ADVERTISEMENT

ന്യൂഡൽഹി ∙ ഉപഭോക്തൃ സംരക്ഷണത്തിനു സ്വമേധയാ കേസെടുക്കാൻ അധികാരത്തോടെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റി (സിസിപിഎ) അടക്കം, പരിഷ്കാരങ്ങൾ 3 മാസത്തിനുള്ളില്ലെന്നു കേന്ദ്രം.

ഇതിനായി പാർലമെന്റ് പാസാക്കിയ ഉപഭോക്തൃ സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകാൻ സംസ്ഥാനങ്ങളുമായും ആശയവിനിമയം നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി റാം വിലാസ് പാസ്വാൻ വ്യക്തമാക്കി. നിയമം നടപ്പാക്കാൻ 6 മാസത്തെ സമയമാണു പാർലമെന്റ് അനുവദിച്ചിരിക്കുന്നത്. 

സംസ്ഥാന, ജില്ലാതല കമ്മിഷനുകളിൽ ആരൊക്കെ വേണമെന്നു സംസ്ഥാനങ്ങൾ തീരുമാനിക്കും. അവരുടെ യോഗ്യത കേന്ദ്രം നിശ്ചയിക്കും. കമ്മിഷനിൽ നിശ്ചിത ജുഡീഷ്യൽ അംഗങ്ങൾ വേണമെന്ന വ്യവസ്ഥ ലഘൂകരിക്കും. യുഎസ് ഫെഡറേഷൻ ട്രേഡ് കമ്മിഷൻ, ഓസ്ട്രേലിയൻ കൺസ്യൂമർ ആൻഡ് കോംപറ്റീഷൻ കമ്മിഷൻ തുടങ്ങിയവയിൽ നിന്നുകൂടി പാഠമുൾക്കൊണ്ടാവും സിസിപിഎ എന്നും മന്ത്രി വ്യക്തമാക്കി.

ഉപഭോക്താവിന്റെ പരാതിയിൽ 21 ദിവസത്തിനുള്ളിൽ കമ്പനി വിശദീകരണം നൽകിയില്ലെങ്കിൽ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യപ്പെടും. 

സർവീസ് ചാർജിന്റെ മറവിൽ അധികനിരക്ക് ഈടാക്കുന്നതിനു നിയന്ത്രണം കൊണ്ടുവരും. ഇരട്ട എംആർപി അനുവദിക്കില്ല. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും മോശം ഉൽപന്നങ്ങൾക്കും കാരണക്കാരായ കമ്പനികൾക്കു കർശന നിയന്ത്രണം, മോശം ഉൽപന്നങ്ങൾ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്ന താരങ്ങൾക്കു പിഴ തുടങ്ങിയവയും നിയമത്തിന്റെ ഭാഗമാണ്. ‌‌‌

നക്ഷത്ര ഹോട്ടൽ: കൊള്ളവില വിശദീകരിക്കേണ്ടി വരും

മുട്ടയും പഴവും പോലുള്ളവയ്ക്കു കൊള്ളവില ഈടാക്കുന്ന നക്ഷത്ര ഹോട്ടലുകളിലെ രീതി അവസാനിപ്പിക്കുമെന്നു മന്ത്രി പാസ്വാൻ. 5 പഞ്ചനക്ഷത്ര ഹോട്ടലുകളോടു വിശദീകരണം തേടുമെന്നും വ്യക്തമാക്കി.

ചണ്ഡിഗഡിലെ നക്ഷത്ര ഹോട്ടലിൽ 2 പഴത്തിന് 442 രൂപ ഈടാക്കിയതായി നടൻ രാഹുൽ ബോസിന്റെ വിഡിയോ പ്രചരിച്ചിരുന്നു. മറ്റൊരു ഹോട്ടലിൽ 2 മുട്ടയ്ക്ക് 1700 രൂപ ഈടാക്കിയതു സംബന്ധിച്ച പരാതിയും പുറത്തുവന്നു. എന്ത് പേരിലായാലും ഇത്രയും തുക ഈടാക്കിയത് എങ്ങനെയാണെന്നും മന്ത്രി ചോദിച്ചു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com