sections
MORE

അമിതാഘോഷമില്ലാതെ കശ്മീരിൽ ബക്രീദ്

kshmir namaskaram
ശ്രീനഗറിലെ പള്ളിയിൽ ഈദ് നമസ്കാരം നടത്തുന്ന വിശ്വാസികൾ. ചിത്രം: റോയിട്ടേഴ്സ്
SHARE

ന്യൂഡൽഹി ∙ നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരുന്നതിനിടെ, അമിതാഘോഷങ്ങളില്ലാതെ കശ്മീരിൽ ബക്രീദ് കടന്നുപോയി.

നിരോധനാജ്ഞ മൂലം മൈതാനങ്ങളിലെ പെരുന്നാൾ നമസ്കാരത്തിനു വിലക്കുണ്ടായിരുന്നു. പള്ളികളിൽ നമസ്കാരം അനുവദിച്ചു. ശ്രീനഗറിലും ഷോപിയാനിലും ആയിരങ്ങൾ പള്ളികളിൽ നമസ്കാരത്തിനെത്തിയതായി പൊലീസ് അറിയിച്ചു.

അനന്ത്നാഗ്, ബാരാമുള്ള ബദ്ഗം, ബന്ദിപ്പുര എന്നിവിടങ്ങൾ ശാന്തമായിരുന്നുവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. പെരുന്നാൾ തലേന്നു ഷോപ്പിങ്ങിനായി കശ്മീരിൽ നിരോധനാജ്ഞയിൽ ഇളവുണ്ടായിരുന്നു.

യാത്രാനിയന്ത്രങ്ങളെത്തുടർന്നു നാട്ടിൽ പോകാൻ കഴിയാത്ത ഡൽഹിയിലെ കശ്മീരി വിദ്യാർഥികൾ ജന്തർ മന്തറിൽ പെരുന്നാളാഘോഷം സംഘടിപ്പിച്ചു. അരുന്ധതി റോയ് അടക്കമുള്ള പ്രമുഖരും എത്തിയിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനുശേഷം യാത്രാവിലക്ക് അടക്കം കർശനനിയന്ത്രണങ്ങളാണ് താഴ്‍വരയിൽ ഏർപ്പെടുത്തിയിരുന്നത്.

അതേസമയം, അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ കേന്ദ്ര സർക്കാർ ഒരുക്കിയ പെരുന്നാൾ വിരുന്നു കശ്മീരി വിദ്യാർഥികൾ ബഹിഷ്കരിച്ചു.

1300 ലേറെ കശ്മീരി വിദ്യാർഥികൾ അലിഗഡിൽ പഠിക്കുന്നുണ്ട്. ഇവരിൽ മിക്കവരും നാട്ടിൽ പോകാനാവാതെ ഹോസ്റ്റലിലാണ്. ‘ഞങ്ങളുടെ വീട്ടുകാരെക്കുറിച്ചറിഞ്ഞിട്ടു തന്നെ ദിവസങ്ങളായി.

ഞങ്ങൾക്കെങ്ങനെ പെരുന്നാൾ ആഘോഷിക്കാനാവും?’–എന്നാണു വിദ്യാർഥികളുടെ ചോദ്യം. വിദ്യാർഥികളെ വിശ്വാസത്തിലെടുക്കാനുള്ള നടപടികൾ തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു.

ഇന്ത്യ–പാക്ക് ബന്ധത്തിലുണ്ടായ ഉലച്ചിൽ അതിർത്തിയിലെ ബക്രീദ് ആഘോഷങ്ങളെയും ബാധിച്ചു. ബിഎസ്എഫും പാക്കിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ പതിവുള്ള മധുരപലഹാര വിതരണം ഇന്നലെ നടന്നില്ല.

ചടങ്ങിനായി ബിഎസ്എഫ് ഔദ്യോഗിക ക്ഷണമയച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ നിരസിച്ചു.

ഡൽഹി–ലഹോർ ബസ് സർവീസ് ഇന്നലെ മുതൽ റദ്ദാക്കിയതായി ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു. 

അവസാന സർവീസ് ശനിയാഴ്ച പുറപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ സർവീസ് നിർത്തലാക്കിയതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്നുള്ളതും നിർത്തിയത്.

സാങ്കേതിക തകരാറു മൂലം മുടങ്ങിയ കശ്മീരിലെ സിആർപിഎഫ് ഹെൽപ്‍‌ലൈൻ നമ്പർ (14411) വീണ്ടും പ്രവർത്തനമാരംഭിച്ചു.

ഓഗസ്റ്റ് 6 മുതൽ കശ്മീരിലുളള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ശ്രീനഗറിലും ദക്ഷിണ കശ്മീരിലും വ്യോമ നിരീക്ഷണം നടത്തി. കശ്മീരിലെ പൊലീസ് മേധാവി ദിൽബാഗ് സിങും ആർമി കമാൻഡർമാരും പ്രത്യേകം വ്യോമനീരീക്ഷണം നടത്തിയിരുന്നു. 

ചില മേഖലകളിലെ ചെറിയ പ്രതിഷേധങ്ങളല്ലാതെ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നാണു സർക്കാർ റിപ്പോർട്ടുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA