ADVERTISEMENT

കറാച്ചി∙ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അവസാനനിമിഷത്തിലെ പരാജയത്തെയും വിജയമായി കണ്ട് പാക്കിസ്ഥാൻകാരി ബഹിരാകാശ യാത്രിക നമീറ സലിം. 

ദക്ഷിണേഷ്യയ്ക്കും ആഗോള ബഹിരാകാശ ഗവേഷണത്തിനും വലിയ ചുവടു വയ്പാണെന്നു പറഞ്ഞാണു ‘സ്പേസ് ട്രസ്റ്റ്’ സ്ഥാപകയായ പാക്കിസ്ഥാൻകാരിയുടെ അഭിനന്ദനം. ഭൂമിയിലെ രാഷ്ട്രീയ അതിരുകളെല്ലാം ബഹിരാകാശത്ത് മാഞ്ഞുപോകുമെന്നും അവർ ഓർമിപ്പിച്ചു. കറാച്ചിയിൽനിന്നുള്ള ‘സയൻഷ്യ’ ഡിജിറ്റൽ മാഗസിനിലാണു നമീറയുടെ നല്ല വാക്കുകൾ പ്രത്യക്ഷപ്പെട്ടത്. 

റിച്ചഡ് ബ്രാൻസന്റെ വിർജിൻ ഗലാറ്റിക് കമ്പനിയൊരുക്കുന്ന ബഹിരാകാശ യാത്രയിലാണു നമീറ പങ്കാളിയാകുന്നത്. വർഷങ്ങളായി മൊണാക്കോയിൽ താമസിക്കുന്ന ഇവർ സമാധാന സന്ദേശവുമായി ഉത്തര, ദക്ഷിണ ധ്രുവങ്ങളിലേക്കു നടത്തിയ യാത്രകൾ ശ്രദ്ധ നേടിയിരുന്നു. എവറസ്റ്റിനു മീതേ സ്കൈ ഡൈവിങ് നടത്തിയിട്ടുമുണ്ട്. 

ആ അക്കൗണ്ട് വ്യാജം

ബെംഗളൂരു∙ ചെയർമാൻ ഡോ.കെ ശിവന് സമൂഹമാധ്യമ അക്കൗണ്ട് ഇല്ലെന്നും അദ്ദേഹത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്നും ഇസ്റോ. ഡോ.ശിവന്റെ ചിത്രങ്ങളും ഇസ്റോ ചിഹ്നവും ഉപയോഗിച്ച് ഒട്ടേറെ ഫെയ്സ്ബുക്, ട്വിറ്റർ അക്കൗണ്ടുകൾ വന്നതിനെത്തുടർന്നാണു വിശദീകരണം.

ഇസ്‌റോയ്ക്ക് ചൈനയുടെ സാന്ത്വനം

ബെയ്ജിങ്∙ ഇന്ത്യയുടെ ചന്ദ്രയാൻ–2 ദൗത്യത്തിന് ചൈനയിലെ സമൂഹമാധ്യമങ്ങളുടെ പ്രശംസ. പ്രതീക്ഷ കൈവിടരുതെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരെ സമാധാനിപ്പിച്ച അവർ ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരണമെന്നും അഭ്യർഥിച്ചു.‘ബഹിരാകാശ ദൗത്യങ്ങൾ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. ഏതു രാജ്യമാണ് അതിൽ നേട്ടമുണ്ടാക്കുന്നതെന്നത് അപ്രസക്തമാണ്’– സമൂഹ മാധ്യമത്തിൽ ഒരാൾ ചൂണ്ടിക്കാട്ടി.

‘നാമെല്ലാം പടുകുഴിയിലാണ്. എന്നാൽ ചിലർ നക്ഷത്രങ്ങളെ ലക്ഷ്യം വയ്ക്കുന്നു. ധീരമായി ബഹിരാകാശ ദൗത്യം നിർവഹിക്കുന്ന അവർ ആദരവർഹിക്കുന്നു’–മറ്റൊരു പോസ്റ്റ് ചൂണ്ടിക്കാട്ടി.

ചന്ദ്രയാൻ വിജയത്തിനായി നൈവേദ്യവും

മഥുര∙ പ്രസിദ്ധമായ ‘ഛപ്പൻ ഭോഗ്’ നൈവേദ്യം ഇത്തവണ ചന്ദ്രയാൻ പര്യവേക്ഷണത്തിനു സമർപ്പിക്കുന്നതായി ഗിരിരാജ് സേവാസമിതി പ്രഖ്യാപിച്ചു. ഇന്നു മുതൽ 3 ദിനം നടക്കുന്ന ചടങ്ങിൽ ചന്ദ്രയാൻ 3 പദ്ധതിക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തും. ചടങ്ങിലേക്ക് പ്രധാനമന്ത്രിയെയും ഇസ്‌റോയിലെ ശാസ്ത്രജ്ഞരെയും ക്ഷണിച്ചിട്ടുണ്ട്. ലക്നൗ,ആഗ്ര, ഇൻഡോർ തുടങ്ങിയിടങ്ങളിൽ നിന്നുള്ള പ്രമുഖ പാചകവിദഗ്ധർ 21,000 കിലോ പ്രസാദമാണ് തയാറാക്കുന്നത്.

ഭഗവാൻ ശ്രീകൃഷ്ണൻ ഗോവർധനപർവതം ഉയർത്തിയതിന്റെ ഓർമയ്ക്കായി നടത്തുന്ന ചടങ്ങാണ് ‘ഛപ്പൻ ഭോഗ്’. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്നു ക്ഷീണിച്ച ഭഗവാന് 56 ഇനം വിഭവങ്ങൾ വിളമ്പുന്നതാണ് ചടങ്ങ്. മുൻപും പ്രത്യേക ലക്ഷ്യങ്ങൾക്കായി ഈ ചടങ്ങ് സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com