ADVERTISEMENT

ഉന്നാവ് പെൺകുട്ടി ഉൾപ്പെട്ട കാറപകടത്തിൽ മാഖി സ്റ്റേഷനിലെ പൊലീസുകാരെ നോട്ടമിട്ട് സിബിഐ. ഇ‌ന്നലെ അപകട സ്ഥലത്തടക്കം പരിശോധന നടത്തിയ സംഘം പെൺകുട്ടിയുടെ സുരക്ഷയ്ക്കായി മാഖി സ്റ്റേഷനിൽ നിന്നു നിയോഗിച്ചിരുന്ന പൊലീസുകാരെ ചോദ്യം ചെയ്തു. രേഖകളും പിട‌ിച്ചെടുത്തു.

പെൺകുട്ടിയുടെ യാത്രാവിവരങ്ങൾ ഇവർ ചോർത്തി നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, കേസിൽ മുഖ്യപ്രതിയായ ബെങ്കരമാവ് എംഎൽഎ കുൽദീപ് സിങ് സെൻഗറിനെയും സഹോദരൻ അതുൽ സി‌ങ്ങിനെയും ഇന്നോ നാളെയോ ജയിലിലെത്തി ചോദ്യം ചെയ്തേക്കും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനും സിബിഐ ലക്നൗ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

അപകടത്തിനിടയാക്കിയ ട്രക്കിന്റെ ‌ഡ്രൈവർ ആശിഷ് പാൽ, ക്ലീനർ മോഹൻ ശ്രീവാസ്തവ എന്നിവരെ ലക്നൗ സിബിഐ കോടതി റിമാൻഡ് ചെയ്തു. ഇരുവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ നൽക‌ുന്ന സൂചന. വാഹനാപകടത്തിനു മണിക്കൂറുകൾക്കു മുൻപ് പെൺകുട്ടിയുടെ കാർ സഞ്ച‌‌രിച്ച അതേ ദിശയിൽ ട്രക്ക് കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും അറിയുന്നു.

സെൻഗർ കഴിയുന്ന സിതാംപുർ ജയിലിലെ സന്ദർശന വിവരങ്ങളും സംഘം ശേഖരിച്ചു. കേസന്വേഷണം 7 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണു സുപ്രീം കോടതി നിർദേശം.
പീഡനക്കേസ് അടക്കം 4 കേസുകൾ നേരത്തെ തന്നെ സിബിഐയുടെ അന്വേഷണ പരിധിയിലുണ്ട്. 3 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതാണ്. അപകടക്കേസിൽ സെൻഗർ അടക്കം 10 പ്രതികളുണ്ട്.

പെൺകുട്ടിക്ക് പനിയും; കനത്ത കാവൽ

ലക്നൗ ∙ ചികിൽസയിലുള്ള ഉന്നാവ് പെൺകുട്ടി അപകടനില തരണം ചെ‌യ്തില്ല. വ്യാഴാഴ്ച രാത്രിയോടെ പനി പിടിപെട്ടതായി ലക്നൗ കെജിഎംയു ആശുപത്രി വ്യക്തമാക്കി. പെൺകുട്ടിയെ ഇന്നലെ വെന്റിലേറ്ററിൽ നിന്നു മാറ്റാനാവുമെന്നു കരുതിയിരിക്കെയാണ് പനി വന്നത്.

ഇതിനിടെ, സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ആശുപത്രിയിലും ഉന്നാവ് മാഖിയിലെ പെൺ‌‌കുട്ടിയുടെ വീടിനു മുന്നിലും സിആർപിഎഫ് സുര‌ക്ഷാ ഉ‌‌ദ്യോഗസ്ഥർ നിലയുറപ്പിച്ചു. തീ‌വ്രപരിചരണ വിഭാഗത്തിലും ആശുപത്രിക്കു പുറത്തും അർധസൈനികരുടെ കാവലുണ്ട്.

ജയിലിൽ കോഴ;വിഡിയോ പുറത്ത്

ലക്നൗ ∙ മുഖ്യപ്രതിയായ എംഎൽഎയുടെ അനുയായി ജയിൽ ജീവനക്കാരനു കോഴ നൽകിയെന്ന് ആരോപണം. സിതാംപുർ ജയിലിൽ നിന്നുള്ള വിഡിയോ പുറത്തുവന്നതോടെ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചു.
കുർത്തയും പൈജാമയും ധരിച്ചയാൾ ജയിൽ ജീവനക്കാരനായ പൊലീസുകാരനു കോഴ നൽ‌‌കുന്നതാണു ദൃശ്യം. ഇയാൾ സെൻഗറി‌ന്റെ അനുയായി റിങ്കു ശുക്ലയാണെന്നു വ്യക്തമായിട്ടുണ്ട്.

എന്നാൽ, കോഴ നൽകിയെന്ന ആരോപണം ഉന്നാവിലെ പഞ്ച‌‌ായത്തംഗം കൂടിയായ റിങ്കു നിഷേധിച്ചു. ചിലപ്പോൾ ചായ കുടിക്കാൻ പണം നൽകിയിട്ടുണ്ടാവുമെന്നാണ് ഇയാളുടെ വാദം. വിഡിയോയുടെ മറ്റൊരു ഭാഗത്ത് എംഎൽഎയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം തേടുന്നയാളെയും കാണാം. മാധ‌്യമങ്ങളിൽനിന്നു നല്ല സമ്മർദമുണ്ട്. പിന്നീടു നോക്കാമെന്നാണ് മറുപടി.

ജയിൽ ജീവനക്കാരൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് ജയിൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ ബിജെപി എംപി സാക്ഷി മഹാരാജ് സെൻഗറിനെ ജയിലിൽ സന്ദർശിച്ചതും വിവാദമായിരുന്നു. സെൻഗറിനു ജയിലിൽ ഫോൺ ഉപയോഗിക്കാൻ അവസ‌രം നൽകുന്നുവെന്നതടക്കം ആരോപണങ്ങളും നിലവിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com