ADVERTISEMENT

ന്യൂഡൽഹി ∙ മോദി സർക്കാരിനെ ശക്തമായി വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നതിനാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പകപോക്കലാണ് ഐഎൻഎക്സ് മീഡിയ കേസിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസെന്ന് മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ പ്രത്യേകാനുമതി ഹർജിയിൽ പി.ചിദംബരം വ്യക്തമാക്കി.

ഹർജിയിലെ പ്രധാന വാദങ്ങൾ:

∙ ഐഎൻഎക്സ് മീഡിയയുടെ ഓഹരി മൂലധനത്തിന്റെ 46.126 ശതമാനത്തിനു തുല്യമായി വിദേശത്തുനിന്നു നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്ഐപിബി) അനുമതി നൽകി. 74% വരെ എഫ്ഡിഐ അനുവദനീയമായതിനാൽ നടപടി നിയമവിരുദ്ധമല്ല.

∙എഫ്ഐപിബി കേന്ദ്ര സർക്കാരിലെ 6 സെക്രട്ടറിമാരുടെ സമിതിയാണ്. അതിന്റെ തീരുമാനത്തിൽ തനിക്കു പങ്കില്ല. ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറിയാണ് സമിതി അധ്യക്ഷൻ.

∙എഫ്ഐപിബിയുടെ നിർദേശത്തിന് ധനമന്ത്രിയായ താൻ സാധാരണ കൃത്യനിർവഹണത്തിന്റെ ഭാഗമായി 2007 മേയിൽ അനുമതി നൽകി.

∙ഏകദേശം 10 വർഷത്തിനുശേഷം, വാക്കാലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത്. 

∙കാർത്തിയുമായി ബന്ധപ്പെട്ട കമ്പനിക്ക് 10 ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് എന്ന കമ്പനിക്ക് കൺസൽറ്റൻസി ജോലിക്ക് നൽകിയ തുകയാണിത്. ഈ കമ്പനിയുമായി കാർത്തിക്ക് ബന്ധമില്ല.

∙അഴിമതി നിരോധന നിയമത്തിലെ 13(1)(ഡി) വകുപ്പു പ്രകാരമാണ് എഫ്ഐആർ. ഇത് കഴിഞ്ഞ വർഷം ഭേദഗതി ചെയ്തതാണ്. അതിനാൽ, ഈ വകുപ്പു പ്രയോഗിച്ച് പ്രോസിക്യൂട്ട് ചെയ്യാനാവില്ല.

∙എഫ്ഐആറിൽ പ്രതിയായോ സംശയിക്കപ്പെടുന്ന വ്യക്തിയായോ തന്റെ പേര് പരാമർശിച്ചിരുന്നില്ല. ഐഎൻഎക്സ് മീഡിയയുമായി ബന്ധപ്പെട്ട് തനിക്ക് എന്തെങ്കിലും നേട്ടമുണ്ടായതായി എഫ്ഐആറിൽ പറയുന്നില്ല.

∙സിബിഐയുടെ സമൻസ് പ്രകാരം കഴിഞ്ഞ വർഷം ജൂൺ 6ന് ചോദ്യം ചെയ്യലിനു ഹാജരായി, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. പിന്നീട് സിബിഐ സമൻസ് നൽകിയിട്ടില്ല.

∙വിവിധ സ്ഥാപനങ്ങൾ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളെ കള്ളപ്പണം വെളുപ്പിക്കലെന്നാണ് ഡൽഹി ഹൈക്കോടതി പറയുന്നത്. ആ സ്ഥാപനങ്ങൾ ഐഎൻഎക്സ് മീഡിയയുമായി ബന്ധമില്ല.

∙കേസിൽ അന്വേഷണം പൂർത്തിയായി കരട് കുറ്റപത്രം തയാറായെന്ന് സിബിഐ സമ്മതിക്കുന്നു. അതുകൊണ്ട് കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമില്ല. രേഖകളുടെ അടിസ്ഥാനത്തിലാണു കേസ്. തെളിവു നശിപ്പിക്കുമെന്നും കരുതാനാവില്ല.

∙കാർത്തി ഉൾപ്പെടെ കേസിലെ മറ്റു പ്രതികൾക്ക് കോടതി ഹൈക്കോടതി ജാമ്യമനുവദിച്ചതും സുപ്രീം കോടതി അതു ശരിവച്ചതുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com