെന്നറിയിച്ച് എഴുതിയ കത്ത് ഇതുവരെ തന്റെ ശ്രദ്ധയിൽ പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതിയിലെ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിനും അലഹാബാദ് ഹൈക്കോടതിക്കും ഉത്തർപ്രദേശ് സർക്കാരിനും ഈ മാസം 12ന് അയച്ച കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ഒരു ബാലപീഡനക്കേസിലെ അമിക്കസ് ക്യൂറി വി.ഗിരി ഇന്നലെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് കത്തിന്റെ കാര്യം ചീഫ് ജസ്റ്റിസ് അറിഞ്ഞത്. കത്ത് സുപ്രീം കോടതി ഇന്നു പരിഗണിക്കും. 

ഇതിനിടെ, പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ ലോറിയിടിച്ച കേസ് ഏറ്റെടുത്ത സിബിഐ, ബിജെപി എംഎൽഎ കുൽദീപ് സിങ്  സെൻഗർ ഉൾപ്പെടെ 9 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.

അപകടത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സെൻഗറിനു പുറമേ അടുത്ത അനുയായിയും പ്രാദേശിക ബിജെപി നേതാവും ബ്ലോക്ക് പ്രസിഡന്റുമായ അരുൺ സിങ്ങ‌ും പ്രതിയാണ്.

യുപി മന്ത്രി രവീന്ദ്ര പ്രതാപ് സിങ്ങിന്റെ മരുമകനായ ഇയാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ലോക്സഭാംഗം സാക്ഷി മഹാരാജിനുമൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങളും പുറ‌ത്തുവന്നു. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഉടമ, മന്ത്രി രവീന്ദ്ര പ്രതാപ് സിങ്ങിന്റെ മണ്ഡലമായ ഫത്തേപുരിൽ നിന്നാണ്. 

ജീവൻ അപകടത്തിലാണെന്നറിയിച്ച് ഒരു വർഷത്തിനിടെ 25 തവണ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നതായി വ്യക്തമായി. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ ആളുകളിൽ നിന്നുള്ള ഭീഷണിയെക്കുറിച്ചടക്കം വിവ‌രിച്ച പരാതികളിൽ ഒന്നിൽപ്പോലും നടപടിയുണ്ടായില്ല.

മുപ്പതിലേറെ പരാതികൾ നൽകി‌യിരുന്നല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ജില്ലാ പൊലീസ് മേധാവി 25 പരാതികളാണു ലഭിച്ചതെന്ന മറുപടി പറഞ്ഞത്. 

ഞായറാഴ്ച ദുരൂഹമായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. അപകടത്തിൽ മരിച്ച അമ്മായിമാരിൽ രണ്ടാമത്തേയാളുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. 

ഉന്നാവിലെ ഉന്നതൻ 

പീഡനത്തിനെതിരെ പരാതിപ്പെട്ട ഒരു പെൺകുട്ടിയും അവളുടെ കുട‌‌ുംബവും നിരന്തരം വേട്ടയാടപ്പെടുന്നു. ഉന്നാവിൽ നിന്നുള്ള ആ നിസ്സഹായ നിലവിളി രാജ്യത്തെ നടുക്കുകയാണ്.

പ്രതിസ്ഥാനത്തുള്ള ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ ജയിലിനുള്ളിലിരുന്നും നാടുവാഴുന്നു. ആ സ്വാധീനശക്തിയുടെ ആഴം തന്നെയാണ് ഉന്നാവിലെ പെൺകുട്ടിയെ അപകടത്തിൽപെടുത്തിയതെന്നു വിശ്വസ‌ിക്കുന്നവരേറെ. ഉന്നാവ് സന്ദർശിച്ചു മനോരമ സംഘം തയാറാക്കിയ അന്വേഷണ പരമ്പര ഇന്നു മുതൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com