ADVERTISEMENT

ന്യൂഡൽഹി ∙ തർക്ക‌ഭൂമിയത്രയും പ്രതിഷ്ഠയുടെ സ്വഭാവമുള്ളതാണെന്ന വാദം അംഗീകരിച്ചാൽ മറ്റാർക്കും ഭൂമിക്ക് അവകാശം ഉന്നയിക്കാൻ പറ്റാത്ത സ്ഥിതിയാകുമെന്ന് രാമജന്മഭൂമി – ബാബറി മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡ്, എം.സിദ്ദിഖ് എന്നീ ഹർജിക്കാർക്കു വേണ്ടി സുപ്രീം കോടതിയിൽ രാജീവ് ധവാൻ വാദിച്ചു.

പ്രതിഷ്ഠയെയും ജന്മസ്ഥാനത്തെയും കക്ഷികളാക്കി ഹർജികൾ നൽകിയിട്ടുള്ളത് 1989 ൽ മാത്രമാണെന്നും ധവാൻ വാദിച്ചു. പ്രതിഷ്ഠയ്ക്കു വേണ്ടി വാദിച്ച അഭിഭാഷകൻ, പുഴകളോടും മലകളോടും പ്രാർഥിക്കുന്നതിനെക്കുറിച്ചു പറഞ്ഞു. വേദകാലത്തു നിന്നുള്ള രീതികളാണിവ. സൂര്യനോടു പ്രാർഥിക്കുമ്പോഴും അതു തങ്ങൾക്ക് അവകാശപ്പെട്ട സ്ഥലമെന്ന് ആരും പറയില്ല.

ഭഗവാൻ രാമൻ സ്വയംഭൂവായെന്ന് ഹിന്ദുക്കൾ വാദിക്കുന്നു. ദൈവം സ്വയം ഒരിടത്ത് അവതരിച്ചുവെന്നാണ് അതിനർഥം. ധവാൻ ഇതു പറഞ്ഞപ്പോൾ, മക്കയും കഅബയും സ്വയംഭൂവാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ 5 അംഗ ബെഞ്ച് ചോദിച്ചു. ആ സ്ഥലങ്ങൾ അടിസ്ഥാനപരമായി പവിത്രമാണെന്ന് ധവാൻ മറുപടി നൽകി.

ജന്മസ്ഥാനം, രാമൻ ജനിച്ചത് അവിടെത്തന്നയോ തുടങ്ങിയ കാര്യങ്ങൾ ശരിയാണോ അല്ലയോ എന്നത് ഹിന്ദുമതപ്രകാരം മാത്രമല്ലേ പരിശോധിക്കാനാവൂ എന്നു കോടതി ചോദിച്ചു. മറുപടി പറയാൻ അസാധ്യമായ കാര്യങ്ങളാണ് കോടതി ചോദിക്കുന്നതെന്നു ധവാൻ പറഞ്ഞു.

ധവാനുശേഷം സുന്നി വഖഫ് ബോർഡിനുവേണ്ടി വാദിച്ച സഫർയാബ് ജിലാനി, 1934 ലെ കലാപത്തിനു ശേഷവും തർക്കസ്ഥലത്തു നിന്നു മുസ്‌ലിംകൾ പുറത്താക്കപ്പെട്ടിട്ടില്ലെന്നും മസ്ജിദിൽ പ്രാർഥന നടന്നിരുന്നുവെന്നും വാദിച്ചു. മന്ദിരത്തിനുണ്ടായ കേടുപാടുകൾ മാറ്റിയത് മുസ്‌ലിംകളാണ്. മന്ദിരം, മസ്ജിദ് ആയി മാത്രമേ ഉപയോഗിച്ചിട്ടുള്ളു. കെട്ടിടത്തിനുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരവും ലഭിച്ചിട്ടുണ്ടെന്നും ജിലാനി വാദിച്ചു. 16ന് വാദം തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com