ADVERTISEMENT

ന്യൂഡൽഹി ∙ ഉന്നാവ് പെൺകുട്ടിയുടെ പീഡന പരാതിയിലെ മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സെൻഗറിനെതിരെ തെളിവു നൽകാൻ 18 സാക്ഷികൾ.

അതും എതിർശബ്ദമുയർത്താൻ മടിച്ചിരുന്ന സെൻഗറിന്റെ തന്നെ ഗ്രാമത്തിൽ നിന്നുള്ളവരുൾപ്പെടെ. ഇവർക്കു രാത്രിയും പകലും തോക്കേന്തിയ അംഗരക്ഷകരുടെ പരിരക്ഷ നൽകാൻ ഉന്നാവ് ജില്ലാ ഭരണകൂടത്തോട് സിബിഐ നിർദേശിച്ചു. പെൺകുട്ടി അപകടത്തിൽപ്പെട്ട സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണു മുൻകരുതൽ. 

ഇതിനിടെ, പെൺകുട്ടിയുടെ അച്ഛന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ സെൻഗറിനെ സിബിഐ മനഃപൂർവം ഒഴിവാക്കിയെന്നു പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ആരോപണം തള്ളിയ സിബിഐ കേസിൽ നീതിപൂർവമായ അന്വേഷണമാണു നടത്തിയതെന്നും വാദിച്ചു.

സുപ്രീം കോടതി ഇടപെടലിനെ തുടർന്നു പെൺകുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും നേരത്തേ സിആർപിഎഫ് സുരക്ഷ നൽകിയിരുന്നു.

മറ്റൊരു അഭിഭാഷകനും 2 മുഖ്യസാക്ഷികൾക്കും സുരക്ഷ നൽകുന്നതിനു പുറമേയാണ് 18 പേർക്കു കൂടി സുരക്ഷയ്ക്കു നിർദേശിച്ചിരിക്കുന്നത്. 

ഇതിൽ 15 പേരും എംഎൽഎയുടെയും പെൺകുട്ടിയുടെയും ഗ്രാമമായ യുപിയിലെ മാഖി ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഉന്നാവ് െപൺകുട്ടിയുടെ അച്ഛന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ, മാധ്യമപ്രവർത്തകൻ തുടങ്ങിയവരും സാക്ഷികളുടെ കൂട്ടത്തിലുണ്ട്.

ഇതിനിടെ, പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ച ട്രക്കിന്റെ ഡ്രൈവർ, ക്ലീനർ എന്നിവരെ നാർക്കോ, ബ്രെയിൻ മാപ്പിങ്, വിരലടയാള പരിശോധനകൾക്കു വിധേയരാക്കാനുള്ള നടപടികൾക്കും സിബിഐ തുടക്കമിട്ടു.

ഡൽഹി തീസ് ഹസാരി കോടതി ഇതിന് അനുമതി നൽകിയിരുന്നു. ട്രക്ക് ഡ്രൈവർ ആശിഷ് കുമാർ പാൽ, ക്ലീനർ മോഹൻ ശ്രീനിവാസ് എന്നിവരുടെ കസ്റ്റഡി കാലാവധി 14 വരെ കോടതി ‌നീട്ടി.

ബോധം തെളിയാതെ ഉന്നാവ് പെൺകുട്ടി

ന്യൂഡൽഹി ∙ അപക‍ടം നടന്നു രണ്ടാഴ്ച പിന്നിട്ടിട്ടും ബോധം തെളിയാതെ ഉന്നാവ് പെൺകുട്ടിയും അഭിഭാഷകനും.  ഇരുവരും അബോധാവസ്ഥയിൽ തുടരുന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

ഇതിനിടെ, പെൺകുട്ടിയുടെ കുടുംബത്തിന് എയിംസിൽ മതിയായ താമസത്തിനു സൗകര്യം ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com