ADVERTISEMENT

ന്യൂഡൽഹി ∙ ശ്രീരാമ ജന്മസ്ഥാനത്തിനു പ്രതിഷ്ഠയുടെ സ്വഭാവമുണ്ടെന്നും അവിടെ മസ്ജിദ് സ്ഥാപിച്ച് ആർക്കും ഉടമസ്ഥത അവകാശപ്പെടാനാവില്ലെന്നും രാമജന്മഭൂമി– ബാബ്റി മസ്ജിദ് കേസിൽ സുപ്രീം കോടതിൽ വാദം. 

വിൽക്കാനോ ഉടമസ്ഥത കൈമാറാനോ സാധിക്കുന്നതല്ല പവിത്രവും ആരാധിക്കപ്പെടുന്നതുമായ സ്ഥലമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ രാം ലല്ലയ്ക്കുവേണ്ടി സി.എസ്. വൈദ്യനാഥൻ വാദിച്ചു.

നിയമപ്രകാരം പ്രതിഷ്ഠയെ കുട്ടിയായാണു (മൈനർ) കണക്കാക്കുന്നത്. അതിന്റെ അവകാശം കൈമാറാൻ ട്രസ്റ്റികൾക്കു സാധിക്കില്ല. തർക്കഭൂമി വിഭജിച്ചു നൽകണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാവുന്നതല്ല– വൈദ്യനാഥൻ വിശദീകരിച്ചു.

വിഗ്രഹം നശിപ്പിക്കപ്പെട്ടാലും പ്രതിഷ്ഠ നിലനിൽക്കും. രാമജന്മഭൂമി മറ്റൊരു സ്ഥലത്തേക്കു മാറ്റാനാവില്ല. അതു സവിശേഷമാണ്, പവിത്രത സ്ഥലത്തിനാണ്.

മസ്ജിദിനു നിയമപരമായ അവകാശമുള്ള വ്യക്തിയെന്ന പദവിയുണ്ടോയെന്നതു കോടതി തീർപ്പു പറഞ്ഞിട്ടില്ലാത്ത വിഷയമാണെന്നും ക്രൈസ്തവ ദേവാലയത്തിനും അത്തരം പദവി അവകാശപ്പെടാനാവില്ലെന്നും ചില വിധികൾ ഉദ്ധരിച്ച് വൈദ്യനാഥൻ പറഞ്ഞു.

വൈദ്യനാഥന്റെ വാദം പൂർത്തിയായതിനു പിന്നാലെ, രാമജന്മഭൂമി പുനരുദ്ധാരണ സമിതിക്കുവേണ്ടി പി.എൻ. മിശ്ര വാദം തുടങ്ങി. 

സ്കന്ദപുരാണവും വാല്മീകി രാമായണവും അടക്കം ഉദ്ധരിച്ച് മിശ്ര വാദം തുടങ്ങിയെങ്കിലും ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശ്വാസമല്ല തർക്കത്തിലുള്ളതെന്നും വസ്തുതാപരമായ കാര്യങ്ങളാണു പരിശോധിക്കുന്നതെന്നും കോടതി പറഞ്ഞു.

തർക്കസ്ഥലത്തു മസ്ജിദ് ഉണ്ടായിരുന്നോ, ആരാണതു നിർമിച്ചത് തുടങ്ങിയവയാണു പ്രസക്തമായ കാര്യങ്ങളെന്നും മിശ്രയ്ക്കു പിന്നീടു വാദിക്കുമെന്നും കോടതി വ്യക്തമാക്കി.

ആദ്യ ഹർജിക്കാരിലൊരാളായ ഗോപാൽ സിങ് വിശാരദിനുവേണ്ടി രഞ്ജിത് കുമാറാണു വാദം നടത്തിയത്. 

രാമജന്മഭൂമിയിൽ ആരാധന നടത്തുന്നവരുടെ അവകാശമാണു താൻ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു വാദം തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com