ADVERTISEMENT

ന്യൂഡൽഹി ∙ ഭരണഘടനയുടെ 370 ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി; പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. രാഷ്ട്രപതിയുടെ ഉത്തരവു സംബന്ധിച്ച പ്രമേയവും, കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചുള്ള സംസ്ഥാന പുനഃസംഘടനാ ബില്ലും രാജ്യസഭ പാസാക്കി.

∙ 370 ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി.

∙ ജമ്മു കശ്മീരിനു ബാധകമാകുന്ന വ്യവസ്ഥകൾ സംബന്ധിച്ച് രാഷ്ട്രപതി 1954ൽ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി. ഫലത്തിൽ, ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാർക്കുള്ള പ്രത്യേക ആനുകൂല്യം സംബന്ധിച്ച 35എ വകുപ്പും ഇല്ലാതായി. ഈ വകുപ്പുൾപ്പെടെ പല വ്യവസ്ഥകളും 1954ലാണ് ബാധകമാക്കിയത്.

∙ പ്രത്യേക പദവി ഇല്ലാതായതോടെ, ജമ്മു കശ്മീരിന്റെ ഭരണഘടന പ്രാബല്യത്തിലല്ലാതായി. സംസ്ഥാനത്തു പ്രാബല്യത്തിലായിരുന്ന ‘രൺബീർ ശിക്ഷാ നിയമ’ത്തിനു (ആർപിസി) പകരം ഇനിമുതൽ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി).

∙ ജമ്മു കശ്മീർ സംസ്ഥാനത്തെ കാർഗിൽ, ലേ ജില്ലകൾ ഉൾപ്പെടുന്നതാണു ലഡാക്ക്. ഇതു ചണ്ഡിഗഡ്, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കു സമാനമായ കേന്ദ്ര ഭരണപ്രദേശമായിരിക്കും; നിയമസഭയുണ്ടാവില്ല.

∙ ജമ്മു കശ്മീരിൽ. പുതുച്ചേരി മാതൃകയിൽ നിയമസഭയുണ്ടാകും. കാലാവധി 6 വർഷത്തിനു പകരം 5 വർഷമായി.

∙ ജമ്മു കശ്മീരിലും ലഡാക്കിലും ഗവർണർക്കു പകരം ലഫ്റ്റനന്റ് ഗവർണർമാർ. ഇരു കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി ഒരു ഹൈക്കോടതി.

രാജ്യസഭ പാസാക്കി (125–61); ലോക്സഭയിൽ ഇന്ന്

ന്യൂഡൽഹി ∙ ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കാനുള്ള പുനഃസംഘടനാ ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവും രാജ്യസഭ (125–61) പാസാക്കി. ലോക്സഭ ഇന്നു പരിഗണിക്കും. 

ബില്ലിനെതിരായ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് പാർട്ടിയുടെ രാജ്യസഭാ ചീഫ് വിപ് ഭുവനേശ്വർ കാലിത എംപി സ്ഥാനം രാജിവച്ച് പാർട്ടി വിട്ടു. കോൺഗ്രസിനു പുറമേ സിപിഎം, സിപിഐ, ഡിഎംകെ, ആർജെഡി, മുസ്‍ലിം ലീഗ്, കേരളാ കോൺഗ്രസ് എം എന്നിവയും ബില്ലിനെ എതിർത്തു.

എൻഡിഎ കക്ഷികൾക്കു പുറമേ ബിജെ‍ഡി, ടിഡിപി, ടിആർഎസ്, ആം ആദ്മി പാർട്ടി, അണ്ണാ ഡിഎംകെ എന്നിവ അനുകൂലിച്ചു. തൃണമൂലും എൻസിപിയും വിട്ടുനിന്നു. 

മെഹ്ബൂബയും ഒമറും അറസ്റ്റിൽ

ജമ്മു ∙ ഞായറാഴ്ച രാത്രി വീട്ടുതടങ്കലിലായ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുല്ല, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാക്കളായ സജ്ജാദ് ലോൺ, ഇമ്രാൻ അൻസാരി തുടങ്ങിയവരെ അറസ്റ്റ് ചെയ്തു.

മറ്റു ചിലരെക്കൂടി അറസ്റ്റ് ചെയ്തതായി അറിയിച്ചെങ്കിലും പേരുകൾ വെളിപ്പെടുത്തിയില്ല. 

370 വകുപ്പ്

ജമ്മു കശ്മീരിനു പ്രത്യേക പദവിയും സ്വന്തം ഭരണഘടനയാകാമെന്നത് അടക്കമുള്ള വ്യവസ്ഥകളും അനുവദിച്ചിരുന്ന വകുപ്പ്.

35എ  വകുപ്പ്

370–ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ, 1954ൽ ഉൾപ്പെടുത്തിയത്. സർക്കാർ ജോലി, ഭൂമി വാങ്ങാനുള്ള അവകാശം, താമസാവകാശം, സ്കോളർഷിപ് എന്നിവ സ്ഥിരതാമസക്കാർക്കായി പരിമിതപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com