ADVERTISEMENT

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വെട്ടിലാക്കി ഉൾപ്പാർട്ടി പോര്. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഈ വർഷമവസാനമുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി മുന്നേറുമ്പോൾ സംഘടനാതലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ ഇരുട്ടിൽത്തപ്പുകയാണു കോൺഗ്രസ്.

സംസ്ഥാന ഘടകങ്ങളിലെ മുൻനിര നേതാക്കൾ കലാപക്കൊടി ഉയർത്തിയതാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. സംസ്ഥാന നേതാക്കൾക്കിടയിലെ ചേരിപ്പോര് പരിഹരിക്കുക എന്നതാവും ഇടക്കാല പ്രസിഡന്റെന്ന നിലയിൽ സോണിയാ ഗാന്ധിയുടെ മുഖ്യ ദൗത്യങ്ങളിലൊന്ന്.

സമവായത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന സോണിയയുടെ ഇടപെടൽ പ്രശ്ന പരിഹാരത്തിനു വഴിയൊരുക്കുമെന്ന പ്രതീക്ഷ കൈവിടുന്നില്ലെങ്കിലും അത് എളുപ്പമാവില്ലെന്നു പാർട്ടി നേതാക്കൾ സമ്മതിക്കുന്നു.

സംസ്ഥാനങ്ങളിലെ പാർട്ടി അവസ്ഥ: 

മഹാരാഷ്ട്ര: പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു; മന്ത്രിയായി. മകൻ സുജയ്ക്ക് എൻസിപിയുടെ അഹമ്മദ്നഗർ ലോക്സഭാ സീറ്റ് വിട്ടുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതാണു പാട്ടീലിന്റെ ബിജെപി പ്രവേശത്തിൽ കലാശിച്ചത്. ദേശീയ പ്രസിഡന്റ് പദവിയിൽനിന്നു രാഹുൽ ഗാന്ധി പടിയിറങ്ങിയതിനു പിന്നാലെ, മിലിന്ദ് ദേവ്‌റ മുംബൈ മേഖലാ (എംആർസിസി) പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക്നാഥ് ഗയ്ക്‌വാദ് ആണു നിലവിലെ വർക്കിങ് പ്രസിഡന്റ്. മഹാരാഷ്ട്ര പിസിസി അധ്യക്ഷനായി കഴിഞ്ഞ മാസം ചുമതലയേറ്റ ബാലാസാഹെബ് തോറാട്ടിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം രംഗത്തുണ്ട്.

ജാർഖണ്ഡ്: പിസിസി പ്രസിഡന്റ് അജോയ് കുമാർ രണ്ടാഴ്ച മുൻപു രാജിവച്ചു. ഇതിലും ഭേദം ക്രിമിനലുകളാണ് എന്നു സഹപ്രവർത്തകരെ വിശേഷിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. രാഹുൽ ഗാന്ധിക്കയച്ച 3 പേജ് രാജിക്കത്തിൽ, സംസ്ഥാന ഘടകത്തിലെ നേതാക്കൾ തമ്മിലുള്ള രൂക്ഷ പോരിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. പുതിയ പിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പാർട്ടിക്കായിട്ടില്ല.

ഹരിയാന: മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും പിസിസി പ്രസിഡന്റ് അശോക് തൻവറും തമ്മിൽ പരസ്യ യുദ്ധം. തന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് വിടുമെന്നും സൂചിപ്പിച്ച് ഹൂഡ രംഗത്തുണ്ട്. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്ന ഹൂഡയെ ആവശ്യമില്ലെന്ന നിലപാടിലാണു തൻവർ. കഴിഞ്ഞ ദിവസം ഹൂഡ നടത്തിയ റാലിയിൽ നിന്നു തൻവർ വിട്ടുനിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com