ADVERTISEMENT

ചിക്കമഗളൂരു/ബെംഗളൂരു∙ മരണത്തിലേക്കുള്ള പാലത്തിലൂടെ നടന്നടുക്കും മുൻപു വാഹനത്തിലിരുന്ന് കഫേ കോഫി ഡേ ഉടമ വി.ജി.സിദ്ധാർഥ നടത്തിയത് ഇരുപതിലേറെ ഫോൺ കോളുകൾ.

മുഴുവൻ കോളുകളിലും അദ്ദേഹം ആരൊടൊക്കെയോ ക്ഷമാപണം നടത്തിക്കൊണ്ടിരുന്നു. സിദ്ധാർഥയുടെ ഡ്രൈവർ മംഗളുരു പൊലീസിനു നൽകിയ മൊഴിയിലാണ് ഈ വിവരങ്ങളുള്ളത്. 

നേത്രാവതി പാലത്തിലിറങ്ങിയശേഷവും അദ്ദേഹം പലരോടും ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പതിവിൽ നിന്നു വ്യത്യസ്തമായി അതിരാവിലെ തന്നെ അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയെന്നു ബന്ധുക്കൾ പറയുന്നു. 

ഒറ്റമകനായതിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും സിദ്ധാർഥയെ ബാധിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറ‍ഞ്ഞു. വലിയ ബിസിനസുകാരനായപ്പോഴും ശാന്തസ്വഭാവക്കാരനും ഉൾവലിയൽ പ്രകൃതമുള്ളയാളുമായിരുന്നു. 

സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തയറിഞ്ഞതോടെ, ബെംഗളൂരു കോഫി ഡേ സ്ക്വയറിലെ കമ്പനി ആസ്ഥാനത്തു ദുഃഖം അണപൊട്ടി. അതേസമയം സിസിഡി ഔട്ട് ലെറ്റിൽ ചിലത് ഇന്നലെയും പ്രവർത്തിച്ചു. മരണത്തെ കുറിച്ച് അറിയാതെയാണ് പലരും എത്തിയത്. 

ടീ ഷർട്ട് എവിടെ? 

ചിക്കമഗളൂരു∙ കഫേ കോഫി ഡേ ഉടമ സിദ്ധാർഥയുടെ മൃതദേഹത്തിൽ ടീ ഷർട്ട് ഇല്ലാതിരുന്നത് അന്വേഷിക്കുമെന്ന് പൊലീസ്. ഷർട്ട് അഴിച്ച ശേഷം പുഴയിൽ ചാടിയതാണെങ്കിൽ പാലത്തിൽ അതു കാണേണ്ടതാണ്. എന്നാൽ ഷർട്ട് കണ്ടെത്താനായിട്ടില്ല.

വെള്ളത്തിൽ ചാടിയ ശേഷം ഷർട്ട് അഴിച്ചുമാറ്റാനുള്ള സാധ്യത വിരളമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കാണാതായ ഫോൺ സംബന്ധിച്ച വിവരങ്ങളും ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. അതിനുശേഷമേ മരണകാരണം സംബന്ധിച്ചു പൊലീസിന്റെ സ്ഥിരീകരണമുണ്ടാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com