ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമെന്നതു താൽക്കാലികം മാത്രമാണെന്നും സ്ഥിതി സാധാരണ നിലയിലായാൽ പൂർണ സംസ്ഥാന പദവി മടക്കിനൽകുമെന്നും ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രത്യേക പദവി എടുത്തുകളയാതെ സംസ്ഥാനത്തുനിന്നു തീവ്രവാദം തുടച്ചുനീക്കാനാകില്ല.

ഭൂമിയിലെ സ്വർഗമായ കശ്മീരിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല. സ്വാതന്ത്ര്യം ലഭിച്ച ശേഷം സംസ്ഥാനം ഭരിച്ച 3 കുടുംബങ്ങൾ അവിടെ ജനാധിപത്യം ഇല്ലാതാക്കിയെന്നും ഷാ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ കിരീടം എന്നറിയപ്പെടുന്ന കശ്മീരിനെ വെട്ടിമുറിക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നു കോൺഗ്രസ് സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. ജനാധിപത്യ ഇന്ത്യയിലെ കറുത്ത ദിനമാണിത്.

പുതിയ ഇന്ത്യ സൃഷ്ടിക്കാനെന്ന പേരിൽ പഴയ ഇന്ത്യയെ ഇല്ലാതാക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. അധികാരത്തിന്റെ മത്തുപിടിച്ച കേന്ദ്ര സർക്കാർ കശ്മീരിന്റെ ചരിത്രം തിരുത്തിയെഴുതുകയാണ്. ഗുജറാത്തിനെ കേന്ദ്രഭരണ പ്രദേശമാക്കാൻ സർക്കാരിനു ധൈര്യമുണ്ടോ? – ആസാദ് ചോദിച്ചു.

രാജ്യത്തിന്റെ ജനാധിപത്യം ചോദ്യം ചെയ്യപ്പെടുകയാണെന്നും അസാധാരണ സാഹചര്യമാണു നിലനിൽക്കുന്നതെന്നും കെ.കെ.രാഗേഷ് (സിപിഎം) പറഞ്ഞു. മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്റുവും ഒന്നിപ്പിച്ച ഇന്ത്യയെ വിഭജിക്കാനാണു നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്നും വൈവിധ്യങ്ങളെ തകർത്ത് ഏകീകൃത സ്വഭാവം രാജ്യത്ത് അടിച്ചേൽപിക്കുകയാണെന്നും ജോസ് കെ.മാണി (കേരള കോൺഗ്രസ് – എം) ആരോപിച്ചു.

ബിൽ പാർലമെന്റിന്റെ സ്ഥിരം സമിതിക്കു വിടണമെന്നു പി.വി.അബ്ദുൽ വഹാബ് (മുസ്‍ലിം ലീഗ്) ആവശ്യപ്പെട്ടു. ബിൽ ഇന്നു ലോക്സഭയിലെത്തുന്ന സാഹചര്യത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എംപിമാർക്കു കോൺഗ്രസ് വിപ്പ് നൽകി. അധിർ രഞ്ജൻ ചൗധരി, ശശി തരൂർ, മനീഷ് തിവാരി എന്നിവർ കോൺഗ്രസ് നിരയിൽനിന്നു ബില്ലിനെ എതിർത്തു പ്രസംഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com