ADVERTISEMENT

ഷാജഹാൻപുർ (യുപി) ∙ ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ നേരത്തേ പീഡനക്കുറ്റം ആരോപിച്ച വിദ്യാർഥിനി ഡൽഹിയിലെ ലോധി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നേരത്തേ കേസ് എടുക്കാതിരുന്ന ഷാജഹാൻപുർ പൊലീസ് സ്റ്റേഷനിലേക്ക് ഡൽഹി പൊലീസ് പരാതി കൈമാറി.

ചിന്മായാനന്ദ് (72) തന്നെ ഒരു വർഷമായി പീഡിപ്പിച്ചു വരുകയാണെന്ന ആരോപണം ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ മുന്നിലും പെൺകുട്ടി ആവർത്തിച്ചു.

കറുത്ത സ്കാർഫ് കൊണ്ടു മുഖം മറച്ചു മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടി, സുപ്രീം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം തന്നെ 11 മണിക്കൂർ ചോദ്യം ചെയ്തെന്നും എല്ലാ വിവരവും കൈമാറിയിട്ടും ചിന്മയാനന്ദിനെ അവർ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപിച്ചു.

‘വിഡിയോ ക്ലിപ് അടക്കമുള്ള തെളിവുകളുണ്ട്. ഉചിതസമയത്ത് അതു ഹാജരാക്കും. താമസിച്ചിരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടിയിരിക്കുകയാണ്. അതു മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ തുറക്കണം. ചിന്മയാനന്ദ് ഒട്ടേറെ പെൺകുട്ടികളുടെ ജീവിതം തകർത്തിട്ടുണ്ട്. കൃത്യമായ എണ്ണം പറയാൻ ആവില്ല’– പെൺകുട്ടി പറഞ്ഞു.

പെൺകുട്ടി 5 കോടി രൂപ ആവശ്യപ്പെട്ടെന്നു പറഞ്ഞ് ചിന്മയാനന്ദിന്റെ അഭിഭാഷകർ കേസ് കൊടുത്തിട്ടുണ്ട്. ഈ ആരോപണം കളവാണെന്നും പീഡനം സംബന്ധിച്ച് പിതാവ് ഷാജഹാൻപുർ പൊലീസിനു പരാതി നൽകിയപ്പോൾ ജില്ലാ മജിസ്ട്രേട്ട് ഭീഷണിപ്പെടുത്തിയെന്നും ആളെ കാണാതായെന്നുള്ള പരാതി നൽകാൻ നിർദേശിക്കുകയുമാണ് ചെയ്തതെന്നും പെൺകുട്ടി പറഞ്ഞു.

സുപ്രീം കോടതി സ്വയമേവ  കേസെടുത്തതിനെ തുടർന്നാണ് ഐജി നവീൻ അറോറയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ യുപി സർക്കാർ നിയോഗിച്ചത്. അലഹാബാദ് ഹൈക്കോടതിക്കാണ് കേസിന്റെ മേൽനോട്ടം. 

ഷാജഹാൻപുർ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ സംഘം പരിശോധിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അന്വേഷണസംഘം സന്ദർശിച്ചു. 

ചിന്മയാനന്ദിന്റെ വീട്, ആശ്രമം, ഇയാൾ നടത്തുന്ന കോളജുകൾ എന്നിവയും അവർ സന്ദർശിച്ചു. അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിക്കുമെന്ന് ഐജി നവീൻ അറോറ അറിയിച്ചു.

സമൂഹമാധ്യമത്തിലൂടെ പരാതി വെളിപ്പെടുത്തിയ ശേഷം കഴിഞ്ഞ 24ന് പെൺകുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. 30ന് രാജസ്ഥാനിൽ കണ്ടെത്തി. പിതാവിന്റെ പരാതിപ്രകാരം ചിന്മയാനന്ദിനെതിരെ 27ന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

കൊല്ലാനായി തട്ടിക്കൊണ്ടുപോവുക, ഉപദ്രവിക്കുക തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com