sections
MORE

കശ്മീരിനേക്കാൾ വലിയ തീരുമാനമില്ല: മോദി

modi
SHARE

ന്യൂഡൽഹി ∙ കശ്മീരിനെക്കാൾ വലിയ തീരുമാനം ഉണ്ടാകാനില്ലെന്നും രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങളിൽ  അസാധ്യമെന്നു കരുതിയിരുന്ന കർശന തീരുമാനങ്ങൾ യാഥാർഥ്യമായി തീരുന്നതു ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

രണ്ടാം മോദി സർക്കാർ അധികാരത്തിൽ 75 ദിവസം  പിന്നിടുമ്പോൾ, വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ എഡിറ്റർ ഇൻ ചീഫ് സഞ്ജീവ് ബംസായിയുമായി നടത്തിയ ദീർഘ അഭിമുഖത്തിലാണു പ്രധാനമന്ത്രി നിലപാടുകൾ വ്യക്തമാക്കിയത്.  

ചന്ദ്രയാൻ–2, മുത്തലാഖ് നിരോധനം, കശ്മീർ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങി ഒട്ടേറെ നിർണായക തീരുമാനങ്ങളാണ് ഈ ചെറിയ കാലയളവിൽ സർക്കാരെടുത്തത്. ജനങ്ങളുടെ ശക്തമായ പിന്തുണയും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ എന്തെല്ലാം സാധ്യമാകുമെന്ന് തങ്ങൾ കാട്ടിക്കൊടുക്കുകയാണെന്നു മോദി പറഞ്ഞു. 

നമ്മുടെ ഏറ്റവും അടിയന്തരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വലിയ തുടക്കമാണിത്. 17–ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തന്നെ ഒരു റെക്കോർഡായിരുന്നു– 1952 നു ശേഷമുള്ള ഏറ്റവും ക്രിയാത്മക സമ്മേളനം.

ഈ സമ്മേളനത്തിലാണു കർഷകർക്കും വ്യാപാരികൾക്കുമുള്ള പെൻഷൻ പദ്ധതി, മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ നവീകരിക്കാനുള്ള പരിഷ്കാരങ്ങൾ, കടക്കെണിയിലായ കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് ഭേദഗതി, തൊഴിൽനിയമ ഭേദഗതികൾ എന്നിവയെല്ലാം അവതരിപ്പിക്കപ്പെട്ടത്.

2014 ൽ തങ്ങൾ അധികാരമേൽക്കുമ്പോൾ മുതൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെപ്പറ്റി ഒട്ടേറെ പരാതികളും ആശങ്കകളും ഉന്നയിക്കപ്പെട്ടിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. തുടർന്നാണു നാഷനൽ മെഡിക്കൽ കമ്മിഷൻ രൂപീകരിക്കാൻ സർക്കാർ തയാറായത്.ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണു ആയുഷ്മാൻ ഭാരത് കൊണ്ടുവരുന്നത്. ഓരോ 3 ജില്ലകൾക്കിടയിലും ഒരു മെഡിക്കൽ കോളജെങ്കിലും ഉറപ്പുവരുത്തുകയാണു ലക്ഷ്യം.  

കഴിഞ്ഞ 5 വർഷത്തിനിടയിൽ അഴിമതിയിൽ കാര്യമായ കുറവു വന്നതായും മോദി അവകാശപ്പെട്ടു. ആദായ നികുതി റിട്ടേൺ നൽകുന്നവരുടെ എണ്ണം 5 വർഷത്തിനിടെ ഇരട്ടിയായി. 

രാഷ്ട്രീയ കുടുംബവാഴ്ചക്കാരും സ്ഥാപിത താൽപര്യക്കാരും ഭീകരതയോട് അനുഭാവമുള്ളവരും മാത്രമാണു കേന്ദ്രസർക്കാരിന്റെ കശ്മീർ തീരുമാനത്തെ എതിർക്കുന്നത്. പക്ഷേ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളും സർക്കാരിനെ അനുകൂലിച്ചു; കശ്മീരിനേക്കാൾ വലിയ തീരുമാനം ഉണ്ടായിട്ടില്ല– മോദി പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA