ADVERTISEMENT

ന്യൂഡൽഹി ∙ ലഡാക്കിനോടു ചേർന്ന് അതിർത്തിക്കടുത്തുള്ള പാക്ക് വ്യോമത്താവളത്തിൽ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യൻസേന കനത്ത ജാഗ്രതയിൽ. 

യുദ്ധവിമാനങ്ങൾക്കു പുറമേ സ്കർദു താവളത്തിലേക്കു 3 ചരക്കുവിമാനങ്ങളിൽ ആയുധങ്ങൾ എത്തിച്ചുവെന്നും സൂചനയുണ്ട്. അതിർത്തി മേഖലയിലെ പാക്ക് നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു സേനാവൃത്തങ്ങൾ പറഞ്ഞു. 

ജെഎഫ് 17 യുദ്ധവിമാനങ്ങളാണ് അതിർത്തിയിലുള്ളതെന്നാണു നിഗമനം.

കേന്ദ്രഭരണ പ്രദേശമാക്കിയ ജമ്മു കശ്മീരിൽ അനിഷ്ട സംഭവങ്ങൾക്ക് പാക്കിസ്ഥാൻ നീക്കം നടത്തുന്നുവെന്ന ഇന്റിലിജൻസ് റിപ്പോർട്ടിനു പിന്നാലെയാണ് അതിർത്തിയിലെ സേനാവിന്യാസം സംബന്ധിച്ച സൂചനകൾ പുറത്തുവന്നത്. 

ഇതു സംബന്ധിച്ചു പാക്ക് മാധ്യമപ്രവർത്തകൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

അതിർത്തി മേഖല പൊതുവേ ശാന്തമാണെങ്കിലും ഷെല്ലാക്രമണം ഭയന്നു ഗ്രാമീണരിൽ പലരും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറിയിട്ടുണ്ട്.

നെഹ്റുവിനെതിരെ ചൗഹാന്റെ പരാമർശം വിവാദത്തിൽ 

ന്യൂഡൽഹി ∙ ഇന്ത്യ പിടിച്ചെടുത്ത പ്രദേശങ്ങൾ പാക്കിസ്ഥാനു വിട്ടുകൊടുത്ത ‘ക്രിമിനൽ’ നടപടിയാണു നെഹ്റു ചെയ്തതെന്ന ബിജെപി വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാന്റെ പരാമർശം വിവാദമായി. ഞായറാഴ്ച ഭുവനേശ്വറിൽ ബിജെപി അംഗത്വ വിതരണ കാംപെയിനിടയ്ക്കാണു വിമർശനം.

പാക്കിസ്ഥാനിൽ നിന്നുള്ള ഗോത്രവർഗക്കാരെ തുരത്തുന്നതിനിടെ ഇന്ത്യ പിടിച്ചെടുത്ത ഭാഗങ്ങൾ പാക്കിസ്ഥാനു നെഹ്റു തിരിച്ചു നൽകിയതാണ് ചൗഹാൻ വിമർശിച്ചത്.

ഇതു ചെയ്ത ക്രിമിനലാണ് നെഹ്റു എന്ന മട്ടിലാണ് അദ്ദേഹം പ്രസംഗിച്ചത്. 370–ാം വകുപ്പിന് നെഹ്റു അനുകൂലമായിരുന്നുവെന്നും ചൗഹാൻ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടിഷുകാർക്കൊപ്പം നിന്നതിന്റെ ജാള്യം മറയ്ക്കാനാണ് ബിജെപി നേതാക്കൾ നെഹ്റുവിനെ പഴിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 

കശ്മീർ വിഷയത്തെക്കുറിച്ച് പാർട്ടി പറയുന്നതിനപ്പുറത്തേക്ക് കയറി പറയരുതെന്ന് എല്ലാ സംസ്ഥാനത്തെയും പാർട്ടി വക്താക്കളെ ബിജെപി ബോധവൽക്കരിച്ചിരുന്നു. ജനറൽ സെക്രട്ടറി അരുൺ സിങ്ങും മാധ്യമങ്ങളുടെ ചുമതലയുളള അനിൽ ബലൂണിയും ഇതു സംബന്ധിച്ച് അമിത് ഷായുടെ നിർദേശം വിഡിയോ കോൺഫറൻസിങ്ങിലൂടെ വക്താക്കളെ അറിയിച്ചിരുന്നു. അതിനിടയ്ക്കാണു ദേശീയ നേതാവിന്റെ പ്രതികരണം.

നടപടി ജനാധിപത്യവിരുദ്ധം: വിജയ് സേതുപതി

ചെന്നൈ ∙ കശ്മീരിലെ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ പ്രത്യേക പദവി റദ്ദാക്കിയതു ജനാധിപത്യവിരുദ്ധമാണെന്നു നടൻ വിജയ് സേതുപതി.

കേന്ദ്ര സർക്കാർ നടപടിയെ നടൻ രജനീകാന്ത് പിന്തുണച്ചതിനു പിന്നാലെയാണു പ്രതികരണം. നിർണായകമായ തീരുമാനമാണിതെന്നും അതു ജനങ്ങളിൽ അടിച്ചേൽപിക്കുകയല്ല വേണ്ടതെന്നും ഓസ്ട്രേലിയയിലെ തമിഴ് റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com