ADVERTISEMENT

ന്യൂഡൽഹി ∙ തിഹാർ ജയിലിലെ ആദ്യ രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. വ്യാഴാഴ്ച രാത്രി തിഹാറിലെത്തിയ ചിദംബരം കാര്യമായി ഉറങ്ങിയില്ലെന്ന് ജയിലധികൃതർ പറഞ്ഞു. സെല്ലിലെ മരക്കട്ടിലിൽ കിടന്ന അദ്ദേഹം കിടക്ക ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. കിടക്ക നൽകണമെന്ന് മെഡിക്കൽ സംഘം നിർദേശിച്ചാൽ മാത്രമേ നൽകാനാവൂവെന്ന് അധികൃതർ അറിയിച്ചു. 

മകൻ കിടന്ന സെല്ലിൽ

∙ സെഡ് വിഭാഗം സുരക്ഷയുള്ളതിനാൽ 7–ാം നമ്പർ ജയിലിൽ പ്രത്യേക സെല്ലിലാണ് ചിദംബരത്തെ പാർപ്പിച്ചത്; ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മകനും കോൺഗ്രസ് എംപിയുമായ കാർത്തിയും കുറച്ചുനാൾ മുൻപ് കഴിഞ്ഞ സെല്ലാണിത്.

എൻഫോഴ്സ്മെന്റ് കേസുകളിലെ പ്രതികളെ പാർപ്പിക്കുന്നത് ഇവിടെയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ സഹോദരീ പുത്രനും അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ പ്രതിയുമായ രതുൽ പുരിയാണു ജയിലിൽ ചിദംബരത്തിന്റെ അയൽവാസി. ചിദംബരം വന്നേക്കുമെന്ന കണക്കുകൂട്ടലിൽ ദിവസങ്ങൾ മുൻപേ ജയിലധികൃതർ സെൽ ഒരുക്കിയിരുന്നു. ഈ മാസം 19 വരെയാണ് അദ്ദേഹം തിഹാറിൽ കഴിയേണ്ടത്.

സെല്ലിലേക്കു മാറ്റുന്നതിനു മുൻപ് മെഡിക്കൽ പരിശോധന നടത്തി. കണ്ണട, മരുന്നുകൾ എന്നിവ കൈവശം വയ്ക്കാൻ അനുവദിച്ചു. ഇന്നലെ പുലർച്ചെ സെല്ലിനു മുന്നിലുള്ള അങ്കണത്തിലൂടെ അദ്ദേഹം അൽപ നേരം നടന്നു. രാവിലെ  ചായയും കഞ്ഞിയും കഴിച്ചു. ആവശ്യപ്പെട്ടതനുസരിച്ചു ജയിലധികൃതർ ദിനപത്രങ്ങൾ കൈമാറി. മതഗ്രന്ഥങ്ങൾ വായിച്ചു പകൽ ചെലവഴിച്ച ചിദംബരത്തെ ഉച്ചയ്ക്കു കാർത്തി സന്ദർശിച്ചു. മറ്റു തടവുകാരെപ്പോലെ ജയിലിലെ ലൈബ്രറി ചിദംബരത്തിന് ഉപയോഗിക്കാം. ദിവസം നിശ്ചിത സമയം ടിവി കാണാനും  അനുവാദമുണ്ട്. 3 സംഘം സന്ദർശകരെ ആഴ്ചയിൽ അനുവദിക്കും.

കോൺഗ്രസ് നേതാക്കൾക്ക് കാണാനായില്ല

∙ ചിദംബരത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കൾക്കു ജയിലിൽ പ്രവേശനം അനുവദിച്ചില്ല. മകൻ കാർത്തി സന്ദർശിച്ചതിനാൽ, ഇന്നലെ മറ്റാർക്കും പ്രവേശനമില്ലെന്ന് ജയിലധികൃതർ അറിയിച്ചു. 

നേതാക്കളായ പി.സി. ചാക്കോ, മുകുൾ വാസ്നിക്, ബി. മാണിക്കം ടഗോർ, അവിനാഷ് പാണ്ഡേ എന്നിവരാണു തിഹാറിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com