ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക മാന്ദ്യ സൂചനകൾ ബലപ്പെടുത്തി ഏപ്രിൽ– ജൂൺ ത്രൈമാസത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) വൻ ഇടിവ്.

വ്യവസായ ഉൽപാദന മേഖലയിലെ മാന്ദ്യവും കാർഷിക മേഖലയിലെ കിതപ്പും ത്രൈമാസ ജിഡിപി വളർച്ച കഴിഞ്ഞ 6 വർഷത്തെ ഏറ്റവും കുറഞ്ഞ 5 ശതമാനത്തിലെത്തിച്ചു. ഉല്പാദന മേഖലയുടെ മൊത്തം മൂല്യവർധന 0.6% ആയി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ 12.1% വർധന ഉണ്ടായിരുന്നു. കാർഷിക മേഖലയിൽ ഇത് മുൻ വർഷത്തെ 5.1 ശതമാനത്തിൽ നിന്ന് 2% ആയി കുറഞ്ഞു. നിർമാണ മേഖലയിൽ ഇത് 9.6 ശതമാനത്തിൽ നിന്ന് 5.7% ആയി. ഖനന മേഖലയിൽ മാത്രം അൽപം പുരോഗതിയുണ്ട്. മുൻ വർഷത്തെ 0.4 ശതമാനത്തിൽ നിന്ന് 2.7% ആയി.

2012–13 സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ മാത്രമാണ് സമീപകാലത്ത് ഇതിലും കുറഞ്ഞ വളർച്ചയുണ്ടായിട്ടുള്ളത് – 4.9%. 2018–19ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8% ആയിരുന്നു. 

നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ പുതിയ കണക്കനുസരിച്ച് ഇന്ത്യയുടെ ജിഡിപി വളർച്ച 2019–20 സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ 35.85 ലക്ഷം കോടി രൂപയുടേതാണ്. 2018–19ലെ ഇതേ കാലയളവിൽ 34.14 ലക്ഷം കോടി രൂപ.നിക്ഷേപ സൂചികയായ മൊത്തം സ്ഥിര മൂലധന സമാഹരണം (ജിഎഫ്സിഎഫ്) ഈ കാലയളവിൽ 11.66 ലക്ഷം കോടി രൂപ. മുൻ വർഷത്തെ ഇതേ കാലയളവിൽ 11.21 ലക്ഷം കോടി രൂപ.

റിസർവ് ബാങ്കിന്റെ ജൂണിലെ നയ പ്രഖ്യാപനത്തിൽ ഈ സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 7% ആയിരുന്നു. പിന്നീട് അത് 6.9% ആയി കുറച്ചിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com