ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ആകെയുള്ള 197 പൊലീസ് സ്റ്റേഷനുകളിൽ‌ 136 ഇടത്ത് പകൽ സമയത്തെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയെങ്കിലും സ്കൂളുകളിൽ ഏതാനും ജീവനക്കാർ വന്നതൊഴികെ ഇന്നലെയും കുട്ടികളെത്തിയില്ല.

നഗരങ്ങളിൽ ബാരിക്കേഡുകൾ നീക്കിയെങ്കിലും വൻ സൈനിക സന്നാഹം നിലവിലുള്ളതിനാൽ മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയച്ചില്ല. തിങ്കളാഴ്ച പ്രൈമറി സ്കൂളുകളും ബുധനാഴ്ച മിഡിൽ സ്കൂളുകളുമാണ്   തുറന്നത്.

നഗരത്തിനു പുറത്ത് പലയിടത്തും ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുകയാണ്.

22 ജില്ലകളിൽ 12 ഇടത്തും സ്ഥിതിഗതികൾ സാധാരണനിലയിലായെന്ന് അധികൃതർ അറിയിച്ചു.സർക്കാർ ഓഫിസുകളിലെ ഹാജർ മെച്ചപ്പെട്ടുവരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചിടത്ത് പൊതുഗതാഗതവും ജില്ലാന്തര ഗതാഗതവും തുടങ്ങിയതായി സർക്കാർ വക്താവ് അറിയിച്ചു.

ശ്രീനഗർ– ജമ്മു ദേശീയപാതയിലും ഗതാഗതം ആരംഭിച്ചു. ശ്രീനഗർ വിമാനത്താവളവും സാധാരണനിലയിൽ പ്രവർത്തിച്ചുതുടങ്ങി. 93,000 ലാൻഡ്ഫോണുകളിൽ 73,000 എണ്ണം പുനഃസ്ഥാപിച്ചതായും വക്താവ് അറിയിച്ചു.

എന്നാൽ താഴ്‌വരയിൽ കടകമ്പോളങ്ങൾ തുറന്നില്ല. മൊബൈൽ ഫോൺ സേവനവും ഇന്റർനെറ്റും ഇല്ലാതായിട്ട് 17 ദിവസം കഴിഞ്ഞു.

ഭീകരവേട്ട തുടരുമെന്ന് കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സ്പെഷൽ പൊലീസ് ഓഫിസർ ബിയാൽ അഹമ്മദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയതായിരുന്നു ഡിജിപി.

കശ്മീരിലെ ക്രമസമാധാനം തകരാറിലാക്കി ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനാലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ വൈകുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു.

കുറച്ചുദിവസം കൂടി കഴിഞ്ഞാൽ യോഗങ്ങൾ നടത്താൻ രാഷ്ട്രീയകക്ഷികളെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാരാമുല്ലയിൽ ഭീകരനെ വധിച്ചു

ശ്രീനഗർ ∙ ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച ശേഷം ബാരാമുല്ലയിൽ ഇന്ത്യ നടത്തിയ ആദ്യ സൈനിക നടപടിയിൽ ലഷ്കറെ തയിബ ഭീകരൻ മോമിൻ ജോജ്രി കൊല്ലപ്പെട്ടു.  

ഭീകരരുടെ വെടിവയ്പിൽ സ്പെഷൽ പൊലീസ് ഓഫിസർ ബിലാൽ അഹമ്മദ് കൊല്ലപ്പെടുകയും സബ് ഇൻസ്പെക്ടർ അമർദീപ് പരീഹറിനു പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ആയിരുന്നു ഇന്ത്യയുടെ സൈനിക നടപടി.

കശ്മീർ: മോദിയുമായി ചർച്ച ചെയ്യുമെന്ന് ട്രംപ്

വാഷിങ്ടൻ ∙ ഈയാഴ്ച ഒടുവിൽ ജി 7 ഉച്ചകോടിക്ക് ഫ്രാൻസിൽ എത്തുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കശ്മീർ കാര്യം ചർച്ച ചെയ്യുമെന്നും കശ്മീരിലെ അന്തരീക്ഷം തണുപ്പിക്കുന്നതിനു സഹായിക്കാൻ താൻ തയാറാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കശ്മീരിലെ സ്ഥിതിഗതികൾ കടുപ്പവും സ്ഫോടനാത്മകവുമാണ്. ഇരുരാജ്യങ്ങളും തമ്മിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്.

മധ്യസ്ഥനാകാനോ മറ്റെന്തെങ്കിലും ചെയ്യാനോ ഞാൻ പരമാവധി ശ്രമിക്കും. മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും എനിക്ക് നല്ല ബന്ധമാണുള്ളത്. എന്നാൽ അവർ തമ്മിൽ ഇപ്പോൾ നല്ല സൗഹൃദത്തിലല്ല. രണ്ടു പേരോടും ഞാൻ സംസാരിച്ചു.’– ട്രംപ് പറഞ്ഞു.

‘ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ആക്രമണം തുടങ്ങിയിട്ട് ഏറെക്കാലമായി. ബന്ധം തകരാനുള്ള ഒരു കാരണം മതമാണ്. മതം കടുപ്പമേറിയ വിഷയമാണ്.

ഹിന്ദുക്കളുമുണ്ട്, മുസ്‌ലിംകളുമുണ്ട്. അതത്ര നല്ല രീതിയിൽ പോകുമെന്ന് ഞാൻ പറയില്ല. അതാണിപ്പോൾ കാണുന്നത്.’– അദ്ദേഹം പറഞ്ഞു.

ഇതിനിടെ, കശ്മീർ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്ന് ഫ്രാൻസ് വ്യക്തമാക്കി. പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴോങ് ഈവ് ലെദ്രിയ നിലപാട് വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com