ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിലെ തർക്കമന്ദിരം 19–ാം നൂറ്റാണ്ടു മുതലാണു ബാബറി മസ്ജിദെന്ന് അറിയപ്പെടാൻ തുടങ്ങിയതെന്നു രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ സുപ്രീം കോടതിയിൽ വാദം.

രാം ലല്ലയ്ക്കുവേണ്ടി ഹാജരാകുന്ന സി.എസ്. വൈദ്യനാഥനാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ചിന്റെ ചോദ്യത്തിനു മറുപടിയായി ഈ വാദമുന്നയിച്ചത്. 

മന്ദിരം തകർക്കാൻ ബാബർ നിർദേശിച്ചുവെന്നതിനു വസ്തുതാപരമായ തെളിവുണ്ടോയെന്നു കോടതി ചോദിച്ചു. മന്ദിരം തകർക്കാൻ ബാബർ അദ്ദേഹത്തിന്റെ ജനറലിനോടു നിർദേശിച്ചുവെന്ന് വൈദ്യനാഥൻ പറഞ്ഞു.

മന്ദിരം തകർത്തത് ബാബറെന്നും  ഒൗറംഗസീബെന്നും 2 വ്യാഖ്യാനങ്ങളുണ്ട്. 3 താഴികക്കുടങ്ങളുള്ള മന്ദിരം പണിതതു ബാബറെന്നാണ് അതിന്മേലുളള ലിഖിതങ്ങൾ സൂചിപ്പിക്കുന്നത്. 1786നു മുൻപ് മന്ദിരം തകർക്കപ്പെട്ടു എന്നു വ്യക്തമാണ്. 

17–ാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലിഷ് വ്യാപാരി വില്യം ഫിഞ്ചിന്റെ യാത്രാവിവരണത്തിൽ, അയോധ്യയിൽ രാമജന്മസ്ഥലമെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന സ്ഥലത്തു കോട്ടയുള്ളതായി പരാമർശിക്കുന്നു.

മറ്റു ചില വിദേശികളുടെ പുസ്തകങ്ങളിലെയും പുരാണങ്ങളിലെയും പരാമർശങ്ങളും വൈദ്യനാഥൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. 

ബാബറി മസ്ജിദിനെക്കുറിച്ചു ബാബർനാമയിൽ പരാമർശമില്ലെന്നു വൈദ്യനാഥൻ പറഞ്ഞപ്പോൾ, സുന്നി വഖഫ് ബോർഡുൾപ്പെടെ ചില കക്ഷികൾക്കുവേണ്ടി ഹാജരാകുന്ന രാജീവ് ധവാൻ എതിർത്തു.

നദി കടന്ന് ബാബർ അയോധ്യയിലേക്കു പോകുന്നതായി ബാബർനാമയിലുണ്ടെന്നും ഗ്രന്ഥത്തിലെ ചില കടലാസുകൾ കാണാതായിട്ടുണ്ടെന്നും രാജീവ് ധവാൻ പറഞ്ഞു.

തർക്കഭൂമിയിൽ അവകാശമുന്നയിക്കുന്നത് ജനത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിനെ ഭാഗം വയ്ക്കാനാവില്ലെന്നും വൈദ്യനാഥൻ പറഞ്ഞു.

രാമജന്മസ്ഥാനത്ത് ക്ഷേത്രാവശിഷ്ടങ്ങൾക്കു മുകളിലാണ് മസ്ജിദ്. ശരിയത്ത് നിയമപ്രകാരം അതിനെ മസ്ജിദായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. കേസിൽ നാളെ വാദം തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com