ADVERTISEMENT

ന്യൂഡൽഹി ∙ മോട്ടർ വാഹന നിയമഭേദഗതിപ്രകാരം കുത്തനെ ഉയർത്തിയ പിഴനിരക്കുകൾ സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും വീണ്ടുവിചാരം.

ഗുജറാത്തിനു പിന്നാലെ, കർണാടകയും ഗോവയും ഉൾപ്പെടെ ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തുവന്നതോടെ നിരക്കുകൾ കുറയ്ക്കുന്നതു സംബന്ധിച്ച് മന്ത്രാലയം നിയമോപദേശം തേടി.

ഒട്ടേറെ സംസ്ഥാനങ്ങൾ വ്യക്തത ആവശ്യപ്പെട്ടതിനാൽ തങ്ങളും നിയമോപദേശം തേടിയിരിക്കുകയാണെന്നാണു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് കേരള ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ അറിയിച്ചത്.

റോഡുകൾ നന്നാക്കും വരെ ഉയർന്ന നിരക്ക് ഈടാക്കില്ലെന്നു ഗോവ ഗതാഗതമന്ത്രി മൗവീൻ ഗോഡീഞ്ഞോ പറഞ്ഞു. അതേസമയം, അപകടകാരണം നല്ല റോഡുകളാണെന്നാണു കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കാർജോൾ പറഞ്ഞത്.

സംസ്ഥാനങ്ങൾക്കു സ്വന്തമായി തീരുമാനമെടുക്കാമെന്നും എന്നാൽ ഭവിഷ്യത്തുകൾ മറക്കരുതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 30 വർഷം മുൻപുള്ള നിരക്കുകളാണു കൂട്ടിയത്.

അന്നത്തെ 500 രൂപയ്ക്ക് ഇന്നത്തെ അരലക്ഷത്തിന്റെ മൂല്യമുണ്ട്. മറ്റു രാജ്യങ്ങളിൽ കർശന നിയമങ്ങൾ പാലിക്കാൻ ഇന്ത്യക്കാർക്കു മടിയില്ലെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com