ADVERTISEMENT

ഇസ്‌ലാമാബാദ് ∙ കശ്മീർ വിഷയം നേരിട്ട് രാജ്യാന്തര കോടതി (ഐസിജെ) യിലേക്കു കൊണ്ടുപോകാനുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നീക്കത്തിനു പാക്ക് നിയമമന്ത്രാലയത്തിന്റെ തിരുത്ത്. രാജ്യാന്തര കോടതിയിൽ കശ്മീർ വിഷയം താൻ ഉന്നയിക്കുമെന്ന് ഇമ്രാൻ പറഞ്ഞതിനു പിന്നാലെയാണ് പാക്ക് നിയമമന്ത്രാലയം തന്നെ അതിനു വകുപ്പില്ലെന്നു വ്യക്തമാക്കിയത്.

പ്രധാനമന്ത്രിക്കു കശ്മീർ വിഷയം യുഎൻ പൊതുസഭയിലോ രക്ഷാസമിതിയിലോ ഉന്നയിക്കാം. തുടർന്ന്, ആ വഴിയിലൂടെ രാജ്യാന്തര കോടതിയിലേക്കും കൊണ്ടുവരാം. അല്ലാതെ നേരിട്ട് രാജ്യാന്തര കോടതിയിൽ വിഷയം ഉന്നയിക്കാൻ സാധ്യമല്ല–പാക്ക് നിയമമന്ത്രാലയം വ്യക്തമാക്കി. കശ്മീർ പ്രശ്നം രാജ്യാന്തര കോടതി മുൻപാകെ ഉന്നയിക്കാനുള്ള മാനദണ്ഡത്തെക്കുറിച്ചുള്ള പാക്ക് സർക്കാരിന്റെ അന്വേഷണത്തെ തുടർന്നാണ് നിയമമന്ത്രാലയം വിശദീകരണം നൽകിയത്.

പാക്ക് അധീനത കശ്മീരിൽ വെള്ളിയാഴ്ച നടന്ന റാലിയിൽ പങ്കെടുത്തു പ്രസംഗിച്ച ഇമ്രാൻ ഖാൻ കശ്മീർ വിഷയം അടുത്തയാഴ്ച യുഎൻ പൊതു സഭയിൽ താൻ ഉന്നയിക്കുമെന്നു വ്യക്തമാക്കി. ‘ഞാൻ കശ്മീർ ജനതയെ നിരാശപ്പെടുത്തുകയില്ല’– ഇമ്രാൻ പറഞ്ഞു.

47ൽ 58 രാജ്യങ്ങളും ഞങ്ങൾക്കൊപ്പം!

ഇസ്‌ലാമാബാദ് ∙ കശ്മീരിലെ വിലക്കുകൾ പിൻവലിക്കാനും ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇന്ത്യയോട് ആവശ്യപ്പെടുന്ന പാക്കിസ്ഥാനോടും രാജ്യാന്തര സമൂഹത്തോടുമൊപ്പമാണ് യുഎൻ മനുഷ്യാവകാശ സമിതിയിലെ 58 രാജ്യങ്ങളുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. എന്നാൽ, യുഎൻ മനുഷ്യാവകാശ സമിതിയിൽ ആകെ 47രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്.

യുഎൻ പ്രമേയമനുസരിച്ച് കശ്മീർ പ്രശ്നം പരിഹരിക്കണമെന്നും ജനങ്ങളുടെ മേലുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്നുമുള്ള നിലപാടിൽ പാക്കിസ്ഥാനോടൊപ്പം യുഎൻ മനുഷ്യാവകാശ സമിതിയിലെ 58 രാജ്യങ്ങളും നിന്നെന്നാണ് ഇമ്രാൻ ഖാന്റെ ആദ്യ ട്വീറ്റ്. ‘യുഎൻ രക്ഷാസമിതിയുടെ പ്രമേയം, രാജ്യാന്തര നിയമം എന്നിവ അനുസരിച്ച് കശ്മീർ പ്രശ്നം പരിഹരിക്കണമെന്നുള്ള യൂറോപ്യൻ യൂണിയന്റെ ആഹ്വാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു’ എന്ന് രണ്ടാമത് ട്വീറ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com