ADVERTISEMENT

അരുൺ ജയ്റ്റ്ലി ഒരിക്കലും സാമ്പത്തിക വിദഗ്ധനോ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയോ ആയിരുന്നില്ല. എന്നാൽ 2014 മുതൽ 2018 വരെ അദ്ദേഹം കേന്ദ്രധനമന്ത്രി ആയിരുന്ന 4 വർഷം (അഞ്ചാമത്തെ വർഷം അദ്ദേഹം മിക്കപ്പോഴും ചികിത്സയിലായിരുന്നു) ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ അടിസ്ഥാനപരമായ പല പരിഷ്കാരങ്ങളും കൊണ്ടുവന്നു. അവയെല്ലാം തന്നെ നരേന്ദ്ര മോദി സർക്കാരിന്റെ മുഖമുദ്രകളായി. 

നോട്ട് നിരോധനം

ധനമന്ത്രി എന്ന നിലയിൽ അരുൺ ജയ്റ്റ്ലി കൈക്കൊണ്ട ഏറ്റവും വിവാദനടപടി നോട്ട് നിരോധനമായിരിക്കും. 2016 നവംബർ എട്ടിന് 1000, 500 രൂപ നോട്ടുകൾ പിൻവലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  രാഷ്ട്രത്തോടു സംസാരിച്ചു. ഇത് നൂറു ശതമാനവും മോദിയുടെ തീരുമാനമാണെന്നും ജയ്റ്റ്ലി അറിഞ്ഞതു തന്നെയില്ല എന്നും വാദിക്കുന്നവരുണ്ട്. 

ബജറ്റിലെ മാറ്റങ്ങൾ

ബജറ്റ് അവതരണത്തിലും ഘടനയിലും ജയ്റ്റ്ലി കാതലായ ചില മാറ്റങ്ങൾ വരുത്തി. ഫെബ്രുവരി അവസാന തീയതിയിൽ നിന്ന് ആ മാസം ഒന്നിനു തന്നെ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. റെയിൽവേ ബജറ്റ്, പൊതു ബജറ്റിന്റെ ഭാഗമാക്കി.  ബജറ്റിലെ പദ്ധതി, പദ്ധതിയിതര വിഹിതങ്ങൾ എടുത്തു മാറ്റി. ഇറക്കുമതിത്തീരുവ കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു. 2014ൽ ജയ്റ്റ്ലി ധനമന്ത്രിയാകുമ്പോൾ 7.2% ആയിരുന്നു നാണയപ്പെരുപ്പം, അത് 2.9% ആയി കുറച്ചാണ് ജയ്റ്റ്ലി സ്ഥാനമൊഴി‍ഞ്ഞത്. അവസാനത്തെ രണ്ടു ബജറ്റുകൾ (2018–19, 2019–20 – ഇടക്കാല ബജറ്റ്) അവതരിപ്പിക്കാൻ അസുഖം കാരണം ജയ്റ്റ്ലിക്കു കഴിഞ്ഞില്ല. 

ഐബിസി

ജയ്റ്റ്ലി കൊണ്ടുവന്ന പുതിയ ധനകാര്യ നിയമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതും ദൂരവ്യാപക മാറ്റങ്ങൾ വരുത്തുന്നതുമാണ് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് 2016 (ഐബിസി). കമ്പനികളുടെയും വ്യക്തികളുടെയും നിർധനത്വ, പാപ്പരത്ത നിയമങ്ങൾ സങ്കീർണമായിരുന്നു. ഇവ ഏകീകരിച്ച് ഒറ്റ പരിഹാരമാർഗം എന്ന നിലയ്ക്കാണ് െഎബിസി കോഡിനു രൂപം നൽകിയത്. ഇൻസോൾവൻസി റെഗുലേറ്റർ, അഡ്ജൂഡിക്കേറ്റർ എന്നിവ നിലവിൽ വന്നതും ഈ ബില്ലിനെത്തുടർന്നാണ്. നിയമജ്ഞനായ ജയ്റ്റ്ലി, ഈ നിയമനിർമാണം പിഴവറ്റതാക്കി. 

Arun-Jaitley-with-family
ജയ്റ്റ്ലി കുടുംബത്തോടൊപ്പം

മോണിറ്ററി പോളിസി കമ്മിറ്റി

2016ൽ ജയ്റ്റ്ലി രൂപം നൽകിയതാണ് മോണിറ്ററി പോളിസി കമ്മിറ്റി ഓഫ് ഇന്ത്യ .രാജ്യത്തെ പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വതന്ത്ര സംവിധാനമാണിത്. നാണയപ്പെരുപ്പത്തിന്റെ തോത് അനുസരിച്ച് ഈ സമിതിക്ക് പലിശ നിരക്കു നിശ്ചയിക്കാം. നേരത്തേ 5 കമ്മിറ്റികൾ – വൈ.വി. റെഡ്ഡി സമിതി, താരാപ്പൂർ സമിതി, ഉർജിത് പട്ടേൽ സമിതി, പേഴ്സി മിസ്ത്രി സമിതി, രഘുറാം രാജൻ സമിതി– ശുപാർശ ചെയ്തിട്ടും ഒരു ധനമന്ത്രിയും മോണിട്ടറി പോളിസി കമ്മിറ്റി രൂപവൽകരിക്കാൻ തയാറായിരുന്നില്ല.  

ബാങ്കുകളുടെ പരിഷ്കാരങ്ങൾ

ബാങ്കിങ് മേഖലയിൽ 3 കാര്യങ്ങൾക്കാണ് ജയ്റ്റ്ലി മുൻഗണന നൽകിയത്. 1. നിഷ്ക്രിയ ആസ്തി (എൻപിഎ) കുറയ്ക്കുക, 2. ബാങ്കുകളുടെ ലയനം പ്രോത്സാഹിപ്പിക്കുക, 3. പി.ജെ. നായക് കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുക. ഇതിൽ എൻപിഎ കുറയ്ക്കുന്നതിൽ ജയ്റ്റ്ലി ശക്തമായ നടപടികളെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 5 സബിസിഡിയറി ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ലയിപ്പിച്ചു. ദേനാ ബാങ്കിനെയും വിജയാ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചു.

ധനവിഭവ വികേന്ദ്രീകരണം

ജയ്റ്റ്ലിയുടെ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രനികുതി വിഹിതം വർധിപ്പിക്കുക എന്നത്. ധനവിഭവം വികേന്ദ്രീകരിക്കുക എന്നത് 14–ാം ധനകാര്യ കമ്മിഷന്റെ ശുപാർശയായിരുന്നു. കേന്ദ്രനികുതികളുടെ 32% സംസ്ഥാനങ്ങൾക്കു നൽകിവന്നത് 42% ആക്കി ഉയർത്തുന്നതിനെ മറ്റു മന്ത്രിമാർ തന്നെ എതിർത്തിരുന്നു.  എന്നാൽ ജയ്റ്റ്ലി വഴങ്ങിയില്ല. 

ബെനാമി നിയമം, ആധാർ ഡിബിടി

ജയ്റ്റ്ലി കൊണ്ടുവന്ന നിയമങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ദ ബെനാമി ട്രാൻസാക്‌ഷൻസ് (പ്രൊഹിബിഷൻ) ഭേദഗതി ബിൽ. സർക്കാർ സബ്സിഡിയും സഹായവും ഉപഭോക്താവിന് നേരിട്ടു നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കാം എന്ന നിയമഭേദഗതിയും ജയ്റ്റ്ലി കൊണ്ടുവന്നതാണ്. 

തിരിച്ചടികൾ, വെല്ലുവിളികൾ

ധനമന്ത്രി എന്ന നിലയിൽ ജയ്റ്റ്ലിക്ക് ഒട്ടേറെ പരീക്ഷണ ഘട്ടങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. റിസർവ് ബാങ്ക് ഗവർണറായ രഘുറാം രാജന് ഒരു തവണ കൂടി കാലാവധി നീട്ടി നൽകണമോ എന്നതായിരുന്നു ആദ്യത്തെ പരീക്ഷണം. 2016 ജൂണിൽ രഘുറാം രാജൻ സ്വയം ഒഴിഞ്ഞ് ജയ്റ്റ്ലിയെ സഹായിച്ചു. പിൻഗാമിയായി സർക്കാർ തന്നെ കണ്ടെത്തിയ ഉർജിത് പട്ടേലും രാജി വച്ചു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും കാലാവധി തീരാതെ വിട്ടുപോയി. നിതി ആയോഗിന്റെ തലപ്പത്തു നിയമിച്ച അരവിന്ദ് പണഗാരിയയും കാലാവധി തികച്ചില്ല. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കു രൂപം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച ഉദ്യോഗസ്ഥരായിരുന്നു ഇവർ.

ചരക്ക്, സേവന നികുതി

ഭരണഘടനയുടെ 101ാം ഭേദഗതി വഴി ചരക്ക്, സേവന നികുതി നടപ്പാക്കിയത് 2017 ജൂലൈ ഒന്നിനാണ്. ഡോ. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് നടപ്പാക്കാൻ ആലോചിക്കുകയും നീട്ടിവയ്ക്കുകയും ചെയ്ത ജിഎസ്ടി പ്രാവർത്തികമാക്കിയത് ജയ്റ്റ്ലിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. എല്ലാ സംസ്ഥാനങ്ങളെയും ഈ തീരുമാനത്തിന് ഒപ്പം നിർത്താൻ കഴിഞ്ഞത് ജയ്റ്റ്ലിയുടെ അനുനയത്തിലൂടെയാണ്. ജിഎസ്ടി കൗൺസിലിന്റെ 34 യോഗങ്ങളിൽ 32ലും ജയ്റ്റ്ലി ആയിരുന്നു അധ്യക്ഷൻ.  (രണ്ടു യോഗങ്ങളിൽ പകരക്കാരനായ പീയൂഷ് ഗോയലും). നിർണായകമായ 950 തീരുമാനങ്ങളിൽ ഒന്നുപോലും കൗൺസിലിൽ വോട്ടിനിടാതെ അംഗീകരിപ്പിച്ചെടുക്കാൻ കഴിഞ്ഞതാണ് ജയ്റ്റ്ലിയുടെ വൻ വിജയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com