ADVERTISEMENT

ജമ്മു ∙ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ ജമ്മു വിമാനത്താവളത്തിൽ തടഞ്ഞ് ഡൽഹിയിലേക്കു മടക്കി അയച്ചു.

കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിനെ തുടർന്ന് 8ന് ഇവിടെത്തിയപ്പോഴും അദ്ദേഹത്തെ മടക്കി അയച്ചിരുന്നു.

രാജ്യസഭയിലെ പ്രതിപക്ഷനേതാവ് കൂടിയായ ആസാദ് ഡൽഹിയിൽ നിന്ന് 2.45 നാണ് ഇവിടെത്തിയത്. വിമാനത്താവളത്തിനു പുറത്തിറങ്ങാൻ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഡൽഹിക്കുള്ള അടുത്ത വിമാനത്തിൽ അദ്ദേഹം മ‍ടങ്ങിപ്പോയി.

സ്വന്തം നാട്ടിൽ വരാനും വീട്ടിൽ പോകാനും പാർട്ടി ആസ്ഥാനത്തു നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനും അനുവദിക്കാതിരുന്നത് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് വക്താവ് രവീന്ദർ ശർമ ചൂണ്ടിക്കാട്ടി.

ഇതിനിടെ, ശ്രീനഗറിലെ ലാൽ ചൗക്കിലുള്ള ക്ലോക്ക് ടവറിനു ചുറ്റും രണ്ടാഴ്ച മുൻപ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കി. ഇതോടെ വാഹനഗതാഗതവും ആൾസഞ്ചാരവും വർധിച്ചു. നഗരത്തിൽ പലയിടത്തും നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും പുറത്ത് വിലക്കുകൾ തുടരുകയാണ്. 

ഇന്നലെ പ്രൈമറി സ്കൂളുകൾ തുറന്നെങ്കിലും ഹാജർ തീരെ കുറവായിരുന്നു. എന്നാൽ അധ്യാപകർ എത്തിയിരുന്നു. ഇന്നാണ് മിഡിൽ സ്കൂളുകൾ തുറക്കുക. സെക്രട്ടേറിയറ്റിൽ 98% ഹാജർ രേഖപ്പെടുത്തി. മറ്റു സർക്കാർ ഓഫിസുകളിലെ ഹാജർ നിലയും മെച്ചപ്പെട്ടുതുടങ്ങി. 

ഇന്റർനെറ്റും മൊബൈൽ സേവനവും ഇല്ലാതായിട്ട് 16 ദിവസമായി. തിങ്കളാഴ്ച ലാൻഡ്ഫോൺ സംവിധാനം പുനഃസ്ഥാപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും മിക്കയിടത്തും പഴയപടിയാണ്. താഴ്‌വരയിൽ യുവാക്കളും സേനയും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായെങ്കിലും സ്ഥിതിഗതികൾ പൊതുവെ ശാന്തമാണ്.

ആഴ്ചയിൽ ഒരിക്കലുള്ള പൂഞ്ച്– റാവൽക്കോട്ട് ബസ് സർവീസും പാക്കിസ്ഥാനിൽ നിന്ന് അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് മുടങ്ങി. പാക്ക് അധീന കശ്മീരിലുള്ള 42 പേർ നാട്ടിലേക്കു പോകാനാവാതെ കുടുങ്ങി. 

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ വിവരം അറിയിക്കാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അഖ്നൂരിൽ ഒരാൾക്കെതിരെയും രജൗറിയിൽ 2 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അഖ്നൂരിൽ ഒരാളെ അറസ്റ്റ് ചെയ്തു. ജമ്മുവിൽ ശനിയാഴ്ച ഇന്റർനെറ്റ് പുനഃസ്ഥാപിച്ചെങ്കിലും ആശങ്കയുളവാക്കുന്ന വാർത്തകൾ പ്രചരിപ്പിച്ചെന്നു കണ്ടതിനെ തുടർന്ന് ഞായറാഴ്ച വിഛേദിച്ചു.

കശ്മീരിലെ  ‘കടുത്ത സാഹചര്യം’ മയപ്പെടുത്താൻ ട്രംപ്

ന്യൂഡൽഹി ∙ കശ്മീർ പ്രശ്നത്തിൽ സ്ഥിതി ശാന്തമാക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരോക്ഷ ഇടപെടൽ.

ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ മയപ്പെടുത്തണമെന്നും സ്ഥിതി വഷളാകാതിരിക്കാൻ ഇരുരാജ്യങ്ങളും സംയമനം പാലിക്കേണ്ടതുണ്ടെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ട്രംപ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപ്, ഇമ്രാനെ വിളിച്ചത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഒഴിവാക്കിയ പശ്ചാത്തലത്തിൽ, പാക്കിസ്ഥാൻ നടത്തുന്ന ഇന്ത്യാ വിരുദ്ധ പരാമർശങ്ങളും അക്രമം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും സമാധാനത്തിനു സഹായകരമല്ലെന്നു ട്രംപിനോട് മോദി വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യുഎസ് പ്രതിരോധ സെക്രട്ടറി ഡോ. മാർക് ടി. എസ്പറുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിലും കശ്മീർ പ്രശ്നം പരാമർശിക്കപ്പെട്ടു.

മേഖലയിൽ സമാധാനവും സുസ്ഥിരതയും സാധ്യമാക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് യുഎസ് നൽകുന്ന പിന്തുണ എടുത്തു പറഞ്ഞ രാജ്നാഥ്, 370–ാം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഏതു വിഷയവും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നു എസ്പർ പ്രത്യാശ പ്രകടിപ്പിച്ചു. 

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രധാനമന്ത്രിമാരുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ട്രംപ് ‘കടുത്ത സാഹചര്യം, പക്ഷേ, നല്ല സംഭാഷണങ്ങൾ’ എന്ന് ട്വീറ്റ് ചെയ്തു.

എന്നാൽ, കശ്മീർ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ട്രംപ് പങ്കു വഹിക്കണമെന്ന് ഇമ്രാൻ ആവശ്യപ്പെട്ടതായി പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഇസ്‌ലാമാബാദിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com