ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ നിശാനിയമത്തിൽ ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി. ചിലയിടങ്ങളിൽ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇടക്കാലത്ത് കശ്മീരിൽനിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകൾ വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുഹമ്മദ് സിദ്ദിഖ് ദലാൽ (78), സമീർ ഹുസൈൻ ഖുദ്‍രി (46) എന്നിവരെ പെല്ലറ്റ് ഏറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീനഗറിൽ കല്ലേറു നടത്തിയവരെ പിരിച്ചു വിടുന്നതിനിടെയാണു സമീപത്തുണ്ടായിരുന്ന ഇവർക്കു പരുക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. നിർത്തിവച്ചിരുന്ന ഇന്റർനെറ്റ് സേവനം ഞായറാഴ്ചയോടെ ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും അക്രമ സംഭവങ്ങളെത്തുടർന്നു വീണ്ടും നിർത്തി. കശ്മീർ താഴ്‍വരയിലെ‍ 190 സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും അധികം വിദ്യാർഥികളെത്തിയില്ല. പലയിടത്തും അധ്യാപകർ എത്തി. ശ്രീനഗറിലും താഴ്‍വരയുടെ മറ്റു ഭാഗങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. അപൂർവം വാഹനങ്ങളാണു നിരത്തിലിറങ്ങിയത്.

അതിർത്തി ജില്ലകളിലെ സ്കൂളുകളുടെ പ്രവർത്തനം പൂർണമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കോളജുകളും ഹയർ സെക്കൻഡറി സ്കൂളുകളും പ്രവർത്തിച്ചതായി ഡപ്യൂട്ടി കമ്മിഷണർ ഐജാസ് ആസാദ് പറഞ്ഞു. രജൗരി, പൂഞ്ച്, റംബാൻ, ദോഡ, കിഷ്ത്വാർ എന്നിവിടങ്ങളിൽ സ്കൂളുകൾ പ്രവർത്തിച്ചു. മേഖലയിൽ സ്ഥിതി ശാന്തമാണ്. രജൗരിയിൽ കമ്പോളങ്ങൾ പ്രവർത്തിച്ചതായും അധികൃതർ പറഞ്ഞു. ജമ്മു, കത്വ, സംബ, ഉധംപുർ, റിയാസി എന്നിവിടങ്ങളിലെ സ്കൂളുകൾ 10നു തുറന്നിരുന്നു.

ബാരാമുള്ള, സോപോർ, സിങ്പുര, പൽഹാലൻ, പഠാൻ എന്നിവിടങ്ങളിൽ ഇളവുകളൊന്നും നൽകിയിട്ടില്ല. മറ്റിടങ്ങളിൽ നിശാനിയമത്തിൽ ഇളവു നൽകിയെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ ജിഎസ്ടി റിട്ടേണുകൾ നൽകാനുളള സമയം കശ്മീരിൽ നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

‌ഡോവൽ അമിത് ഷായെ കണ്ട് സ്ഥിതി ധരിപ്പിച്ചു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള അവിടത്തെ സ്ഥിതിഗതികൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു.

ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കശ്മീരിന്റെ പദവി എടുത്തു കളഞ്ഞ അന്നു മുതൽ 10 ദിവസം ഡോവൽ കശ്മീരിലുണ്ടായിരുന്നു.

കശ്മീർ: പാക്ക് നീക്കത്തിനെതിരെ അഫ്ഗാൻ

വാഷിങ്ടൻ ∙ അഫ്ഗാനിസ്ഥാനിലെ സമാധാനപ്രക്രിയയെ കശ്മീർ പ്രശ്നവുമായി ബന്ധിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ യുഎസിലെ അഫ്ഗാൻ അംബാസഡർ റോയ റഹ്മാനി നിശിതമായി വിമർശിച്ചു. അഫ്ഗാനിസ്ഥാനിൽ അക്രമം തുടരുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പാക്ക് തന്ത്രമാണിത്.

കശ്മീർ പ്രശ്നം മൂലം അഫ്ഗാൻ അതിർത്തിയിലുള്ള പാക്ക് സൈന്യത്തെ ഇന്ത്യ–പാക്ക് ‌അതിർത്തിയിലേക്കു മാറ്റേണ്ടിവന്നാൽ അത് അഫ്ഗാൻ സമാധാനനീക്കം അപകടത്തിലാക്കുമെന്ന് പാക്ക് അംബാസഡർ ആസാദ് മജീദ് ഖാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

കശ്മീർ ഇന്ത്യ–പാക്ക് ഉഭയകക്ഷിപ്രശ്നമാണ്. താലിബാനെതിരായ നടപടി സ്വീകരിക്കാതിരിക്കുന്നതു മറച്ചുപിടിക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമമാണിതെന്ന് റഹ്മാനി കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com