ADVERTISEMENT

തിരുവനന്തപുരം∙ ചന്ദ്രയാൻ 2 ദൗത്യത്തിൽ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുന്നതിനു മുൻപ് നിയന്ത്രണം വിട്ടത് ഏതാണ്ട് 500 മീറ്റർ മാത്രം ഉയരത്തിൽ നിന്നാണെന്നു നിഗമനം. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ പകർത്തിയ ലാൻഡറിന്റെ ഒപ്ടിക്കൽ ദൃശ്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമാണ് ഈ നിഗമനം. 2.1 കിലോമീറ്റർ ഉയരത്തിൽ വച്ചാണു വിക്രത്തിന്റെ നിയന്ത്രണം നഷ്ടമായത് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ദൗത്യം പരാജയപ്പെട്ടതു പരിശോധിക്കുന്ന സമിതി (എഫ്എസി) ഈ ദൃശ്യങ്ങളുടെ വിശകലനം തുടങ്ങി.

ഓർബിറ്ററിലെ ഒഎച്ച്ആർസി ക്യാമറ പകർത്തിയ ലാൻഡറിന്റെ തെർമൽ ഇമേജ് ദൃശ്യങ്ങൾ ഐഎസ്ആർഒയ്ക്കു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങൾ കൂടി പകർത്തിയത്. ഇവ രണ്ടും ഐഎസ്ആർഒയുടെ വിദഗ്ധസംഘം സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്. നിശ്ചയിച്ച ലാൻഡിങ് പോയിന്റിൽ നിന്ന് 750 മീറ്ററോളം അകലെയാണു വിക്രം പതിച്ചതെന്നാണ് ഒടുവിലത്തെ സൂചന.

വീഴ്ചയിൽ ലാൻഡർ പൊട്ടാതിരുന്നതു ചന്ദ്രോപരിതലത്തിനു തൊട്ടടുത്തെത്തിയിട്ടാണു നിയന്ത്രണം നഷ്ടമായത് എന്നതിന്റെ തെളിവാണ്. ലാൻഡറിന്റെ പ്രധാന ഘടകങ്ങളെല്ലാം ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം, സൂക്ഷ്മമായ സെൻസറുകളും ബാറ്ററികളും മറ്റും വീഴ്ചയുടെ ശക്തിയിൽ ഇളകാനും സ്ഥാനം മാറാനും ഇടയുണ്ട്. ആശയവിനിമയം നിലയ്ക്കാൻ കാരണം ഇതാകാമെന്നാണു നിഗമനം. ലാൻഡർ സ്വയം പ്രവർത്തനക്ഷമമാകാൻ സാധ്യത കുറവാണ്. അതേസമയം, അവസാന നിമിഷം നിയന്ത്രണം നഷ്ടമായതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

പുതിയ ലാൻഡർ മാത്രമായി വിക്ഷേപിച്ചേക്കും

ദൗത്യത്തിൽ പരാജയപ്പെട്ട ലാൻഡറിനു പകരം പുതിയ ലാൻഡർ മാത്രം വിക്ഷേപിക്കാനുള്ള സാധ്യത തേടി ഐഎസ്ആർഒ. ഓർബിറ്റർ അടുത്ത 7 വർഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ തുടരുമെന്ന് ഉറപ്പുള്ളതിനാലാണു ലാൻഡർ മാത്രം ചന്ദ്രനിലെത്തിക്കാനുള്ള ആലോചന. ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടതിന്റെ വിശകലന റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമചർച്ച നടക്കും. പരാജയത്തിനിടയാക്കിയ ഘടകങ്ങൾ മറികടക്കാൻ ലാൻഡറിന്റെ രൂപകൽപനയിൽ ഉൾപ്പെടെ മാറ്റം വരുത്തേണ്ടിവരും. ഇടിച്ചിറങ്ങേണ്ടി വന്നാലും ദൗത്യം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ പുതിയ ഘടകങ്ങൾ കൂട്ടിച്ചേർക്കാനുള്ള സാധ്യതയും ചർച്ചകളിലുണ്ട്.

chandrayaan-2-Landing-signal-earth

ലാൻഡർ മാത്രമാണ് അയയ്ക്കുന്നതെങ്കിൽ വിക്ഷേപണമുൾപ്പെടെ ചെലവു കുറയ്ക്കാനാകും. 1498 കിലോഗ്രാമാണു ചന്ദ്രയാൻ രണ്ടിലെ ലാൻഡറും റോവറും ചേർന്നുള്ള ഭാരം. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു ചന്ദ്രനിലെത്താനുള്ള ഇന്ധനം കൂടി ലാൻഡറിൽ കൂട്ടിച്ചേർക്കേണ്ടി വന്നാലും ഓർബിറ്ററിന്റെ 2379 കിലോ ഒഴിവാക്കാം.

എഫ്എസിയുടെ റിപ്പോർട്ടിനു ശേഷം പുതിയ പദ്ധതിയുടെ ഡിസൈൻ, സാമ്പത്തിക ചെലവ് എന്നിവയുടെ റിപ്പോർട്ട് പരിഗണനയ്ക്കായി തയാറാക്കുമെന്നാണു സൂചന. ഇതു കേന്ദ്രം അംഗീകരിച്ചാൽ ദൗത്യത്തിനുള്ള ഒരുക്കം തുടങ്ങും. ജപ്പാന്റെ സഹകരണത്തോടെ 2024 ൽ നടപ്പാക്കാനുദ്ദേശിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിന്റെ രൂപകൽപനയും ഈ പദ്ധതി വന്നാൽ മാറിയേക്കാം.

ഗഗൻയാൻ വൈകിയേക്കും

ചന്ദ്രനിൽ സുക്ഷിതമായി ലാൻഡർ ഇറക്കാനുള്ള ദൗത്യം പാളിയതിന്റെ കാരണങ്ങളിലേക്കുള്ള അന്വേഷണം നടത്തേണ്ടതിനാൽ, ബഹിരാകാശത്തേക്ക് ആളെ അയയ്ക്കാനുള്ള ഇസ്റോയുടെ ഗഗൻയാൻ വൈകിയേക്കും. 2022ൽ ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് ഉപയോഗിച്ച് ഗഗന സഞ്ചാരികളുടെ പേടകം വിക്ഷേപിക്കാനാണ് നേരത്തെ പദ്ധതിയിട്ടത്. 

ചന്ദ്രയാൻ-2: ഇസ്റോയെ സഹായിക്കാൻ നാസയും

ബെംഗളൂരു ∙ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്റോയോടൊപ്പം ശ്രമങ്ങളുമായി യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം കഴിഞ്ഞ 7ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിനിടെ സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു.

chandrayaan-2

നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടിയുടെ യുഎസിലെ കലിഫോർണിയ, സ്പെയിനിലെ മഡ്രിഡ്, ഓസ്ട്രേലിയയിലെ കാൻബറ എന്നിവിടങ്ങളിലെ ഡീപ് സ്പേസ് നെറ്റ് വർക്ക് ആന്റിനകളാണ് വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ നിരന്തരം റേഡിയോ തരംഗ സിഗ്നലുകൾ അയക്കുന്നത്. ഒരേ സമയം ഒന്നിലധികം കൃത്രിമ ഉപഗ്രഹങ്ങളുമായി സംവദിക്കാൻ കഴിവുള്ള കൂറ്റൻ ആന്റിനകളാണ് ഇവിടങ്ങളിലുള്ളത്. ബെംഗളൂരു പീനിയയിലെ ഇസ്റോ കേന്ദ്രമായി ഇസ്ട്രാക്ക് കഴിഞ്ഞ 7 ദിവസമായി ബയലാലുവിലെ ആന്റിന ഉപയോഗിച്ച് സിഗ്നൽ അയക്കുന്നതിനു പുറമെയാണിത്.

വിക്രം ലാൻഡറിലെ ബാറ്ററികൾക്കും സോളർ പാനലുകൾക്കും 14 ദിവസമേ ആയുസ്സുള്ളൂ. ഇതനുസരിച്ച് ഇനിയുള്ള 7 ദിവസം കൂടിയേ ലാൻഡറിനും അതിനുള്ളിലെ പ്രഗ്യാൻ റോവറിനും പ്രവർത്തിക്കാനാകൂ.

English Summary: ISRO's plan for new lander, having capacity for crash landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com