ADVERTISEMENT

ന്യൂഡൽഹി ∙ പാക്ക് അധിനിവേശ കശ്മീർ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കാൻ സൈന്യം തയാറെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ജനറൽ റാവത്ത് പറഞ്ഞു. പാക്ക് അധിനിവേശ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയെന്നതാണ് അടുത്ത അജൻഡയെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന.

ഇതു തന്റെ പാർട്ടിയുടെ മാത്രം നിലപാടല്ലെന്നും 1994ൽ നരസിംഹ റാവു സർക്കാരിന്റെ കാലത്ത് പാർലമെന്റ് ഇക്കാര്യത്തിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണെന്നും മന്ത്രി ജമ്മുവിൽ പറഞ്ഞു. പാക്കിസ്ഥാനുമായി ഇനിയുള്ള ചർച്ച പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കുമെന്നു നിയമമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. ഭീകരവാദത്തിൽനിന്നു മുക്തമായ സാഹചര്യത്തിൽ മാത്രമായിരിക്കും ചർച്ചയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഭജന നിയമത്തിൽ 52 തെറ്റുകൾ

ന്യൂഡൽഹി ∙ ഓഗസ്റ്റ് 7നു പാർലമെന്റ് പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ആക്ടിൽ 52 തെറ്റുകൾ. അക്ഷരത്തെറ്റുകളും വസ്തുതാപരമായ പിഴവുകളുമടക്കം 3 പേജ് ദൈർഘ്യമുള്ള തിരുത്തലുകൾ സർക്കാർ ഇന്നലെ പുറത്തിറക്കി. ജമ്മു കശ്മീർ വിഭജനവും പ്രത്യേക പദവി റദ്ദാക്കലും ഉൾപ്പെടുന്ന ജമ്മു കശ്മീർ റീഓർഗനൈസേഷൻ ആക്ട് രാഷ്ട്രപതി ഒപ്പിട്ടശേഷം ഓഗസ്റ്റ് 9നാണു ഗസറ്റ് വിജ്ഞാപനമായത്.

ആക്ടിൽ പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണയിക്കുമെന്നും പറഞ്ഞിരുന്നു. തിരുത്തൽ വിജ്ഞാപനത്തിൽ ആ വാക്യം ഒഴിവാക്കി. 1909 എന്നതിനു പകരം 1951 എന്നു തെറ്റായി വന്നതും തിരുത്തി. കേന്ദ്രഭരണപ്രദേശം എന്നതിനു പകരം ജമ്മു കശ്മീർ സംസ്ഥാനം എന്നു കൊടുത്തതും തിരുത്തി. സർക്കാർ തിടുക്കത്തിൽ നടത്തിയ നീക്കമായതിനാലാണു നിറയെ തെറ്റുകൾ വന്നതെന്നു പ്രതിപക്ഷകക്ഷികൾ കുറ്റപ്പെടുത്തി.

3 ജയ്ഷ് ഭീകരർ പിടിയിൽ

ജമ്മു ∙ പഞ്ചാബിൽ നിന്ന് ജമ്മു കശ്മീരിലേക്ക് ട്രക്കിൽ ആയുധങ്ങൾ കടത്തുകയായിരുന്ന 3 ജയ്ഷ് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. എകെ–56, എകെ–47 ഉൾപ്പെടെ 6 തോക്കുകളും തിരകളും 11,000 രൂപയും ഇവരിൽ നിന്നു കണ്ടെടുത്തു. പഠാൻകോട്ട്– ജമ്മു ഹൈവേയിൽ ക‌ഠ്‌വയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പുൽവാമ സ്വദേശികളായ ഉബൈദുൽ ഇസ്‌ലാം, സബീൽ അഹമ്മദ് ബാബ, ബദ്ഗാം സ്വദേശി ജഹാംഗിർ അഹമ്മദ് എന്നിവർ പിടിയിലായത്.

പുൽവാമ സ്വദേശിയായ സുഹിൽ അഹമ്മദിന്റെ ട്രക്കിൽ കാർഡ്ബോർഡുകൾക്കിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ആയുധങ്ങൾ. പഠാൻകോട്ടിലെ ബമ്യാൽ അതിർത്തി വഴിയാണ് ഇവർ ആയുധം കടത്തിയതെന്നു സംശയിക്കുന്നതായി ജമ്മു ഐജി മകേഷ് സിങ് പറഞ്ഞു. ഇതിനിടെ, സോപോറിൽ പഴവ്യാപാരിയുടെ കുടുംബാംഗങ്ങളെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട ലഷ്കറെ തയിബ ഭീകരനെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇയാളെറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് 2 പൊലീസുകാർക്കു പരുക്കേറ്റു. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറ‍ഞ്ഞു. ആസിഫ് മഖ്ബൂൽ ഭട്ടാണ് കൊല്ലപ്പെട്ടത്.

ലഡാക്കിൽ ഇന്ത്യ–ചൈന നേർക്കുനേർ

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ പാൻഗോങ് തടാകത്തിനു സമീപം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം പുലർച്ചെ പാൻഗോങ് തടാകത്തിന്റെ വടക്കൻ തീരത്ത് പട്രോളിങ് നടത്തുകയായിരുന്നു ഇന്ത്യൻ സൈനികരെ ചൈനയുടെ പട്ടാളം തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. 134 കിലോമീറ്ററുള്ള തടാകതീരത്തിന്റെ മൂന്നിൽരണ്ടും ചൈനയുടെ നിയന്ത്രണത്തിലാണ്. സംഘർഷത്തെത്തുടർന്ന് ഇരുരാജ്യങ്ങളും അധിക സേനയെ വിന്യസിച്ചു. തുടർന്ന് ബ്രിഗേഡിയർ റാങ്കിലുള്ള ഓഫിസർമാർ ചർച്ച ചെയ്തു പ്രശ്നം പരിഹരിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.

കുൽഭൂഷണുമായി കൂടിക്കാഴ്ച: പാക്ക് നിലപാടിനെതിരെ നയതന്ത്ര മാർഗം തേടും

ന്യൂഡൽഹി ∙ ചാരവൃത്തി ആരോപിക്കപ്പെട്ടു പാക്ക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ ഇനി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന പാക്കിസ്ഥാന്റെ നിലപാട് പുനഃപരിശോധിക്കാൻ നയതന്ത്ര മാർഗങ്ങളിലൂടെ ആവശ്യപ്പെടുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ 2ന് ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഗൗരവ് അഹ്‍ലുവാലിയ കുൽഭൂഷണുമായി ജയിലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇനി കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ കഴിഞ്ഞ ദിവസം പറഞ്ഞു. കുൽഭൂഷണെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കഴിഞ്ഞ ജൂലൈ 17നാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടത്.

‘ജമ്മു കശ്മീർ ധ്രുവീകരണത്തിനുള്ള പാക്ക് ശ്രമം രാജ്യാന്തര സമൂഹം തള്ളി’

ന്യൂഡൽഹി ∙ ജമ്മു കശ്മീർ പ്രശ്നമുന്നയിച്ചു ധ്രുവീകരണത്തിനും രാഷ്ട്രീയവത്കരണത്തിനുമുള്ള പാക്കിസ്ഥാന്റെ ശ്രമം രാജ്യാന്തര സമൂഹം തള്ളിക്കളഞ്ഞെന്ന് ഇന്ത്യ. ആവർത്തിച്ചതുകൊണ്ടു കള്ളം സത്യമാകില്ലെന്നും പാക്കിസ്ഥാന്റെ കള്ളങ്ങൾക്കും വളച്ചൊടിച്ച പ്രസ്താവനകൾക്കും ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ തക്ക മറുപടി നൽകിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.

തങ്ങളുടെ നിലപാടിനു മനുഷ്യാവകാശ കൗൺസിലിലും പുറത്തുമായി 60 രാജ്യങ്ങളുടെയെങ്കിലും പിന്തുണയുണ്ടെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്. പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടിക ഇന്ത്യയ്ക്കു നൽകാൻ തയാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുവരെ പട്ടിക ലഭിച്ചിട്ടില്ലെന്ന് രവീഷ് കുമാർ പറഞ്ഞു.

English Sumamry: Govt issues corrections for 52 spelling, grammatical errors in Jammu Kashmir Reorganisation Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com