സഭയെ ഇളക്കിമറിച്ച അവകാശലംഘനം

sushma with krn
എ.ബി. വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി,അന്നത്തെ രാഷ്ട്രപതി കെ.ആർ നാരായണനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു
SHARE

വിദേശകാര്യ മന്ത്രിയായിരിക്കെ 2018 മാർച്ചിൽ സുഷമ സ്വരാജിനെതിരെ ഒരിക്കൽ കോൺഗ്രസ് രാജ്യസഭയിൽ അവകാശലംഘന നോട്ടിസ് നൽകി.

ഇറാഖിലെ മൊസൂളിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതിനെക്കുറിച്ചു സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ആക്ഷേപം.

മരണത്തിന്റെ സ്ഥിരീകരണം വൈകിയതിന്റെ കാരണമെന്തെന്ന ചോദ്യം പ്രസക്തമായിരുന്നു. ഇറാഖിൽ ബന്ദികളാക്കപ്പെട്ട 40 പേരി‍ൽനിന്നു രക്ഷപ്പെട്ട ഏക വ്യക്തിയായ പഞ്ചാബിലെ അഫ്ഗാന ഗ്രാമവാസി ഹർജിത് മസീഹ്, 39 ബന്ദികളെയും കൊലപ്പെടുത്തിയെന്ന വിവരം വെളിപ്പെടുത്തിയെങ്കിലും കള്ളം പറയുകയാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. 

വ്യക്തമായ തെളിവില്ലാതെ മരണം സ്ഥിരീകരിക്കുന്നതു പാപമാണെന്നും അതു ചെയ്യാനാവില്ലെന്നുമാണു സുഷമ സ്വരാജ് നേരത്തേ പാർലമെന്റിൽ പറഞ്ഞത്.

sushma dance

ഐഎസ് ഭീകരർ തട്ടിയെടുത്ത 39 ഇന്ത്യക്കാർ ജീവനോടെയിരിക്കുന്നുവെന്നു പറഞ്ഞു വന്ന സുഷമ, സഭയെ നാലുവർഷം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് എംപിമാർ നോട്ടിസിൽ കുറ്റപ്പെടുത്തി.

പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ പേരിലാണു സർക്കാർ രഹസ്യം സൂക്ഷിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 

ബറോഡ ഡൈനാമിറ്റ്  കേസിലെ അഭിഭാഷക

സുഷമ സ്വരാജ് ഡൽഹിയിൽ സജീവമാകുന്നത് സുപ്രീംകോടതി അഭിഭാഷക എന്ന നിലയിലാണ്. ജോർജ് ഫെർണാണ്ടസിന്റെ ബറോഡ ഡൈനാമിറ്റ് കേസിൽ വാദിക്കാനായിരുന്നു അത്.

അന്ന് ഒപ്പമുണ്ടായിരുന്ന സ്വരാജ് കൗശൽ പിന്നീട് ജീവിതസഖാവായി. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ഡൈനമിറ്റുകൾ കടത്തി എന്നതാണ് കേസ്.

ബെള്ളാരിയെ ഉഴുതുമറിച്ച  ‘കന്നഡിഗ’ തീപ്പൊരി 

വാക്കിലും നോക്കിലും തീപ്പൊരിയായിരുന്നു, സുഷമ സ്വരാജ്. അവർ പ്രസംഗിക്കാനെഴുന്നേൽക്കുമ്പോൾ മറ്റ് എംപിമാർ ആകാംക്ഷയോടെ ആ വാക്കുകൾക്കു കാതോർത്തു.

1999ൽ കർണാടകയിലെ ബെള്ളാരിയിൽ (അന്നു ബെല്ലാരി) സോണിയാ ഗാന്ധിക്കെതിരെ പൊരുതാൻ ബിജെപി നിയോഗിച്ചതോടെ സുഷമയുടെ ദേശീയപ്രസക്തി വർധിച്ചു.

പരാജയപ്പട്ടെങ്കിലും ആ മത്സരം രാജ്യം ചർച്ച ചെയ്തു. കന്നട പഠിച്ച്, കന്നടയിൽ പ്രസംഗിച്ച്, അവർ ബെള്ളാരി ഉഴുതുമറിച്ചു. 12 ദിവസത്തെ പ്രചാരണത്തിനൊടുവിൽ മൂന്നരലക്ഷം വോട്ട് പിടിച്ചു.

5 വർഷത്തിനു ശേഷം, സോണിയ പ്രധാനമന്ത്രിയായാൽ തല മുണ്ഡനം ചെയ്യുമെന്നു ഭീഷണി മുഴക്കി.

sushma amit
അമിത് ഷായ്ക്കൊപ്പം

തിരഞ്ഞെടുപ്പിലെ ആദ്യ മത്സരം 25–ാം വയസ്സിലായിരുന്നു. 1977 ൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ അംബാല കന്റോൺമെന്റിൽ കോൺഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9,824 വോട്ടിനു തോൽപിച്ച് സംസ്ഥാന തൊഴിൽമന്ത്രിയായി. 

രണ്ടു വർഷത്തിനുള്ളിൽ ജനതാ പാർട്ടിയുടെ ഹരിയാന സംസ്ഥാന പ്രസിഡന്റുമായി. രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡൽഹി നിയമസഭയിലും അംഗമായി.

-രാജ്യത്തിനു നഷ്ടമായത് സ്നേഹാരാധ്യയായ നേതാവിനെ. പൊതുജീവിതത്തിൽ ആത്മാഭിമാനത്തോടെ തല ഉയർത്തി നിന്ന വ്യക്തിത്വം. ജനങ്ങളെ സഹായിക്കാൻ ജീവിച്ച വ്യക്തിയെന്ന നിലയിലാകും സുഷമ സ്വരാജ് ചരിത്രത്തിൽ  ഓർമിക്കപ്പെടുക. 

 -രാഷ്ട്രപതി റാംനാഥ് കോവിന്ദ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA