ADVERTISEMENT

ജനീവ ∙ ജമ്മു കശ്മീരിലെ നടപടികൾ ആഭ്യന്തര കാര്യമാണെന്നും അതിൽ മറ്റുള്ളവരുടെ ഇടപെടൽ സ്വീകാര്യമല്ലെന്നും യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ വ്യക്തമാക്കി.

ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നാണ് ഇന്ത്യയ്ക്കെതിരെ കെട്ടിച്ചമച്ച കഥകൾ വരുന്നതെന്നും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ അവർ ബദൽ നയതന്ത്രമാക്കി മാറ്റിയെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാക്കൂർ സിങ് വ്യക്തമാക്കി.

ജമ്മു കശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും അവ പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും കൗൺസിലിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടതിനു പിന്നാലെയാണു ശക്തമായ ഭാഷയിൽ ഇന്ത്യ തിരിച്ചടിച്ചത്.

ജമ്മു കശ്മീരിലെ നടപടികളുടെ പശ്ചാത്തലത്തിൽ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തന ഭീഷണി കണക്കിലെടുത്ത്, പൗരൻമാരുടെ സുരക്ഷയ്ക്കായാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും അവ താൽക്കാലികമാണെന്നും ഇന്ത്യ വ്യക്തമാക്കി.

പാർലമെന്റിൽ ചർച്ച നടത്തിയാണു തീരുമാനങ്ങളെടുത്തതെന്നും അവയ്ക്കു വലിയ തോതിൽ പിന്തുണയുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

ഭീകരസംഘടനകളും അവരെ സഹായിക്കുന്നവരും ജീവിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശത്തിനു ഭീഷണിയുയർത്തുകയാണ്. അവർക്കെതിരെ രാജ്യാന്തര സമൂഹം ശബ്ദമുയർത്തണം. മനുഷ്യാവകാശത്തിന്റെ മറവിൽ യുഎൻ വേദിയെ ദുരുദ്ദേശ്യപരമായ രാഷ്ട്രീയ അ‍ജൻഡയ്ക്ക് ഉപയോഗിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. 

മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷ പീഡനത്തെക്കുറിച്ചു പറയുന്നവർ സ്വന്തം രാജ്യത്തു ന്യൂനപക്ഷങ്ങളെ അമർച്ച ചെയ്യുകയാണ്. അസമിലെ ദേശീയ പൗര റജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികൾ സുതാര്യവും വിവേചനമില്ലാത്തതും നിയമപരവും സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ളതുമാണ് – വിജയ് ഠാക്കൂർ സിങ് വിശദീകരിച്ചു.

ചൈന–പാക്ക് പ്രസ്താവന തള്ളി ഇന്ത്യ

ന്യൂഡൽഹി ∙ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പാക്കിസ്ഥാൻ സന്ദർശനത്തിനുശേഷം ഇരു രാജ്യങ്ങളും ചേർന്നു പുറത്തിറക്കിയ പ്രസ്താവനയിൽ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കശ്മീരിൽ ഏകപക്ഷീയ നടപടികൾ പാടില്ലെന്നും യുഎൻ പ്രമാണരേഖയും പ്രമേയങ്ങളും ഉഭയകക്ഷി കരാറുകളും പാലിക്കപ്പെടേണ്ടതുണ്ടെന്നും ചൈന – പാക്ക് പ്രസ്താവനയിൽ പറഞ്ഞിരുന്നു.

പാക്ക് അധീന കശ്മീരിലൂടെയുള്ള ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതി നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 1947 മുതൽ പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന പ്രദേശത്തു പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഇന്ത്യ നേരത്തേ പലതവണ ആശങ്ക ഉന്നയിച്ചിട്ടുള്ളതാണ്.

അറിയാതെ പാക്കിസ്ഥാൻ സത്യം പറഞ്ഞു; ജമ്മു കശ്മീർ ഇന്ത്യയുടേത്!

ജനീവ ∙ ‘ഇന്ത്യയുടെ ഭരണത്തിൻ കീഴിലുള്ള കശ്മീർ’ എന്നു ജമ്മു കശ്മീരിനെ എന്നും വിശേഷിപ്പിച്ചിരുന്ന പാക്കിസ്ഥാന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അമളി പിണഞ്ഞു.

അറിയാതെയാണെങ്കിലും, ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീർ എന്നു പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി തുറന്നു പറഞ്ഞു.

ജനജീവിതം സാധാരണഗതിയിലായെങ്കിൽ എന്തുകൊണ്ടാണു രാജ്യാന്തര മാധ്യമങ്ങളെയും മറ്റും ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

കശ്മീരിൽ വീണ്ടും നിയന്ത്രണം; 8 പേർ അറസ്റ്റിൽ

ശ്രീനഗർ ∙ മുഹറം ഘോഷയാത്ര നടത്തുന്നതു തടയാൻ കശ്മീർ താഴ്‌വരയിൽ പലയിടത്തും ഇന്നലെ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തി. 1990 മുതൽ ഇവിടെ മുഹറം ഘോഷയാത്ര നിരോധിച്ചിരിക്കുകയാണ്. ഘോഷയാത്ര സംഘർഷത്തിനിടയാക്കുമെന്ന ആശങ്കയിലാണ് നിരോധനം.

ഇതിനിടെ, ജനങ്ങൾ നിസഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പതിക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള 8 പേരെ ബാരാമുല്ല ജില്ലയിലെ സോപോറിൽ നിന്ന് പൊലീസ് പിടികൂടി. പോസ്റ്റർ തയാറാക്കാൻ ഉപയോഗിച്ച കംപ്യൂട്ടറുകളും പിടിച്ചെടുത്തു

ലാൽ ചൗക്കിലും സമീപപ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നഗരത്തിലേക്കുള്ള എല്ലാ പ്രവേശനപാതയിലും മുള്ളുകമ്പികൾ സ്ഥാപിക്കുകയും വൻ സുരക്ഷാസന്നാഹത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

പലയിടത്തും നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞെങ്കിലും വെള്ളിയാഴ്ചകളിൽ വീണ്ടും അവ ഏർപ്പെടുത്തുന്നുണ്ട്. പള്ളികളിൽ നമസ്കാരത്തിനായി ഒത്തുകൂടുന്ന ജനക്കൂട്ടത്തെ ഇളക്കിവിടാൻ ഭീകരർ ശ്രമിക്കുമെന്ന ആശങ്കയാലാണിത്.

താഴ്‍വരയിൽ ജനജീവിതം സ്തംഭിച്ചിട്ട് 37 ദിവസം പിന്നിട്ടു.

ഇതേസമയം, ഇന്ത്യ–പാക്ക് സംഘർഷം തണുത്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. 2 ആഴ്ച മുൻപുണ്ടായിരുന്ന അത്ര ചൂടിപ്പോഴില്ലെന്നും തന്റെ സഹായം ആവശ്യമുണ്ടെങ്കിൽ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com