ADVERTISEMENT

ന്യൂഡൽഹി∙ ആകാശക്കരുത്തിനു മൂർച്ച നൽകാൻ കൂടുതൽ സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ വ്യോമസേന. പഴക്കം ചെന്ന ജാഗ്വർ വിമാനങ്ങളുടെ എൻജിൻ നവീകരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച്, പകരം പുതിയ സുഖോയ് 30 എംകെഐ വിമാനങ്ങൾ വാങ്ങാനാണു നീക്കം. 

എൻജിൻ നവീകരണത്തിന്റെ ചെലവു കണക്കാക്കുമ്പോൾ, പുതിയവ വാങ്ങുന്നതാണ് ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. നവീകരണം ഒഴിവാക്കിയാൽ, സേനയുടെ യുദ്ധവിമാന ശേഖരത്തിൽ നിന്നു ജാഗ്വർ ക്രമേണ നീക്കം ചെയ്യും.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണു സുഖോയ് നിർമിക്കുന്നത്. റഷ്യൻ സഹായത്തോടെ നിലവിലുള്ള സുഖോയ് വിമാനങ്ങളുടെ ആയുധ, സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതും പരിഗണനയിലുണ്ട്.

sukhoi

നിലവിൽ, 31 ഫൈറ്റർ സ്ക്വാഡ്രണുകളാണു (ഒരു സ്ക്വാഡ്രണിലുള്ളത് 18 യുദ്ധവിമാനങ്ങൾ) സേനയുടെ പക്കലുള്ളത്. സ്ക്വാഡ്രൺ ശേഷി 42 ആണെന്നിരിക്കെ, കൂടുതൽ യുദ്ധവിമാനങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോടു സേന ആവശ്യപ്പെട്ടിട്ടുണ്ട്.

സുഖോയ് 30 എംകെഐ, ജാഗ്വർ എന്നിവയ്ക്കു പുറമേ, മിഗ് 21, മിഗ് 27, മിഗ് 29, മിറാഷ് 2000 എന്നിവയാണു സേനയുടെ പക്കലുള്ളത്. കാലപ്പഴക്കം ചെന്ന മിഗ് 21, 27 വിമാനങ്ങൾ വരും വർഷങ്ങളിൽ ഘട്ടം ഘട്ടമായി ഒഴിവാക്കും. 

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലുൾപ്പെടുത്തി വിദേശ പങ്കാളിത്തത്തോടെ 114 യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.

റഫാൽ സെപ്റ്റംബറിൽ

ഫ്രാൻസിൽ നിന്നു വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് അടുത്ത മാസം പകുതിയോടെ ഇന്ത്യയിലെത്തും. നാലെണ്ണം 2020 ഏപ്രിൽ – മേയ് മാസങ്ങളിലെത്തും. 2022ന് അകം 36 വിമാനങ്ങൾ സേനയുടെ ഭാഗമാകും.  പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ അവ ആകാശക്കാവലൊരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com