ADVERTISEMENT

ന്യൂഡൽഹി ∙ ബാബറി മസ്ജിദ് നിലനിന്നിടത്തുനിന്നു ലഭിച്ച  വസ്തുക്കളും രേഖകളും വ്യക്തമാക്കുന്നത് അവിടെത്തന്നെയാണു ശ്രീരാമൻ ജനിച്ചതെന്നാണെന്നും അതിന്റേതായ പവിത്രത സ്ഥലത്തിനു കൽപിക്കപ്പെടേണ്ടതുണ്ടെന്നും രാമജന്മഭൂമി – ബാബറി മസ്ജിദ് കേസിൽ സുപ്രീം കോടതിയിൽ വാദം.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) നടത്തിയ ഉത്ഖനനത്തിൽ കണ്ടെത്തിയതു വിഷ്ണു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്നും രാം ലല്ലയ്ക്കുവേണ്ടി ഹാജരായ സി.എസ്. വൈദ്യനാഥൻ വാദിച്ചു.

പാഞ്ചജന്യം വാരികയുടെ പ്രതിനിധി നൽകിയ മൊഴിയിൽ മന്ദിരത്തിന്റെ പടിഞ്ഞാറെ ഭിത്തിയിൽനിന്ന് അടർന്നുവീണ കൽപലകയെക്കുറിച്ചുണ്ടെന്നും വൈദ്യനാഥൻ പറഞ്ഞു.

മൊഴിയനുസരിച്ച്, പൊലീസ് എത്തുന്നതിനു മുൻപ് ഒട്ടേറെ കൽപലകകൾ കർസേവകർ എടുത്തിരുന്നു. പടിഞ്ഞാറെ ഭിത്തിയിൽനിന്നു വീണ കൽപലകയിൽ 12ാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രേഖപ്പെടുത്തിയ ചില കാര്യങ്ങളാണുള്ളത്.

ഈ കൽപലക എവിടെനിന്നു ലഭിച്ചു എന്നതിനെക്കുറിച്ചു തർക്കമുണ്ട്. എന്നാൽ, അതിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ തർജമയെക്കുറിച്ചു തർക്കമില്ല.

അയോധ്യ തലസ്ഥാനമായ സാകേത മണ്ഡല ഭരിച്ചിരുന്ന ഗോവിന്ദ ചന്ദ്രയെന്ന രാജാവിനെക്കുറിച്ചും അവിടെ നിർമിച്ച വലിയ വിഷ്ണുക്ഷേത്രത്തെക്കുറിച്ചുമാണു കൽപലകയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

തെക്കു ഭാഗത്തുള്ള താഴികക്കുടത്തിന്റെ പടിഞ്ഞാറെ ഭിത്തിയിൽ ഉണ്ടായിരുന്നതാണു കൽപലകയെന്നാണു ക്രോസ് വിസ്താരത്തിൽ പാഞ്ചജന്യം പ്രതിനിധി പറഞ്ഞത്. എന്നാൽ, കൃത്യമായി എവിടെയാണു കൽപലക സ്ഥാപിച്ചിരുന്നതെന്ന് അദ്ദേഹത്തിനു പറയാനായില്ലെന്നും വൈദ്യനാഥൻ വിശദീകരിച്ചു.

തർക്കസ്ഥലത്തു വലിയ ക്ഷേത്രമുണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവേയുടെ അനുമാനം ശരിവയ്ക്കുന്നതാണു കൽപലകയിലെ പരാമർശങ്ങൾ.

അയോധ്യയിൽ രാമജന്മസ്ഥാനത്ത് ആരാധനയ്ക്കായി ഭക്തർ എത്തിയിരുന്നതായി ഹിന്ദുക്കൾ മാത്രമല്ല, മുസ്‌ലിംകളായ സാക്ഷികളും മൊഴി നൽകിയിട്ടുണ്ടെന്നും വൈദ്യനാഥൻ പറഞ്ഞു.

ക്ഷേത്രം തകർത്ത ശേഷമാണു മസ്ജിദ് നിർമിച്ചതെങ്കിൽ അതിനെ മസ്ജിദായി കണക്കാക്കാനാകില്ലെന്നു മുസ്‌ലിമായ ഒരു സാക്ഷി പറഞ്ഞിട്ടുണ്ടെന്നും വൈദ്യനാഥൻ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com