അധിക്ഷേപങ്ങൾ നേരിട്ട് നിലപാടിനൊപ്പം; പ്രവാസി മനം കവർന്ന ‍ഡിജിറ്റൽ നയതന്ത്രം

sushma in UN
യുഎന്നിൽ പ്രസംഗിക്കുന്ന സുഷമ.
SHARE

ഒന്നാം മോദി സർക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളെന്നു മിക്ക മാധ്യമ സർവേകളും കണ്ടെത്തിയത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയായിരുന്നു. ഡിജിറ്റൽ നയതന്ത്രം എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇന്ത്യയ്ക്കും ലോകത്തിനും അവർ കാണിച്ചുകൊടുത്തു. 

ട്വിറ്ററിൽ സജീവമായിരുന്ന അവർ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും തുടർനടപടിയെടുക്കാനും ശ്രദ്ധിച്ചു. ആ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങൾ കയ്യടിയോടെ സ്വീകരിച്ചു. അവഗണന മാത്രം കണ്ടുശീലിച്ച പ്രവാസികൾക്ക് വിരൽത്തുമ്പിൽ സാന്ത്വനവർഷവുമായി എത്തുന്ന വിദേശകാര്യ മന്ത്രി ആദ്യം അത്ഭുതമായിരുന്നു. 

ട്വിറ്ററിൽ ഒരഭ്യർഥന മതി സഹായം പടിവാതിൽക്കലെത്തും എന്നതായിരുന്നു സുഷമയുടെ രീതി. ഇന്ത്യക്കാർക്ക് മാത്രമല്ല, ഇന്ത്യയിൽ ചികിത്സ തേടി പാക്കിസ്ഥാനിൽനിന്നെത്തിയ പിഞ്ചുകുഞ്ഞ് അടക്കമുളളവർക്കു വരെ സുഷമ ആശ്രയമായി. ട്വിറ്ററിൽ സുഷമയ്ക്കുള്ളത് ഒന്നേകാൽ കോടിയിലേറെ  ഫോളോവേഴ്സാണ്. 

കഴിഞ്ഞ വർഷം മലേഷ്യയിൽ മനോദൗർബല്യം ബാധിച്ച സുഹൃത്തിനെ രക്ഷിക്കാൻ മുറി ഇംഗ്ലീഷിൽ ഒരാൾ ട്വീറ്റ് ചെയ്തു. പലരും പരിഹസിച്ചെങ്കിലും സുഷമ അവിടെയും മനം കവർന്നു. ‘വിദേശ മന്ത്രാലയത്തിൽ എത്തിയശേഷം ഏതു തരം ഇംഗ്ലിഷ് ഉച്ചാരണവും വ്യാകരണവും എനിക്കു വഴങ്ങും’ എന്നായിരുന്നു പ്രതികരണം. യുവാവിനെ നാട്ടിലെത്തിക്കുകയും ചെയ്തു.

രാജ്യത്തിനു നഷ്ടമായത് സ്നേഹാരാധ്യയായ നേതാവിനെ. പൊതുജീവിതത്തിൽ ആത്മാഭിമാനത്തോടെ തല ഉയർത്തി നിന്ന വ്യക്തിത്വം. ജനങ്ങളെ സഹായിക്കാൻ ജീവിച്ച വ്യക്തിയെന്ന നിലയിലാകും സുഷമ സ്വരാജ് ചരിത്രത്തിൽ ഓർമിക്കപ്പെടുക

രാഷ്ട്രപതി റാംനാഥ് കോവിന്ദ്

ഹൃദയ ശസ്ത്രക്രിയയ്ക്കു വീസ കിട്ടാതെ വിഷമിച്ച പാക്ക് ബാലികയ്ക്ക് നൊടിയിടയിൽ വീസ നൽകിയാണു സുഷമ അയൽരാജ്യത്തു താരമായത്. ഇറാഖിലെ ബസ്രയിൽ കുടുങ്ങിയ 168 ഇന്ത്യക്കാർക്ക് രക്ഷയായതു കൂട്ടത്തിൽ ഒരാൾ സുഷമയ്ക്ക് അയച്ച വിഡിയോ സന്ദേശമാണ്.

യെമനിൽ ഇന്ത്യക്കാരനെ വിവാഹം ചെയ്ത തദ്ദേശീയ യുവതി 8 മാസം പ്രായമുള്ള മകന്റെ ചിത്രം അയച്ച് രക്ഷാഭ്യർഥന നടത്തിയപ്പോൾ മണിക്കൂറുകൾക്കകം സഹായമെത്തിച്ചു സുഷമ ചരിത്രമെഴുതി. ‘സൂപ്പർ മോം’ എന്നാണ് വാഷിങ്ടൻ പോസ്റ്റ് സുഷമയെ വിശേഷിപ്പിച്ചത്. ഒട്ടേറെ മലയാളികളും സ്പോൺസറുടെ പീഡനങ്ങളിൽ നിന്നും വീസ തട്ടിപ്പുകളിൽ നിന്നും സുഷമയിലൂടെ രക്ഷ നേടി. 

രാജ്യം ഒപ്പമുണ്ട് എന്ന സന്ദേശമായിരുന്നു പ്രവാസികൾക്ക് സുഷമയുടെ സൗമ്യ സാന്നിധ്യം. ഇത്തവണ അവർ മാറി നിന്നപ്പോൾ ഏറ്റവുമധികം വേദനിച്ചതും നിരാശരായതും അവരായിരുന്നു. അതിന് രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല.

പറയാൻ മറന്നില്ല, രാഷ്ട്രീയ നിലപാടുകൾ

മനിലയിൽ മെഡിസിനു പഠിക്കുന്ന ഷെയ്ഖ് അതീഖ് എന്ന വിദ്യാർഥി 2018ൽ പാസ്പോർട്ട് പുതുക്കാൻ സഹായം തേടി ട്വിറ്ററിലെത്തി. എന്നാൽ, അതീഖിന്റെ ട്വിറ്റർ അക്കൗണ്ടിൽ സ്വന്തം സ്ഥലമായി കാണിച്ചത് ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്നായിരുന്നു. സഹായമഭ്യർഥിച്ചുകൊണ്ടുള്ള അതീഖിന്റെ ട്വീറ്റിന് സുഷമ ഇങ്ങനെ മറുപടി കൊടുത്തു:

രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുടെ ഉടമ. കഴിവുറ്റ വാഗ്മി. മികച്ച പാർലമെന്റേറിയൻ. സുഷമ സ്വരാജിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

രാഹുൽ ഗാന്ധി

‘നിങ്ങൾ ജമ്മു കശ്മീരിൽനിന്നായിരുന്നുവെങ്കിൽ സഹായിക്കാമായിരുന്നു. നിങ്ങളുടെ അക്കൗണ്ടിൽ ‘ഇന്ത്യൻ അധിനിവേശ കശ്മീർ’ എന്നാണു കാണുന്നത്. അങ്ങനെ ഒരു സ്ഥലമില്ല.’ നിമിഷ നേരത്തിനുള്ളിൽ ഈ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. അൽപ സമയം കഴിഞ്ഞപ്പോൾ അതീഖ് വിലാസം തിരുത്തി, തന്റെ സ്ഥലം ജമ്മു കശ്മീർ എന്നാക്കി മാറ്റി. അപ്പോൾ സുഷമ വീണ്ടും ട്വീറ്റ് ചെയ്തു:

‘തെറ്റുതിരുത്തിയതിൽ സന്തോഷം’. ഒപ്പം, മനിലയിലെ ഇന്ത്യൻ എംബസിയോട് അതീഖിനെ സഹായിക്കാൻ അവർ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, അൽപസമയത്തിനുള്ളിൽ അതീഖ് തന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. 

അധിക്ഷേപങ്ങൾ നേരിട്ട് നിലപാടിനൊപ്പം

2018 ൽ മിശ്രവിവാഹിതരായ ദമ്പതികൾക്കു ലക്നൗ പാസ്പോർട്ട് ഓഫിസിൽ പാസ്പോർട്ട് നിഷേധിക്കുകയും മതം മാറാൻ നിർദേശിക്കുകയും ചെയ്ത സംഭവവുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പാസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥനെ വിദേശകാര്യമന്ത്രാലയം സ്ഥലം മാറ്റിയതോടെ സുഷമയ്ക്കു നേരെ കടുത്ത അധിക്ഷേപങ്ങളുണ്ടായി.

ബിജെപി അനുഭാവികളടക്കം ട്വിറ്ററിൽ സുഷമയ്ക്കെതിരെ തിരിഞ്ഞു. എതിർപ്പുകൾ തനിക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് സുഷമ പ്രതികരിച്ചതോടെ, ട്രോളുകൾ അധിക്ഷേപങ്ങളും അസഭ്യങ്ങളുമായി മാറി. കോൺഗ്രസ് അടക്കമുളള പ്രതിപക്ഷകക്ഷികൾ സുഷമയ്ക്കു പിന്തുണയുമായി എത്തിയെങ്കിലും മന്ത്രിസഭയിലെ സഹപ്രവർത്തകർ ആദ്യം പിന്തുണയ്ക്കാൻ മടിച്ചു. ദിവസങ്ങൾക്ക് ശേഷം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ് സുഷമയ്ക്ക് അനുകൂലമായി രംഗത്തെത്തി. 

വിമർശിച്ചോളൂ, പക്ഷേ...

‘ജനാധിപത്യത്തിൽ അഭിപ്രായഭിന്നത സ്വാഭാവികം. വിമർശിച്ചോളൂ, പക്ഷേ മാന്യമായ ഭാഷയിലാകട്ടെ. അത്തരം വിമർശനങ്ങൾ എത്രയോ ഫലപ്രദമാണ്’– ഇതായിരുന്നു സമൂഹമാധ്യമങ്ങളിൽ തന്നെ ട്രോളുന്നവരോടുള്ള സുഷമയുടെ നിലപാട്. ഈയിടെ, ബിജെപി നേതാവ് മാംഗെ റാം അന്തരിച്ചപ്പോൾ അന്തരിച്ചപ്പോൾ ട്വിറ്ററിൽ സുഷമ അനുശോചനം അറിയിച്ചതിനു മോശം പ്രതികരണം നടത്തിയ ആളോടും നർമരസത്തോടെയായിരുന്നു മറുപടി.

‘ഷീല ദീക്ഷിതിനെ പോലെ ഒരു നാൾ നിങ്ങളെയും സ്മരിക്കും’ എന്നു പറഞ്ഞയാളോട് ഈ ദീർഘദൃഷ്ടിക്ക് മുൻകൂർ നന്ദി എന്നായിരുന്നു മറുപടി. ആന്ധ്ര ഗവർണറായി ചുമതലയേൽക്കുന്നുവെന്നായിരുന്നു ഒരു മാസം മുൻപ് ഉണ്ടായ അഭ്യൂഹം. അതിനും ട്വിറ്ററിലൂടെ മറുപടി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA