ADVERTISEMENT

ന്യൂഡൽഹി ∙ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടിന് ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് 3 ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന ഫെയ്സ്ബുക്കിന്റെ ഹർജിയിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടിസ്. ഗൂഗിൾ, ട്വിറ്റർ, യുട്യൂബ് എന്നിവയ്ക്കും നോട്ടിസുണ്ട്.  അടുത്ത മാസം 13നകം മറുപടി നൽകണം.  

മദ്രാസ് ഹൈക്കോടതിയിൽ ഇന്നു വാദം കേൾക്കുന്ന കേസിലെ നടപടികൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചെങ്കിലും, അന്തിമ ഉത്തരവു നൽകരുതെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മദ്രാസിനു പുറമേ, മധ്യപ്രദേശ്,  ബോംബെ ഹൈക്കോടതികളിലാണ് കേസുകൾ നിലവിലുള്ളത്. മദ്രാസ് ഹൈക്കോടതി 18 ദിവസം വാദം കേട്ടു കഴിഞ്ഞെന്നും വാദം പൂർത്തിയാക്കി വിധി പറയാൻ അനുവദിക്കണമെന്നും തമിഴ്നാട് സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു.

ബ്ലൂ വെയിൽ ഗെയിം ഒട്ടേറെ ഇന്ത്യക്കാരുടെ ജീവൻ കവർന്നെന്നും ഈ ഗെയിമിന്റെ ഉപജ്ഞാതാക്കൾ ആരെന്നുപോലും കണ്ടെത്താനാവാതെ സർക്കാർ ബുദ്ധിമുട്ടുകയാണെന്നും വേണുഗോപാൽ വിശദീകരിച്ചു.  

അതേസമയം, ഫെയ്സ്ബുക്കും വാട്സാപ്പും നൂറ്റൻപതിലേറെ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളാണെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അവയുടെ രാജ്യാന്തര പ്രവർത്തനത്തെ ബാധിക്കാമെന്നും കമ്പനികൾക്കുവേണ്ടി ഹാജരായ മുകുൾ റോഹത്ഗിയും കപിൽ സിബലും വാദിച്ചു.

രാജ്യാന്തര വശം പരിഗണിക്കുമ്പോൾ, ക്രിമിനൽ കേസുകളുടെ അന്വേഷണത്തിൽ സഹായിക്കാനെന്നോണം ഡേറ്റ അന്വേഷണ ഏജൻസികൾക്കു കൈമാറണമോയെന്നത് സുപ്രീം കോടതി തീരുമാനിക്കേണ്ട വിഷയമാണെന്നും റോഹത്ഗിയും സിബലും വാദിച്ചു. 

സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഫെയ്സ്ബുക് വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് ചെന്നൈ പൊലീസ് കമ്മിഷണറുടെ നിലപാട്. ഫെയ്സ്ബുക്,  വാട്സാപ് എന്നിവയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളപ്പോൾ, കേസ് മദ്രാസ് ഹൈക്കോടതിതന്നെ പരിഗണിക്കട്ടെയെന്ന് തമിഴ്നാട് സർക്കാർ നിർബന്ധം പിടിക്കുന്നതെന്തിനാണെന്നും റോഹത്ഗി ചോദിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com