ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക സ്ഥിതിയുടെ ദുരവസ്ഥ കണക്കിലെടുത്താൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയെന്നത് എത്തിപ്പിടിക്കാനാവാത്ത സ്വപ്നമാണെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്. കഴിഞ്ഞ ദിവസം കോൺഗ്രസ് ഉന്നത നേതാക്കളുടെ യോഗത്തിലാണ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

2018–19 ൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥ 2.70 ലക്ഷം കോടി ഡോളറിന്റെ അടുത്തായിരുന്നു. 2024 ൽ 5 ലക്ഷം കോടിയിലെത്തണമെങ്കിൽ കുറഞ്ഞത് 9% യഥാർഥ വളർച്ച മുതൽ 12% വരെയുള്ള നാമമാത്ര വളർച്ചയെങ്കിലും വേണം. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇതുണ്ടാവാനുള്ള സാധ്യത വിരളമാണ്.

സാമ്പത്തിക സ്ഥിതി തകർന്നു എന്നു സർക്കാർ അംഗീകരിക്കുകയും ഗ്രാമീണ മേഖലകളിലും മറ്റും ആവശ്യം വർധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. 2008 ൽ സമാന സ്ഥിതി നേരിട്ടപ്പോൾ തന്റെ സർക്കാർ അതിനെ ഒരു അവസരമാക്കി മാറ്റി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണു ചെയ്തത്.

യുഎസ്– ചൈന വാണിജ്യ പ്രശ്നങ്ങളടക്കമുള്ള സാഹചര്യങ്ങളെ മുതലെടുക്കാനുള്ള നടപടികളൊന്നും കേന്ദ്രസർക്കാർ എടുക്കുന്നില്ല. നിക്ഷേപങ്ങൾ ഉയരുന്നില്ല. ഓട്ടമൊബീൽ വ്യവസായം വിലപിക്കുകയാണ്. ഇപ്പോഴത്തെ നില തുടർന്നാൽ 10 ലക്ഷം പേർക്കെങ്കിലും ആ മേഖലയിൽ തൊഴിൽ നഷ്ടപ്പെടും. വരുമാന വളർച്ച തുടർച്ചയായി കുറഞ്ഞാൽ അത് കൂടുതൽ തൊഴിലവസരങ്ങളുണ്ടാവുന്നതിനെ ബാധിക്കുമെന്നു കേന്ദ്രസർക്കാർ തിരിച്ചറിയണമെന്നും മൻമോഹൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com