ADVERTISEMENT

ന്യൂഡൽഹി ∙ നിർദിഷ്ട  പരിശീലന പദ്ധതിയിൽ വിവാദമായ ‘പ്രേരക്’ എന്ന പേര് കോൺഗ്രസ് ഉപേക്ഷിച്ചു. കോൺഗ്രസ് പ്രവർത്തകർക്കു പരിശീലനം നൽകാൻ ഇനി നിയമിക്കുന്നവർ സഹചാരികളായിരിക്കും.

പ്രവർത്തകർക്കു നിരന്തര പരിശീലനം നൽകാൻ പരിശീലന വിഭാഗം മേധാവി സച്ചിൻ റാവു തയാറാക്കിയ രൂപരേഖയിൽ പാർട്ടി അണികളെ ബോധവൽക്കരിക്കാൻ പ്രേരകുമാരെ നിയമിക്കാൻ നിർദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് ഉന്നത യോഗത്തിന്റെ പരിഗണനയ്ക്ക് ഇതു വന്നപ്പോൾ മുതിർന്ന ചില അംഗങ്ങൾ വിയോജിപ്പു പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ആർഎസ്എസിന്റെ പ്രചാരകരുമായി പ്രേരകുമാർ കൂട്ടിവായിക്കപ്പെടുമെന്ന തരത്തിൽ അഭിപ്രായങ്ങളുണ്ടായി.

തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടാണ് ആ വാക്കു വേണ്ടെന്നുവച്ചത്. ഇത് പുതിയ ഇന്ത്യയാണെന്നും സന്ദേശങ്ങൾ വ്യക്തവും കൃത്യവുമായിരിക്കണമെന്നും സോണിയ സൂചിപ്പിച്ചു. അല്ലാത്ത പക്ഷം വളച്ചൊടിക്കപ്പെടും. കോൺഗ്രസ് എതിരാളികളുടെ പാത പിന്തുടരുന്നതായി വ്യാഖ്യാനിക്കപ്പെടാൻ പാടില്ല. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇതുപയോഗിക്കും.

സംസ്ഥാന പിസിസികൾ കണ്ടെത്തുന്ന ഇത്തരം പരിശീലകർ പാർട്ടി നയങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും അണികളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്തും. ഡിസിസികൾ ആസ്ഥാനമാക്കിയാവും പ്രവർത്തനം. 

കോൺഗ്രസ് ഭരണം മാതൃകയാകണം: സോണിയ

ന്യൂഡൽഹി ∙ കോൺഗ്രസിന് അധികാരമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം പാർട്ടി പ്രസിഡന്റ് സോണിയാ ഗാന്ധി വിളിച്ചു ചേർത്തു. ക്യാപ്റ്റൻ അമരീന്ദർസിങ് (പഞ്ചാബ്), അശോക് ഗെലോട്ട് (രാജസ്ഥാൻ), കമൽനാഥ് (മധ്യപ്രദേശ്), ഭൂപേഷ് ബാഗൽ (ഛത്തീസ്ഗഡ്), വി. നാരായണസാമി (പുതുച്ചേരി) എന്നിവരും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും (രാജസ്ഥാൻ) പങ്കെടുത്തു.

സംസ്ഥാനങ്ങൾ മികച്ച ഭരണ മാതൃകകളാക്കാനുള്ള പദ്ധതികളാണു ചർച്ച ചെയ്തത്. സുസ്ഥിരവും സുതാര്യവുമായ ഭരണത്തിന് മാതൃകകളാകണമെന്ന് സോണിയ നിർദേശിച്ചു. പിസിസി അധ്യക്ഷന്മാരും എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവരും പങ്കെടുത്തു. നേരത്തെ വടക്കു കിഴക്കൻ സംസ്ഥാന അധ്യക്ഷന്മാരുടെ യോഗവും നടന്നിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഈ യോഗത്തിൽ പങ്കെടുത്തു. പൗര റജിസ്റ്റർ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com