ADVERTISEMENT

ന്യൂഡൽഹി ∙ ‌ഉന്നാവ് പീഡനക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെതിരെ കുരുക്കു മുറുകുന്നു.

കേസ് പരിഗണിച്ച തീസ് ഹസാരി കോടതി, സെൻഗറിനെതിരെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി. പൊതുപ്രവർത്തകൻ എന്ന നിലയിൽ കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുന്നതാണ് മാറ്റം.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരമായിരുന്നു നേരത്തേ കേസ്. ഇതിനു പകരം, 5(സി), 6(സി) വകുപ്പുകളാണ് ജില്ലാ ജഡ്ജി ധർമേശ് ശർമ ചുമത്തിയത്.

നേരത്തേയുണ്ടായിരുന്ന വകുപ്പുകൾ പ്രകാരം 7 വർഷം വരെ തടവു ലഭിക്കുമായിരുന്നെങ്കിൽ ഇപ്പോഴത് 10 വർഷം വരെയാകുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എല്ലാ വകുപ്പുകളും ചേർത്താൽ ജീവപര്യന്തം വരെയാകാം.

സെൻഗറിന്റെ കൂട്ടാളി ശശി സിങ്ങിനെതിരായ കേസിലും സമാനമായ മാറ്റം കോടതി നിർദേശിച്ചു. പെൺകുട്ടിയുടെ അമ്മയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ മുന്നോട്ടുവച്ച നിർദേശം പബ്ലിക് പ്രോസിക്യൂട്ടറും അംഗീകരിച്ചു.

17 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ 2017 ജൂൺ 4നു ജോലി നൽകാമെന്നു വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നാണു സെൻഗറിനെതിരായ കേസ്.

ഇതിനിടെ, പെൺകുട്ടിയുടെ അമ്മയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ധർമേന്ദ്ര മിശ്രയെ കോടതി വളപ്പിൽ സെൻഗർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോടതി വിശദീകരണം തേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com