ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവ് പദവിയിൽനിന്ന് അധീർ രഞ്ജൻ ചൗധരിയെ മാറ്റി ശശി തരൂരിനെ നിയമിക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ, പഞ്ചാബ് പിസിസി പ്രസിഡന്റുമാർ.

ഇടക്കാല പ്രസിഡന്റിനെ തീരുമാനിക്കാൻ കഴിഞ്ഞ ദിവസം യോഗം ചേർന്ന പ്രവർത്തക സമിതിയംഗങ്ങൾ സംസ്ഥാന ഘടകങ്ങളുമായി ചർച്ച നടത്തിയപ്പോഴാണു സച്ചിൻ പൈലറ്റ് (രാജസ്ഥാൻ), സുനിൽ ഝക്കർ (പഞ്ചാബ്) എന്നിവർ ലോക്സഭാ കക്ഷി നേതൃപദവിയിൽ അധീർ ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടിയത്.

നിലവിൽ, നേതാവാകാൻ യോഗ്യൻ തരൂരാണെന്ന് ഇരുവരും വാദിച്ചു. കേരളത്തിനു ശേഷം കോൺഗ്രസിന് ഏറ്റവുമധികം സീറ്റ് (8) ലഭിച്ച സംസ്ഥാനമായ പഞ്ചാബും യുവനേതാക്കളിൽ പ്രമുഖനായ സച്ചിനും തരൂരിനു പിന്തുണയറിയിച്ചതോടെ, അണിയറ ചർച്ച സജീവമായി.കശ്മീർ വിഷയത്തിൽ ലോക്സഭയിൽ വിവാദ പരാമർശത്തിലൂടെ അധീർ പാർട്ടിയെ വെട്ടിലാക്കിയത് ഇരുവരും യോഗത്തിൽ ചൂണ്ടിക്കാട്ടി.

1948 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിലുള്ള കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നായിരുന്നു പരാമർശം.

ലോക്സഭയിൽ ബിജെപിയെ ആശയപരമായി നേരിടാൻ കൂടുതൽ യോഗ്യൻ തരൂരാണെന്നും ഝക്കർ കൂട്ടിച്ചേർത്തു. സച്ചിനും സമാന അഭിപ്രായം പങ്കുവച്ചു.

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെ തരൂർ കക്ഷി നേതാവാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും സോണിയ ഗാന്ധി അധീറിനെ തിരഞ്ഞെടുക്കുകയായിരുന്നു.

തരൂർ നേതാവാകുന്നതിനെ കേരളത്തിലെ നേതൃത്വം കാര്യമായി പിന്തുണച്ചില്ലെന്നാണു സൂചന. തൃണമൂലിനെ തോൽപിച്ച അധീറിനെ നേതാവാക്കിയതിൽ ബംഗാൾ മുഖ്യമന്ത്രി മമതയ്ക്കും നീരസമുണ്ട്.

ശശി തരൂരിനെതിരെ  അറസ്റ്റ് വാറന്റ്

കൊൽക്കത്ത ∙ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബിജെപി ഭരണഘടന തിരുത്തിയെഴുതുമെന്നും ‘ഹിന്ദു പാക്കിസ്ഥാൻ’ രൂപീകരിക്കാൻ അതു വഴിതെളിക്കുമെന്നുമായിരുന്നു തരൂരിന്റെ പരാമർശം. 

ഇത് അപസ്വരം ഉണ്ടാക്കുമെന്നാരോപിച്ച് സുമിത് ചൗധരി നൽകിയ പരാതിയിലാണു ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് ജാമ്യം കിട്ടാവുന്ന വകുപ്പുകളിൽ അറസ്റ്റ് വാറന്റ് നൽകിയത്. വാദം സെപ്റ്റംബർ 24 നു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com